കനത്ത മഴയെതുടര്‍ന്ന് പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. പ്രഫഷണല്‍ കോളജുകള്‍ക്ക് അവധി ബാധകമല്ല. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല. മദ്രസകള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും അവധി ബാധകം.
അതേസമയം, കനത്ത മഴയിൽ പാലക്കാട്ട് പലയിടങ്ങളിലായി നാശനഷ്ടങ്ങൾ. പിരായിരി മുണ്ടൻപറമ്പിൽ ശക്തമായ കാറ്റിൽ വീടിന്റെ മേൽക്കൂരയിലെ ഷീറ്റ് വൈദ്യുതി കമ്പിയിൽ കുടുങ്ങി. സമീപത്തു ആളുകളില്ലാത്തതിനാൽ വൻ അപകടം ഒഴിവായി. പാലക്കാട്– കോഴിക്കോട് ദേശീയപാതയിൽ കാഞ്ഞിരകുളത്ത് കൂറ്റൻ മരം വീണു ഒരുമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. മരം മുറിച്ചു മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. കാടങ്കോട് വീടിന് മുകളിൽ മരം വീണു. വീട്ടിലുണ്ടായിരുന്നവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
സംസ്ഥാനത്ത് പരക്കെ മഴ . മൂന്ന് ജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ടും എട്ടുജില്ലകളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചു. വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് അതിശക്തമായ മഴക്കുള്ള മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. പത്തനംതിട്ട കോട്ടയം ഇടുക്കി എറണാകുളം തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് ജില്ലകളിലാണ് യെലോ അലര്‍ട്ട് നല്‍കിയിട്ടുള്ളത്. രണ്ടു ദിവസംകൂടി മഴതുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.