യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്‍റും പാലക്കാട് എം.എല്‍.എയുമായ രാഹൂല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതികളോട് പ്രതികരിച്ച മുസ്‍ലിം യൂത്ത് ലീഗ് സെക്രട്ടറി ഫാത്തിമ തഹ്ലിയയുടെ വാക്കുകള്‍ വളച്ചൊടിക്കുന്നു എന്ന് പരാതി. പരാതിക്കാരികൾ പറഞ്ഞത് വിശ്വസനീയമായി തോന്നുന്നുവെന്നും അവരുടെ മാനസികാവസ്ഥ മനസ്സിലാക്കുന്നുവെന്നും ഒരു സ്ത്രീയെന്ന രീതിയിൽ സ്വാഭാവികമായ മറുപടി നൽകുകയായിരുന്നു. എന്നാല്‍ ഇതിനെ തെറ്റായി വ്യാഖ്യാനിച്ചെന്നാണ് ഫാത്തിമ പറയുന്നത്.
ഇത്തരം വിഷയങ്ങളിൽ പരാതിക്കാരുടെ മാനസികാവസ്ഥയോടൊപ്പം നിൽക്കുന്നു എന്ന് പറഞ്ഞാൽ, കൂടെനിൽക്കുന്നവർക്കും അത്തരം സമാന അനുഭവമുണ്ടായി എന്ന് പച്ചനുണ പരത്തുന്നത് സി.പി.എം സൈബർ സംഘമാണ്. അതാണ് തൻ്റെ കഴിഞ്ഞകാല അനുഭവങ്ങളൊക്കെയുമെന്നും ഫാത്തിമ വ്യക്തമാക്കി.
ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
ഞാനല്ല കോടതി!
യൂത്ത് കോൺഗ്രസ് സംസ്ഥാന നേതാവായിരുന്ന രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കഴിഞ്ഞ ദിവസങ്ങളിൽ പലരുടേതായി പരാതി ഉയരുകയും അതിന്മേൽ അഭിപ്രായം ചോദിച്ച് വിവിധ മാധ്യമ സുഹൃത്തുക്കൾ വിളിക്കുകയും ചെയ്തപ്പോൾ,
പരാതിക്കാരികൾ പറഞ്ഞത് വിശ്വസനീയമായി തോന്നുന്നുവെന്നും അവരുടെ മാനസികാവസ്ഥ മനസ്സിലാക്കുന്നുവെന്നും ഒരു സ്ത്രീയെന്ന രീതിയിൽ സ്വാഭാവികമായ മറുപടി നൽകുകയും ചെയ്തിരുന്നു.
ഇപ്പറഞ്ഞത്, മറ്റുപല അധിക വായനകൾക്കും അവസരം ബോധപൂർവ്വം ഉണ്ടാക്കുമാറ് 'വിശ്വസനീയം' എന്ന് വെണ്ടക്ക അക്ഷരത്തിൽ ടൈറ്റിൽ കാർഡ് ആക്കിയവരോടും, അത് കണ്ട് 'കഥയുണ്ടോ' എന്നന്വേഷിച്ചു വരുന്നവരോടും ഒന്നും പറയാനില്ല.
പറഞ്ഞ വാക്കിൻ്റെ അപ്പുറത്തും ഇപ്പുറത്തും നിങ്ങൾക്കിഷ്ടമുള്ള വാക്കുകളും കുത്തും കോമയും ഇട്ട് ഉദ്ദേശിച്ച കാര്യവും അർത്ഥവും വേർതിരിച്ച് നിർത്താനാണെങ്കിൽ വിളിച്ച് അഭിപ്രായം തേടേണ്ട ആവശ്യമില്ലല്ലോ?
പൊതുസമൂഹത്തിൽ പ്രവർത്തിക്കുന്ന ഞങ്ങളെ പോലെയുള്ളവർ തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നതിലെ പ്രയാസം ഇവരറിയുന്നുണ്ടോ?
വിഷയത്തിൽ മാധ്യമങ്ങൾക്കുള്ള താൽപര്യം ധാർമ്മികമല്ലെന്ന് വിശ്വസിക്കാൻ എനിക്ക് വ്യക്തിപരമായി മറ്റെന്ത് തെളിവാണ് ഇനി വേണ്ടത്.
പിന്നെ, ഇത്തരം വിഷയങ്ങളിൽ പരാതിക്കാരുടെ മാനസികാവസ്ഥയോടൊപ്പം നിൽക്കുന്നു എന്ന് പറഞ്ഞാൽ, കൂടെനിൽക്കുന്നവർക്കും അത്തരം സമാന അനുഭവമുണ്ടായി എന്ന് പച്ചനുണ പരത്തുന്നത് സി.പി.എം സൈബർ സംഘമാണെന്നാണ് എൻ്റെ കഴിഞ്ഞകാല അനുഭവങ്ങളൊക്കെയും.
വായമൂടുന്ന ഇത്തരം അധിക്ഷേപ രീതികൾ ന്യായമായ പരാതികൾ ഉന്നയിക്കുന്നവർക്കും കൂടെ നിൽക്കുന്നവർക്കും ഉണ്ടാക്കുന്ന പരിക്ക് ചെറുതല്ല. ഇരകൾ ഒറ്റപ്പെടാൻ ഇത് തന്നെ ധാരാളം. അവരെ പിന്തുണക്കുന്നവരെ കുരിശിലേറ്റുന്നത്, അവരോട് തന്നെ ചെയ്യുന്ന അക്രമത്തിന് സമാനമാണ്. പേടിപ്പിച്ചു നിർത്താനല്ല. ധീരതയോടെ സംസാരിക്കാനാണ് നാം സ്ത്രീകൾക്ക് പരിശീലനം നൽകേണ്ടത്.
പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഇന്ന് മാധ്യമങ്ങളെ കണ്ട് വിശദീകരിച്ച് പറഞ്ഞ, ചെയ്ത കാര്യങ്ങൾ വളരെയേറെ മാതൃകാപരവും ഉചിത മാർഗ്ഗവുമാണ്.