ramesh-chennithala

അനെര്‍ട്ട് നടപ്പാക്കിയ പിഎം കുസും പദ്ധതിയിലെ അഴിമതി സിഇഒ നരേന്ദ്രനാഥ് വെല്ലൂരിയെ നീക്കിയതുകൊണ്ട് അവസാനിക്കില്ലെന്ന് രമേശ് ചെന്നിത്തല എംഎല്‍എ. ക്രമക്കേടുകളില്‍ വിജിലന്‍സും നിയമസഭാസമിതിയും അന്വേഷിക്കണം. വേലൂരിക്കെതിരെ മുന്‍പും അഴിമതി ആരോപണം ഉയര്‍ന്നിട്ടുണ്ട്. അച്ചടക്കനടപടിക്ക് ശുപാര്‍ശയും വന്നിട്ടുണ്ട്. ആ ഫയല്‍ മൂന്നുവര്‍ഷം കൊണ്ട് 188 തവണയാണ് ഉദ്യോഗസ്ഥരുടെയും മന്ത്രിമാരുടെയും മേശപ്പുറത്ത് നിരങ്ങിയതെന്നും ചെന്നിത്തല ആരോപിച്ചു.

‘നൂറുകണക്കിന് കോടി രൂപയുടെ അഴിമതിയാണ് അനർട്ടിൽ നടന്നത്. ആരോപണ വിധേയനായ വേലൂരിയെ കാലങ്ങളായി രണ്ടു മന്ത്രിമാരും ഭരണത്തിലെ ഉന്നതരും ചേർന്ന് സംരക്ഷിച്ചുവരികയാണ്. വേലൂരി വനം വകുപ്പില്‍ ജോലി ചെയ്യുമ്പോള്‍ നടപ്പാക്കിയ പദ്ധതികളില്‍ ക്രമക്കേട് കണ്ടെത്തിയതിനെത്തുടര്‍ന്ന് 2022ലാണ് അച്ചടക്ക നടപടി ശുപാര്‍ശ ചെയ്തത്.’ എന്നാല്‍ ചരിത്രത്തിലില്ലാത്ത വണ്ണം ആ ഫയല്‍ 188 തവണയാണ് മന്ത്രിയും സെക്രട്ടറിയും അടക്കമുള്ള ഉദ്യോഗസ്ഥരുടെ മേശകളില്‍ മാറിമാറി സഞ്ചരിച്ചതെന്ന് ചെന്നിത്തല പറഞ്ഞു.

‘അന്ന് വനം, ഊര്‍ജവകുപ്പുകളുടെ സെക്രട്ടറിയായിരുന്ന ജ്യോതിലാല്‍ ഈ ഫയല്‍ പലവട്ടം കണ്ടതാണ്. വനംമന്ത്രി ശശീന്ദ്രന്റെ അടുത്തും എത്തിയതായി രേഖയുണ്ട്. ഒരു നടപടിയും ഉണ്ടായില്ലെന്നു മാത്രമല്ല, അനര്‍ട്ട്, ഹൈഡല്‍ ടൂറിസം പോലുള്ള പ്രധാനപദ്ധതികളുടെ തലപ്പത്ത് വേലൂരി എത്തി.’ വനംവകുപ്പിന്റെ നടപടി നേരിടുന്നതിനിടെ ജ്യോതിലാല്‍ തന്നെ സെക്രട്ടറിയായിരുന്ന ഊര്‍ജവകുപ്പിന്റെ ഉന്നതസ്ഥാനത്ത് വേലൂരി എങ്ങനെ എത്തി എന്നതും അന്വേഷിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.

വൈദ്യുതിമന്ത്രി കൃഷ്ണന്‍കുട്ടിയുടെ വിശ്വസ്തനായി മാറിയ വേലൂരിക്കെതിരെ അനര്‍ട്ടിലെ ക്രമക്കേടുകളുടെ പേരില്‍ വൈദ്യുതിവകുപ്പ് ഒരു അന്വേഷണവും നടത്തിയില്ല. ഇതേ മന്ത്രിയുടെ അടുത്ത ബന്ധു സെക്രട്ടറിയായിരിക്കുന്ന പൊതുഭരണവകുപ്പിലാണ് അച്ചടക്കനടപടി ശുപാര്‍ശയുടെ ഫയല്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി കിടന്നുകറങ്ങുന്നതെന്നും ചെന്നിത്തല ആരോപിച്ചു. ഇക്കാര്യങ്ങളില്‍ സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയ്ക്ക് സ്വകാര്യതാവിഷയം ചൂണ്ടിക്കാട്ടി സർക്കാർ മറുപടി നല്‍കാൻ വിസമ്മതിക്കുകയും ചെയ്തു.

സർക്കാർ ഈ സംരക്ഷണം അവസാനിപ്പിച്ച് ക്രമക്കേടുകാട്ടിയ ഉദ്യോഗസ്ഥനെതിരെ അച്ചടക്കട നടപടി സ്വീകരിക്കണം. അഴിമതികളെക്കുറിച്ച് വിശദമായ വിജിലൻസ് അന്വേഷണം നടത്തണം. മന്ത്രിമാരുടെ പങ്കിനെക്കുറിച്ച് നിയമസഭാസമിതിയെ കൊണ്ട് അന്വേഷിപ്പിക്കണം - രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ENGLISH SUMMARY:

ANERT scam centers on allegations of corruption within the PM Kusum scheme. Ramesh Chennithala demands a thorough investigation into the irregularities and the involvement of officials and ministers.