രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരായി ഉയര്‍ന്ന ലൈംഗിക അധിക്ഷേപ പരാതികളില്‍ പരാതിക്കാരെ അപമാനിച്ചും സ്ത്രീകളെ ആക്ഷേപിച്ചും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സജി മഞ്ഞക്കടമ്പില്‍. ആരെങ്കിലും ഫോണില്‍ കൂടി കെട്ടിക്കോളാമെന്ന് പറഞ്ഞാല്‍ അനന്തരക്രിയ പോയി നടത്തുകയല്ല വേണ്ടതെന്ന് വാര്‍ത്താസമ്മേളനത്തില്‍ സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു. രാഹുല്‍ എംഎല്‍എ ആകുന്നതിന് മുന്‍പ് നടന്ന കാര്യമാണ് ആളുകള്‍ പറയുന്നതെന്നും രണ്ട് വര്‍ഷം കാത്തിരുന്ന ശേഷമല്ല പറയേണ്ടതെന്നും സജി പരിഹസിക്കുന്നു. പെണ്‍കുട്ടികളുടെ വസ്ത്രധാരണമാണ് ലൈംഗിക അതിക്രമങ്ങള്‍ക്ക് കാരണമെന്ന വികലമായ കാഴ്ചപ്പാടും സജി വാര്‍ത്താസമ്മേളനത്തില്‍ ആവര്‍ത്തിക്കുന്നുണ്ട്.
വാര്‍ത്താസമ്മേളനത്തിലെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ... 'പണ്ട് പീഡിപ്പിച്ചു, വിവാഹവാഗ്ദാനം നല്‍കിയാണ് പീഡിപ്പിച്ചത്. ആരെങ്കിലും ഫോണില്‍ കൂടി ചാറ്റ് ചെയ്ത് ഞാന്‍ കെട്ടിക്കോളാമെന്ന് പറഞ്ഞാല്‍ അന്നേരം തന്നെ അനന്തരക്രിയ നടത്തുകയല്ല വേണ്ടത്. അതെല്ലാവരും ശ്രദ്ധിക്കുക.
എനിക്ക് രണ്ട് പെണ്‍മക്കളുള്ളതാ. അവരോടും കൂടിയാണ്. നമ്മള്‍ കാര്‍ന്നോമ്മാര് കുറേ ശ്രദ്ധിക്കണം. പെമ്പിള്ളേര് സാമാന്യ മര്യാദയുള്ള ഡ്രസൊക്കെ ഇടണം. എന്‍റെ മകളോ, ഞാനുമായി അടുപ്പമുള്ള, എനിക്ക് ശാസിക്കാന്‍ അധികാരമുള്ള പിള്ളാരാണെങ്കില്‍ ഒരു ദിവസമേ അല്ലാത്ത ഡ്രസുകള്‍ ഉടുക്കൂ. പിന്നെ ഇടുകേല. ഇടാതിരിക്കാനുള്ള വഴി ഞാന്‍ ചെയ്യണം.നമ്മള്‍ പിള്ളാരെ അഴിച്ചുവിട്ടാല്‍ ഇതൊക്കെ സംഭവിക്കും. സിനിമയാന്നും പറഞ്ഞ് കുറേപ്പേരുണ്ട്.
സിനിമയില്‍ അഭിനയിക്കാനെന്നും പറഞ്ഞ് പല അഭ്യാസങ്ങളും കാണിക്കാറുണ്ട്. പക്ഷേ സിനിമയില്‍ അഭിനയിക്കുമ്പോള്‍ ആരെങ്കിലും അപമാനിച്ചാല്‍ അപ്പോഴേ പ്രതികരിക്കുകയും ആ നിമിഷം തന്നെ നിയമപരമായി നീങ്ങുകയും ചെയ്യണം. ഏതോ ഒരു പെങ്കൊച്ച് പറയുവാ, രാഹുല്‍ ഫോണില്‍ വിളിച്ചു, സംസാരിച്ചു. അതിന് ശേഷം എന്നെ പീഡിപ്പിച്ചു കഴിഞ്ഞ് പറയുന്നു, എനിക്ക് നിന്നെ കെട്ടാന്‍ മേല എന്ന്'... രണ്ട് വര്‍ഷം മുന്‍പത്തെ കാര്യമാ ഇപ്പോള്‍ പറയുന്നത്. അയാള്‍ എംഎല്‍എ ആകുന്നതിന് മുന്‍പ് നടന്ന കാര്യമാണത്.
നടന്ന കാര്യത്തെ കുറിച്ച് ആരോപണം ഉന്നയിക്കാം. എന്നാല്‍ ഉന്നയിക്കുന്ന കാര്യം തെറ്റാണെന്ന് തെളിഞ്ഞാല്‍ ഉന്നയിച്ചവരെ കൂടി ജയിലില്‍ അടയ്ക്കാനുള്ള നടപടി വേണം. വാളെടുക്കുന്നവരെല്ലാം വെളിച്ചപ്പാടെന്ന സ്ഥിതിയാണിപ്പോള്‍. എല്ലാവരും ആരോപണം ഉന്നയിക്കുകയാണ്. സത്യസന്ധമായ ആരോപണങ്ങളില്‍ സത്യസന്ധമായ അന്വേഷണം വേണം'.