ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന ടാഗ് ലൈന്‍ തന്നെ വളരെയധികം സ്പര്‍ശിച്ചതായി പരസ്യചിത്ര സംവിധായകന്‍ പ്രകാശ് വര്‍മ്മ. ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായി ക്യാംപെയിന്‍ ചെയ്യാന്‍ അവസരം ലഭിച്ചാല്‍ ചെയ്യുമോ എന്ന ചോദ്യത്തിന്, ഒരു പ്രത്യേക പാര്‍ട്ടിയായിട്ടും ക്യാംപെയിന്‍ ചെയ്യാനുള്ള സാഹചര്യം വന്നിട്ടില്ലെന്നും എന്നാല്‍ വന്നാല്‍ അപ്പോള്‍ ചിന്തിക്കും. അതനുസരിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം മനോരമന്യൂസ് കോണ്‍ക്ലേവ് വേദിയില്‍ പറഞ്ഞു.

വൈറലായ വിന്‍സ്മേരയുടെ പരസ്യ ചിത്രത്തെക്കുറിച്ചും പരസ്യചിത്ര സംവിധായകന്‍ എന്ന നിലയിലുള്ള തന്‍റെ ജീവിതത്തെ കുറിച്ചും പ്രകാശ് വര്‍മ്മ തുറന്ന് സംസാരിച്ചു. വിന്‍സ്മേരയുടെ പരസ്യചിത്രത്തില്‍ സൂക്ഷ്മമായി നോക്കിയാല്‍ മോഹന്‍ലാലിന്‍റെ കണ്ണില്‍ നനവ് കാണാം. അത് ഒരു നടന്‍ ആ സീന്‍ അനുഭവിക്കുന്ന നിമിഷമാണ്. വളരെ അപൂര്‍വമായിട്ടുമാത്രമേ അത്തരം രംഗങ്ങളുണ്ടാകൂ. അത്തരമൊന്നായിരുന്നു വിന്‍സ്മേരയുടെ പരസ്യ ചിത്രമെന്നും അദ്ദേഹം പറയുന്നു. ഏത് സ്ത്രീക്കുള്ളിലും പൗരുഷമുണ്ടാകും. അത് മനോഹരമാണ്. അതുപോലെ തന്നെ  പുരുഷനുള്ളിലും സ്ത്രൈണ ഭാവമുണ്ടാകും അതും മനോഹരമാണ്. പലയിടത്തും ആ ‘ഫ്ലുയിഡിറ്റി’ കാണാനാകുമെന്നും താന്‍ അത് പലതവണ കണ്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നമ്മളെല്ലാം കഥകളുള്ള മനുഷ്യരാണ്, വികാരങ്ങള്‍ കൊണ്ടുവന്നാല്‍ അത് വിജയിച്ചാല്‍ അത് എക്കാലവും നമ്മുടെ മനസില്‍ നില്‍ക്കും. വികാരങ്ങള്‍ എന്നത് ലോകത്തിന്‍റെ ഭാഷയാണ്. ആശയവിനിമയത്തിന്‍റെ ആത്മാവാണതെന്നും പ്രകാശ് വര്‍മ്മ പറഞ്ഞു. താനും തികച്ചും ഇമോഷണലായ വ്യക്തിയാണെന്നും സെന്‍സിറ്റീവാണെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും തുടരും സിനിമയിലെ ജോര്‍ജിനോളം ക്രൂരനല്ലെന്നും അദ്ദേഹം തമാശ രൂപേണ പറ‍ഞ്ഞു.

തന്‍റെ ജീവിതം നിറയെ അദ്ഭുതങ്ങളാണെന്നും അദ്ഭുതങ്ങളില്‍ വിശ്വസിക്കുന്നയാളാണ് താനെന്നും പ്രകാശ് വര്‍മ്മ പറയുന്നു. അത് ആസ്വദിച്ച് മുന്നോട്ടു പോകുന്നു. പ്രകാശ് വര്‍മ്മ ഒരു ബ്രാന്‍ഡാണെങ്കില്‍ അതിന്‌ ക്യാപ്ഷന്‍ ‘ആരും കൊതിച്ചുപോകും’ എന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ENGLISH SUMMARY:

The tagline Operation Sindoor itself was deeply moving, said ad filmmaker Prakash Varma. When asked whether he would campaign for a political party if given the chance, he replied that so far such a situation has not arisen with any particular party, but if it does, he will think about it and act accordingly. He was speaking at the Manorama News Conclave.