സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിലെ വൈസ് ചാൻസലർമാരെ നിയമിക്കുന്നത് സംബന്ധിച്ച് വ്യക്തത വരുത്തി സുപ്രീംകോടതി. മുഖ്യമന്ത്രി നിശ്ചയിക്കുന്ന മുന്‍ഗണനാ ക്രമത്തിലാണ് ഗവര്‍ണര്‍ നിയമനം നടത്തേണ്ടതെന്ന് സുപ്രീംകോടതി പറയുന്നു. സെര്‍ച്ച് കമ്മിറ്റി നല്‍കുന്ന പാനലില്‍ മുഖ്യമന്ത്രിക്ക് മുന്‍ഗണനാ ക്രമം നിശ്ചയിക്കാം. അതേ മുൻഗണനാ ക്രമത്തിൽ നിയമനം നടത്തണമെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. മുഖ്യമന്ത്രിയുടെ ശുപാര്‍ശയില്‍ എതിര്‍പ്പുണ്ടെങ്കില്‍ ചാന്‍സലര്‍ സുപ്രിംകോടതിയെ അറിയിക്കണം. സെര്‍ച്ച് കമ്മിറ്റി തീരുമാനത്തില്‍ വിയോജിപ്പുണ്ടെങ്കില്‍ മുഖ്യമന്ത്രിക്ക് ചാന്‍സലറെ അറിയിക്കാമെന്നും സുപ്രീംകോടതി പറയുന്നു. അന്തിമ തീരുമാനമെടുക്കുക സുപ്രീംകോടതിയായിരിക്കും. ഇന്നലത്തെ ഉത്തരവിന്‍റെ പകര്‍പ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം, സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിലെ വൈസ് ചാൻസലർമാരെ സ്ഥിരമായി നിയമിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇതിനായി റിട്ട. ജസ്റ്റിസ് സുധാൻഷു ധുലിയയെ സെര്‍ച്ച് കമ്മിറ്റി അധ്യക്ഷനായി സുപ്രീം കോടതി നിയോഗിച്ചു. കേരള സാങ്കേതിക സർവകലാശാലയ്ക്കും ഡിജിറ്റൽ സർവകലാശാലയ്ക്കും ഒന്നിച്ചോ പ്രത്യേകമായോ സമിതി രൂപീകരിക്കാം. ഈ സമിതിയിലേക്ക് ഗവർണറുടെയും സർക്കാരിന്‍റേയും പട്ടികയിൽ നിന്ന് ഓരോരുത്തരെ ഉൾപ്പെടുത്തുകയും ചെയ്യും.
സമിതി രൂപീകരിക്കാൻ ഗവർണർ എട്ട് പേരുകളും സർക്കാർ അഞ്ച് പേരുകളുമാണ് നൽകിയിട്ടുള്ളത്. സമിതിയുടെ അധ്യക്ഷനായ ജസ്റ്റിസ് സുധാൻഷു ധുലിയ ആയിരിക്കും വൈസ് ചാൻസലർമാരെ കണ്ടെത്താനുള്ള സേർച്ച് കമ്മിറ്റിയെ രൂപീകരിക്കുക. വി.സി. നിയമനവുമായി ബന്ധപ്പെട്ട് സർക്കാരും ഗവർണറും തമ്മിലുള്ള തർക്കങ്ങളിൽ ഇടപെട്ടുകൊണ്ടാണ് കോടതി ഇത്തരമൊരു നടപടി സ്വീകരിച്ചത്. ഈ വിഷയത്തിൽ എല്ലാവരും ദയവായി സഹകരിക്കണമെന്ന് കോടതി കൈകൂപ്പിക്കൊണ്ട് പറയുകയാണെന്ന് സുപ്രീം കോടതി പ്രസ്താവിച്ചു.