പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള ആരോപണങ്ങള്‍ക്ക് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷനായ ഷാഫി പറമ്പിലിനോട് ചോദ്യങ്ങളുമായി പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായിരുന്ന സിപിഎം നേതാവ് പി.സരിന്‍. രാഹുലിന്‍റെ സെക്ഷ്വൽ ഒഫൻസുകളെക്കുറിച്ച് അന്നത്തെ യൂത്ത് കോൺഗ്രസ് അധ്യക്ഷനായിരുന്ന ഷാഫി പറമ്പിലിന് രേഖാമൂലം എന്തെങ്കിലുമൊക്കെ പരാതികൾ കിട്ടിയിരുന്നോ എന്നാണ് സരിന്‍റ ചോദ്യം. കിട്ടിയിരുന്നില്ലെങ്കില്‍ പരാതികള്‍ ലഭിച്ചിരുന്നതിന്‍റെ കഥകൾ പറയാൻ ഞാൻ ഒന്നുകൂടി നിങ്ങളുടെ മുമ്പിലേക്ക് വരാമെന്നാണ് സരിന്‍ പറയുന്നത്.
രാഹുലിന്‍റെ പ്രശ്നത്തിന് ശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ വിളിച്ച് കരഞ്ഞെന്നും പേര് വെളിപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ടെന്നും സരിന്‍. യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷനായി തനിക്ക് ശേഷം അരിയിട്ടു വാഴിക്കാൻ ഈ ഒരാൾ മാത്രമാണ് ആ പ്രസ്ഥാനത്തിൽ ഉള്ളൂ എന്ന് ഷാഫി തിരഞ്ഞെടുത്തത് ഏത് മെറിറ്റിന്റെ അടിസ്ഥാനത്തിൽ ആണെന്നും സരിന്‍ ചോദിക്കുന്നുണ്ട്.
സരിന്‍റെ വാക്കുകള്‍
പ്രിവിലേജ്ഡ് ആയിട്ടുള്ള യൂത്ത് കോൺഗ്രസുകാർ ആവുക എന്ന് പറഞ്ഞു കഴിഞ്ഞാൽ തന്നെ കേരളത്തിൽ മാധ്യമ ശ്രദ്ധ തന്നെ താനെ കിട്ടും. കാരണം അപ്പുറത്ത് നിൽക്കുന്നത് ഇടതുപക്ഷമാണ്, സിപിഎം ആണ്. അവരുടെ ചുറുചുറുക്കുള്ള ഒരു നേതൃനിരയായ ഡിവൈഎഫ്ഐയെ എങ്ങനെയും താറടിച്ചു കാണിക്കാൻ പറ്റുന്ന ഏതൊരു അവസരവും ഒപ്പം ഡിജിറ്റൽ യുഗത്തിന്റെ സാധ്യതകളും ഒക്കെ ഉപയോഗപ്പെടുത്തുമ്പോൾ ആ പളപളപ്പിൽ അങ്ങ് വീണുപോകുന്നത് ആണ് പൊതുജീവിതം, എന്ന് ധരിച്ചു വെച്ചിരിക്കുന്ന കുറെ ആളുകളുണ്ട്. കൊണ്ടുനടന്നതും നീയേ ഷാഫി കൊണ്ടുപോയി കൊല്ലിച്ചതും നീയേ സതീശാ അങ്ങനെയാണ് എനിക്ക് അതിനെ മാറ്റാൻ തോന്നുന്നത്. യഥാർത്ഥത്തിലുള്ള ചൊല്ല് എന്താണെന്ന് നിങ്ങൾക്കൊക്കെ അറിയാം. കൊണ്ടുനടന്നത് നീയേ ഷാഫി കൊണ്ടുപോയി കൊല്ലിച്ചതും നീയേ സതീശാ എന്നാണ് സത്യം പറഞ്ഞാൽ ഇപ്പോൾ ഓർമ്മ വരുന്നത്. കാരണം എന്തിനു വേണ്ടിയായിരുന്നു പാലക്കാട് ഒരു ഉപതിരഞ്ഞെടുപ്പ് ഉണ്ടായത് ആ ഉപതിരഞ്ഞെടുപ്പ് ഉണ്ടാക്കാനുള്ള സാഹചര്യം എങ്ങനെയാണ് ഉണ്ടായത്? ആ ഉപതിരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാർത്ഥിത്വത്തിന്റെ ചർച്ചയുമായി ബന്ധപ്പെട്ട എന്തൊക്കെ നടന്നു, എന്തൊക്കെ നടന്നില്ല? കൃത്യം പത്തു മാസങ്ങൾക്കു മുന്നേ ഞാൻ പലപ്പോഴായും ജനങ്ങളിലേക്ക് എത്തിക്കാൻ ശ്രമിച്ച ഒരു സന്ദേശമായിരുന്നു അത്. ഇന്ന് എനിക്ക് ഒരുപാട് കോൺഗ്രസ് പ്രവർത്തകരുടെ ഫോൺ വിളികൾ വന്നപ്പോൾ കുറെ പേര് മൗനമായിരുന്നു. അറ്റത്ത് ഒരാളും നിന്ന് ചീത്ത പറഞ്ഞില്ല കേട്ടോ, പണ്ട് ഭയങ്കര ചീത്ത വിളിയായിരുന്നു. പാർട്ടിയെ ചതിച്ചു പോയി എന്നൊക്കെ പറഞ്ഞ്. ഇന്ന് അവർക്ക് തോന്നുന്നത് പാർട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിൽ ബലിയാടായ ഒരു മനുഷ്യനാണ് ഞാന്‍ എന്നാണ്.
ഇന്ന് ആരും ദേഷ്യപ്പെട്ടൊന്നുമില്ല പക്ഷേ കുറെ പേര് കരഞ്ഞവരുണ്ട്. പേര് വെളിപ്പെടുത്തരുത് എന്ന് പറഞ്ഞ കുറച്ചു പേര് സന്ദേശങ്ങൾ അയച്ചു, ഇതിൽ തന്നെ തുടർന്നിരുന്നെങ്കിൽ ഇപ്പോൾ നിങ്ങളാണ് ശരി എന്ന് കാലം വിധിയെടുമായിരുന്നില്ലേ എന്നൊക്കെ. അവരുടേതായിട്ടുള്ള വികാരത്തിന്റെ പുറത്താണ് അവർ പറയുന്നത്. അപ്പോഴും അവരുടെ ആത്യന്തികമായ രാഷ്ട്രീയം എന്താണ് എന്നും രാഷ്ട്രീയത്തിൽ എന്താണ് നമ്മൾ ഓരോരുത്തരും പുലർത്തേണ്ടതൊന്നും അവർ ആലോചിക്കുന്നില്ല.
വ്യക്തിപരമായ നമ്മളോടുള്ള ഇഷ്ടം കൊണ്ടായിരിക്കാം. അപ്പോൾ ആ കോൺഗ്രസ് പ്രവർത്തകർ ഇനിയും ഇനിയും മൗനം നടിച്ചാൽ കേരളത്തിൽ ഒരുപാട് അപകടങ്ങൾ ഉണ്ടാകും. അത് എങ്ങനെ വേണമെങ്കിലും നിങ്ങൾക്ക് ചോദ്യം ചെയ്യാം. അത് രാഷ്ട്രീയ എതിരാളികൾ മുതലെടുക്കും എന്ന് പറഞ്ഞു നിങ്ങൾ അടക്കി വെക്കാനാണ് ശ്രമിക്കുന്നത് എങ്കിൽ ഇതാണ് ഇനി അങ്ങോട്ട് ഉണ്ടാകാൻ പോകുന്ന അനുഭവം എന്നെങ്കിലും മനസിലാക്കുക. കാരണം അടച്ചു വെക്കും തോറും ആളുകൾ എത്തിച്ചേരുന്ന ഉയരം കൂടും ഉയരം കൂടുംതോറും വീഴ്ചയുടെ ആഘാതവും കൂടും എന്നുള്ളതാണ് നമ്മൾ മനസിലാക്കുന്നത്.
ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അന്ന് ഞാൻ പറഞ്ഞ രാഷ്ട്രീയത്തിൽ എന്തുകൊണ്ടാണ് ഇവിടുത്തെ ഒരു സ്ഥാനാർത്ഥിത്വത്തിലേക്ക് ഒരാൾ പരിഗണിക്കപ്പെടരുത് എന്നും അതിൻറെ പ്രശ്നങ്ങൾ എന്തൊക്കെയാണ് എന്നും ഒക്കെ പലപ്പോഴായി ചർച്ചയിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചു. എങ്കിൽ പോലും അന്ന് അത് ഒറ്റയാൾ പോരാട്ടമായി മാറി. ഞാൻ അതിൻറെ ഇരയായി തീർന്നു. പക്ഷേ എൻറെ രാഷ്ട്രീയത്തിൻറെ ക്ലാരിറ്റി അന്നും ഇന്നും ഒക്കെ ഒരുപോലെ ആയതുകൊണ്ട് തന്നെ അതിന് കൂടുതൽ തെളിച്ചം വന്നു എന്നൊന്നും ഞാൻ അവകാശപ്പെടുന്നത് പോലുമില്ല. ആളുകൾക്ക് അത് കുറച്ചുകൂടി മനസ്സിലായി തുടങ്ങി എന്നാണ് എനിക്ക് തോന്നുന്നത്.
എനിക്ക് ഒന്ന് രണ്ട് ചോദ്യങ്ങൾ ചോദിക്കാനുള്ളത് ഈ പറയുന്ന ആരോപണ വിധേയനായ അല്ലെങ്കിൽ ഇനി വരാൻ പോകുന്ന ആരോപണങ്ങൾക്ക് വിധേയനാകാൻ വേണ്ടി ഒരുങ്ങി നിൽക്കുന്ന മാന്യ അദ്ദേഹത്തോടല്ല. മാന്യദ്ദേഹം എന്തായാലും ഒരുപാട് കേസുകൾ ഒക്കെ ആയിട്ട് വിചാരണ നേരിടേണ്ടി വരും കോടതിയിൽ തന്നെ, നിങ്ങൾ അറിഞ്ഞു കാണും എന്ന് വിചാരിക്കുന്നു.രണ്ട് കേസുകൾ ഫയൽ ചെയ്യപ്പെട്ടു ഒന്ന് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലാണ്, നിങ്ങൾ അത് അതിന്‍റെ പകർപ്പൊക്കെ മാധ്യമങ്ങൾ ചർച്ച ചെയ്യുകയാണ്, ഞാൻ അതിലേക്ക് ഒന്നും കടക്കുന്നില്ല. നിങ്ങൾക്ക് ഇന്ന് ഒരുപാട് ഇവിടുത്തെ പ്രക്ഷോഭ സമരങ്ങൾ കവർ ചെയ്യാനുള്ളതാണ്, രണ്ട് എനിക്ക് തോന്നുന്നത് ഗർഭസ്ഥ ശിശുവിൻറെ അവസ്ഥയെ ബാലാവകാശ കമ്മീഷൻ നിയമത്തിൻ പരിധിയിൽ വരും എന്നുള്ളതാണ്.
പക്ഷേ അപ്പോഴും കാണാമറയത്തിരിക്കുന്ന ചില മാന്യദ്ധേഹങ്ങൾ ഉണ്ട്. അവരെ നമുക്ക് എക്സ്പോസ് ചെയ്തേ പറ്റൂ. അത് വളരെ കൃത്യമായി ചെയ്യാനാണ് ഞാൻ ഉദ്ദേശിക്കുന്നത്. ഒന്ന് ഈ മാന്യ ഇദ്ദേഹം മൂന്ന് നാല് വർഷങ്ങൾക്ക് മുന്നേ തന്നെ ഇത്തരം കാര്യങ്ങളിൽ സീരിയൽ സെക്ഷ്വൽ ഒഫൻഡർ എന്നുള്ള രീതിയിൽ, ഒരു പ്രീഡേറ്റർ എന്ന ഉള്ള രീതിയിൽ, ഇരകൾക്ക് മേൽ ചാടി വീഴുന്ന ഒരാൾ എന്നുള്ള രീതിയിൽ ഒക്കെയുള്ള അദ്ദേഹത്തിൻറെ സെക്ഷ്വൽ ഒഫൻസുകളെക്കുറിച്ച് അന്നത്തെ യൂത്ത് കോൺഗ്രസ് അധ്യക്ഷനായിരുന്ന ഷാഫി പറമ്പിലിന് രേഖാമൂലം എന്തെങ്കിലുമൊക്കെ പരാതികൾ കിട്ടിയിരുന്നോ? രാഹുലിന്റെ ഈ അസാമാന്യ പെർഫോമൻസ് ഷാഫിക്ക് മുന്നേ അറിയാമായിരുന്നോ. അറിയാമായിരുന്നു എങ്കിൽ അതിൻറെ പേരിൽ അന്നത്തെ യൂത്ത് കോൺഗ്രസ് അധ്യക്ഷനായിരുന്ന ഷാഫി പറമ്പിലിന് സംഘടനയ്ക്ക് അകത്തുനിന്നുള്ള യൂത്ത് കോൺഗ്രസുകാരുടെയും കെഎസ്‍യുക്കാരുടെയും എന്തെങ്കിലുമൊക്കെ പരാതി ലഭിച്ചിരുന്നോ. ചിലപ്പോൾ ഓറൽ ആയിട്ടായിരിക്കാം, ചിലപ്പോൾ എഴുത്തായിട്ടായിരിക്കാം, ലഭിച്ചിരുന്നോ എന്ന് ഒന്ന് വ്യക്തമാക്കിയാൽ മാത്രം മതി. ഇനി ഇല്ലാ എന്ന് പറയാനാണെങ്കിൽ ലഭിച്ചിരുന്നതിന്റെ കഥകൾ പറയാൻ ഞാൻ ഒന്നുകൂടി നിങ്ങളുടെ മുമ്പിലേക്ക് വരാം.അപ്പോൾ യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷനായി തനിക്ക് ശേഷം അരിയിട്ടു വാഴിക്കാൻ ഈ ഒരാൾ മാത്രമാണ് ആ പ്രസ്ഥാനത്തിൽ ഉള്ളൂ എന്ന് ഷാഫി തിരഞ്ഞെടുത്തത് ഏത് മെറിറ്റിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു.