നികുതി അടക്കാത്തതിനുള്ള പിഴ ഒഴിവാക്കി കൊടുക്കാന്‍ ജിഎസ്ടി വകുപ്പിലെ ഉന്നതര്‍ക്കുവേണ്ടി ഇടനിലക്കാരന്‍ ലക്ഷങ്ങള്‍ കോഴ വാങ്ങി എന്ന പരാതിയില്‍ സര്‍ക്കാരിന്റെ അന്വേഷണം. മുഖ്യമന്ത്രിക്ക്, കാസര്‍കോട്ടെ കരിയോയില്‍ കമ്പനി, ഉദ്യോഗസ്ഥരുടെ പേരടക്കം കൊടുത്ത പരാതിയില്‍ അന്വേഷണം നടത്താന്‍ ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ധനമന്ത്രി കെ.എന്‍ ബാലഗോപാലിന് ലഭിച്ച പരാതിയില്‍ ധനവകുപ്പും അന്വേഷണം നടത്തുന്നു. കൊച്ചിയിലെ ജി.എസ്.ടി ഇന്റലിജന്‍സ് ഓഫീസര്‍ ആയിരുന്ന ഉദ്യോഗസ്ഥനടക്കം അഞ്ച് പേര്‍ക്കെതിരെയാണ് അന്വേഷണം.
കാസര്‍കോട്ടെ 'പെട്രോലിവ് പെട്രോളിയംസ്' എന്ന കമ്പനിയുടെ രണ്ട് ലോറികള്‍ ഉപയോഗിച്ച് ഓയില്‍ കടത്തുന്നതിനിടെ 2024 നവംബറില്‍ ജിഎസ്ടി ഉദ്യോഗസ്ഥര്‍ കൊച്ചിയില്‍ പിടിച്ചിരുന്നു. ആദ്യത്തെ ലോറിക്ക് 6 ലക്ഷം, രണ്ടാമത്തെ ലോറിക്ക് 7 ലക്ഷവും പിഴയിട്ടു. പിന്നാലെ, പിഴ ഒഴിവാക്കി ലോറികള്‍ വിട്ടുനല്‍കാന്‍ കൊച്ചിയിലെ ജിഎസ്ടി ഇന്റലിജന്‍സ് ഓഫിസറായിരുന്ന, നിലവില്‍ ഡെപ്യൂട്ടി കമ്മിഷണറായ ബൈജു സക്കറിയയുടെ നേതൃത്വത്തിലുള്ള അഞ്ച് ഉദ്യോഗസ്ഥര്‍ കോഴ ആവശ്യപ്പെട്ടു എന്നാണ് കമ്പനിയുടെ ആരോപണം.
ശിവസേനയുടെ മുന്‍ സംസ്ഥാന ഭാരവാഹിയായ ടി.ആര്‍.വാസുദേവന്‍ എന്നയാള്‍ കമ്പനി അധികൃതരെ സമീപിച്ച് ഉദ്യോഗസ്ഥര്‍ക്കായി 5 ലക്ഷം രൂപ ആവശ്യപ്പെട്ടു. ഇതില്‍ രണ്ട് ലക്ഷം ഇടനിലക്കാരനായ വാസുദേവന് കഴിഞ്ഞ ഡിസംബര്‍ 12നും ജനുവരി 28നും ഇടയിലുള്ള തീയതികളില്‍ ഗൂഗിള്‍ പേ വഴി നല്‍കി. ഇതിന്റെ രേഖകളും പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്. ഇതിന് പുറമേ 65000 രൂപ പണമായി നല്‍കിയെന്നും പരാതിയില്‍ പറയുന്നു.
കൈക്കൂലി നല്‍കിയിട്ടും കമ്പനിക്ക് വന്‍തുക പിഴ ചുമത്തി. തുടര്‍ന്ന് ജിഎസ്ടി കമ്മിഷണര്‍ക്ക് പരാതി നല്‍കുകയായിരുന്നു. അതില്‍ അന്വേഷണം ഉണ്ടാകാത്ത സാഹചര്യത്തിലാണ് കഴിഞ്ഞ 24ന് മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും പരാതി നല്‍കിയത്. മുഖ്യമന്ത്രി പരാതി തുടര്‍ നടപടികള്‍ക്കായി ആഭ്യന്തര അഡീഷനല്‍ ചീഫ്‌സെക്രട്ടറിക്ക് കൈമാറി. ഇടനിലക്കാരനായ രാഷ്ട്രീയ നേതാവിനെ കണ്ടു എന്ന് ആരോപണ വിധേയനായ ഇന്റലിജന്‍സ് ഓഫിസര്‍ സമ്മതിച്ചിട്ടുണ്ട്. പക്ഷെ വന്ന് കണ്ടപ്പോള്‍ നിയമപരമായ മാര്‍ഗത്തില്‍ പോകാനും എത്രയും വേഗം പിഴയൊടുക്കാനും പറഞ്ഞുവെന്നാണ് ഉദ്യോഗസ്ഥന്റ വിശദീകരണം.