നടുറോഡില്‍ ആക്രോശവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകന്‍ മാധവ് സുരേഷും കോണ്‍ഗ്രസ് നേതാവ് വിനോദ് കൃഷ്ണയും. തിരുവനന്തപുരം ശാസ്തമംഗലത്ത് ഇന്നലെ രാത്രി പാര്‍ക്കിങ്ങിനെ ചൊല്ലിയായിരുന്നു തര്‍ക്കം. മദ്യപിച്ചിട്ടുണ്ടെന്ന വിനോദ് കൃഷ്ണയുടെ പരാതിയില്‍ മാധവ് സുരേഷിനെ പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി പരിശോധനയ്ക്ക് വിധേയനാക്കിയെങ്കിലും തെളിയിക്കാനായില്ല.
സ്ഥലം തിരുവനന്തപുരം ശാസ്തമംഗലം. സമയം രാത്രി 10.45. മന്ത്രി പുത്രനും കോണ്‍ഗ്രസ് നേതാവും തമ്മില്‍ നടു റോഡില്‍ തര്‍ക്കം. ഒരു വശത്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകന്‍ മാധവ് സുരേഷ്. മറുവശത്ത് കോണ്‍ഗ്രസ് നേതാവ് വിനോദ് കൃഷ്ണ. വിനോദ് കൃഷ്ണയുടെ വണ്ടിയുടെ മുന്‍വശത്ത് മാധവ് സുരേഷ് തന്‍റെ വാഹനം പാര്‍ക്ക് ചെയ്തു. ഇതേതുടര്‍ന്നുള്ള വാക്ക് തര്‍ക്കം ഒടുവില്‍ വാഹനം തടയുന്നതിലേക്ക് വരെ എത്തി. വിനോദ് കൃഷ്ണയുടെ വണ്ടിക്ക് വട്ടം ചാടി പൊലീസിനെ വിളിക്കൂ എന്ന് ആക്രോശിച്ച് ബോണറ്റില്‍ ഇടിച്ച് മാധവ് സുരേഷിന്‍റെ ഷോ.
തുടര്‍ന്ന് പൊലീസിനെ വിളിച്ച വിനോദ് കൃഷ്ണ മാധവ് സുരേഷ് മദ്യപിച്ചിട്ടുണ്ടെന്ന് ആരോപിച്ചു. മ്യൂസിയം പൊലീസെത്തി മാധവിനെ പൊലീസ് വാഹനത്തില്‍ കയറ്റി സ്റ്റേഷിനിലേക്ക് കൊണ്ട് പോയി . ബ്രത്തലൈസര്‍ പരിശോധനയില്‍ മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞു. വിനോദ് കൃഷ്ണ പരാതിയില്ലെന്ന് അറിയിച്ചതോടെ മന്ത്രി പുത്രനെ പൊലീസ് വിട്ടയച്ചു.