പത്തനംതിട്ടയിൽ അച്ചൻകോവിൽ ആറ്റിൽ ഒഴുക്കിൽപ്പെട്ട ഒരു വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. രണ്ടാമത്തെ ആൾക്കായി തിരച്ചിൽ തുടരുന്നു. മർത്തോമ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി അജ്‌സൽ അജിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. സഹപാഠി നബീൽ നിസാമിനായി തിരച്ചിൽ തുടരുന്നു. 

പരീക്ഷ കഴിഞ്ഞ് ഉച്ചയ്ക്ക് ഒരു മണിയോടെ ആറ്റിൽ കുളിക്കാൻ എത്തിയതായിരുന്നു കുട്ടികൾ. ഏഴോളം കുട്ടികളാണ് സംഘത്തിലുണ്ടായിരുന്നത്. ഇതിൽ ഒരാൾ കാൽ വഴുതി വെള്ളത്തിലേക്ക് വീഴുകയും, ഒപ്പമുണ്ടായിരുന്നയാൾ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഇരുവരും ഒഴുക്കിൽപ്പെടുകയുമായിരുന്നു. അപകടം കണ്ട് മറ്റു കുട്ടികൾ ഭയന്ന് ഓടിപ്പോയി. ഇവരുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തി ഫയർ ഫോഴ്സിനെ വിവരമറിയിച്ചു.

ശക്തമായ അടിയൊഴുക്കും ചുഴിയുമുള്ള സ്ഥലത്താണ് അപകടം നടന്നതെന്ന് നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലെ മഴയെ തുടർന്ന് ആറ്റിൽ വലിയ ഒഴുക്കുണ്ടായിരുന്നു. അതിനാൽ, നീന്തൽ അറിയുന്നവർക്കുപോലും ഈ ഭാഗത്ത് ഇറങ്ങുന്നത് അപകടകരമാണ്. രണ്ടാമത്തെ കുട്ടിക്കായുള്ള തിരച്ചിൽ ഫയർ ഫോഴ്സും സ്കൂബ സംഘവും ചേർന്ന് തുടരുകയാണ്.

ENGLISH SUMMARY:

Pathanamthitta River Accident: A student's body has been recovered from the Achankovil River in Pathanamthitta, and the search continues for the second missing student. The incident occurred after the students went for a swim in the river after their exams.