രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഫെയ്സ്ബുക്ക് പോസ്റ്റുമായി പ്രവാസി എഴുത്തുകാരി ഹണി ഭാസ്കര്‍. ‘രാഹുൽ മാങ്കൂട്ടം – അനുഭവം’ എന്ന പേരില്‍ പങ്കുവച്ച കുറിപ്പില്‍ രാഹുല്‍ ഒരു രാഷ്ട്രീയ മാലിന്യമാണെന്നും രാഹുലിനോട് ഇടപഴുകിയിട്ടുള്ള പാർട്ടിയിലെ സ്ത്രീകളെ ഓർത്ത് ഭയവും സഹതാപവും തോന്നുന്നെന്നും ഹണി ഭാസ്കര്‍ പറയുന്നു. ശ്രീലങ്കന്‍ യാത്രയ്ക്കിടെ രാഹുല്‍ തനിക്ക് മെസേജ് അയച്ചിരുന്നുവെന്നും എന്നാല്‍ സുഹൃത്തുക്കളോട് അത് മറ്റെരുതരത്തിലാണ് രാഹുല്‍ പറഞ്ഞതെന്നും പോസ്റ്റിലുണ്ട്.

രാഹുലിനെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പോസ്റ്റില്‍ രാഹുലിനെ വ്യക്തിപരമായി അറിയില്ലെന്നും ജൂണ്‍ മാസം താന്‍ നടത്തിയ ശ്രീലങ്കന്‍ യാത്രയ്ക്കിടെ വിശേഷങ്ങള്‍ ചോദിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ സന്ദേശം അയച്ചതായും ഹണി ഭാസ്കര്‍ പറയുന്നു. ഫോട്ടോയ്ക്ക് ഹൃദയം അയച്ച് ശ്രീലങ്ക പോവാൻ പ്ലാൻ ഉണ്ട്‌ എന്ന് പറഞ്ഞുകൊണ്ടായിരുന്നു തുടക്കം. രാവിലെ നോക്കിയപ്പോളും മെസേജുകളുടെ തുടർച്ച കണ്ടു. ചാറ്റ് നിർത്താൻ ഉദ്ദേശം ഇല്ല എന്ന് മനസിലായപ്പോള്‍ പ്രോത്സാഹിപ്പിച്ചില്ലെന്നും മറുപടി നല്‍കാത്തതിനാല്‍‌ ആ ചാറ്റ് അവിടെ അവസാനിച്ചുവെന്നും ഹണി പറയുന്നു. 

രാഹുലിന്‍റെ ചൂഷണ ശ്രമങ്ങളെ നേരിട്ട സ്ത്രീകൾ അനുഭവങ്ങൾ തുറന്നു പറഞ്ഞുകൊണ്ടിരിക്കെ അന്നത്തെ തന്‍റെ ധാരണ തെറ്റിയില്ലെന്ന് തനിക്ക് ബോധ്യം വന്നന്നെന്നും ഹണി പോസ്റ്റില്‍ പറയുന്നു. എന്നാല്‍ തന്നോട് നടത്തിയ സംഭാഷണത്തിന്‍റെ അറിയാകഥകള്‍ യൂത്ത്‌ കോൺഗ്രസ്സിലെ രാഹുലിന്‍റെ തന്നെ സുഹൃത്തുക്കളില്‍നിന്നും അറിയാന്‍ ഇടയായെന്നും ഹണി പറയുന്നു. രാഹുല്‍ സുഹൃത്തുക്കളോട് പറഞ്ഞത് താൻ അങ്ങോട്ട് വന്നു ചാറ്റ് ചെയ്തു എന്നാണെന്നും പോസ്റ്റില്‍ പറയുന്നുണ്ട്. രാഹുല്‍ പറഞ്ഞതും വിശ്വസിച്ച് മറ്റൊരു കോണ്‍ഗ്രസ് പ്രവർത്തകൻ തന്റെ ഒരു സുഹൃത്തിനോട് ഈ കാര്യം പറഞ്ഞുവെന്നും ആ വ്യക്തി തക്കതായ മറുപടി നല്‍കിയതായും പോസ്റ്റിലുണ്ട്. സ്ത്രീകളോട് അങ്ങോട്ട് പോയി മിണ്ടി, അവരുമായുള്ള സംഭാഷണങ്ങളെ പെർവേർട്ടുകൾക്ക് ഇടയിൽ മോശമായി ചിത്രീകരിച്ച് ആളാകുന്ന സൈക്കോയെ ജനം അറിയേണ്ടതുണ്ടെന്നും പോസ്റ്റില്‍ പറയുന്നു.

മറ്റൊരു യൂത്ത് കോണ്ഗ്രസ് പ്രവർത്തക പറഞ്ഞത് യൂത്ത് കോൺഗ്രസിലെ സകല ‘പെർവേർറ്റുകളെ’ കുറിച്ചും വ്യക്തമായ ധാരണ ഷാഫി പറമ്പിലിനുണ്ടെന്നുമാണെന്നും പോസ്റ്റിലുണ്ട്. നിയമ സഭയിൽ പോയി സ്ത്രീകൾക്ക് വേണ്ടി വലിയ പ്രസംഗം നടത്തുമെങ്കിലും യൂത്ത് കോൺഗ്രസ്സിലെ സ്ത്രീലമ്പടൻമാർക്കെതിരെ യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ കൊടുത്ത ഒരൊറ്റ പരാതി പോലും ഗൗനിക്കാറില്ലെന്നും പോസ്റ്റിലൂടെ ആരോപിക്കുന്നുണ്ട്. 

പീഡനം നടത്തിയവനെക്കാൾ അറപ്പു തോന്നേണ്ടത് ഒരിക്കൽ മിണ്ടുകയോ വിശ്വസിച്ചു കൂടെ നടന്നതോ സ്വകാര്യത പങ്കിടുകയോ ചെയ്ത സ്ത്രീകളെ കുറിച്ച് ആ സ്വകാര്യത പാടി നടക്കുകയോ തന്റെ മനോവൈകല്യം പോലെ കഥകൾ പടച്ചു വിടുകയോ ചെയ്യുന്ന ആഭാസന്മാരോടാണെന്നും ഹണി ഭാസ്കര്‍ കുറിച്ചിട്ടുണ്ട്. ട്രോമയിൽ അകപ്പെട്ട സ്ത്രീകൾക്ക് ഒരിക്കലും പുറത്ത് വരാൻ സാധിക്കാത്ത വിധം ആ നിറം പിടിപ്പിച്ച കഥകൾ അവരെ നശിപ്പിച്ച് കളയും. അത്തരം ആൺകൂട്ടങ്ങൾ  സ്ത്രീകൾക്ക് ഉണ്ടാകുന്ന അപകടം ചെറുതല്ല. അവർക്ക് മാപ്പില്ല.  മാന്യതയുള്ള മറുപടി അർഹിക്കുന്നുമില്ലെന്നും അവര്‍ പറയുന്നു. 

ഇത്തരക്കാര്‍ രാഷ്ട്രീയത്തിൽ തുടരാൻ പോയിട്ട് സ്ത്രീകൾ ഉള്ള പ്രദേശത്തു പോലും അടുപ്പിക്കാൻ പറ്റാത്ത അന്തസ്സില്ലാത്ത വർഗ്ഗമാണെന്നും പോസ്റ്റിലുണ്ട്. അത്തരം ആളുകൾ രാഷ്ട്രീയ തുടർച്ചകളിലേക്ക് വരുന്നത് രാഷ്ട്രീയം എന്ന വാക്കിനെ തന്നെ മനുഷ്യ വിരുദ്ധമാക്കുന്നു. രാഹുലിനെ തനിക്ക് വ്യക്തിപരമായി ബോധ്യപ്പെടുത്തി തന്നത് സഖാക്കളല്ല, തോളിൽ കയ്യിട്ടും ചാരി ഉറങ്ങിയും നൃത്തം ചെയ്തും ഫണ്ട് മോഷണത്തിൽ പങ്ക് ചേർന്നും ദിവസത്തിന്റെ ഏറിയ സമയവും രാഹുലിനൊപ്പം ചിലവഴിക്കുന്ന പേര് കേട്ട യൂത്ത് കോണ്ഗ്രസ് പ്രവർത്തകരാണെന്നും ഹണി ഭാസ്കര്‍ പറയുന്നുണ്ട്. 

ഫണ്ട് മുക്കാനും പെൺവിഷയങ്ങൾക്കും വേണ്ടി അല്ലാതെ രാഷ്ട്രീയ പ്രസ്ഥാനത്തോട് ഏതെങ്കിലും രീതിയിൽ ആത്മാർത്ഥത ശേഷിക്കുന്നുണ്ടെങ്കിൾ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുക എന്നതാണ് രാഹുല്‍ ചെയ്യേണ്ടതെന്നും അതാണ് അന്തസെന്ന് പറഞ്ഞുമാണ് പോസ്റ്റ് അവസാനിക്കുന്നത്. 

ENGLISH SUMMARY:

Rahul Mamkootathil is facing allegations raised by writer Honey Bhaskar. The allegations involve inappropriate behavior and misrepresentation of conversations, sparking controversy within the Youth Congress and Kerala's political sphere.