TOPICS COVERED

കൃഷിവകുപ്പില്‍ മുഖ്യമന്ത്രിയുടെ ഓഫിസിന്‍റെ അനധികൃത ഇടപെടലില്‍ പാര്‍ട്ടി സെക്രട്ടറിയെ അതൃപ്തി അറിയിച്ച് മന്ത്രി പി. പ്രസാദ്. മുന്നണി മര്യാദ കണക്കിലെടുത്ത് തന്‍റെ വിയോജിപ്പ് മുഖ്യമന്ത്രിയെ അറിയിക്കണമെന്നാണ് ബിനോയ് വിശ്വത്തിനോട് മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. കേര പദ്ധതിക്കുള്ള ഫണ്ട് സര്‍ക്കാര്‍ വകമാറ്റി ചെലവഴിച്ചതിലുള്ള അന്വേഷണം പ്രഖ്യാപിച്ചത് മന്ത്രിയോട് ആലോചിക്കാതെയെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു. 

ഒന്നല്ല. ഒരുപാടുതവണ മുഖ്യമന്ത്രിയുടെ ഓഫിസിന്‍റെ ശ്രദ്ധ കൃഷിവകുപ്പിലേക്കെത്തി. മുന്‍വാതിലിലൂടെയല്ല. പിന്‍വാതിലിലൂടെ. പല രേഖകളും മന്ത്രി പോലുമറിയാതെ സ്വന്തമാക്കി. ഈ നടപടിയിലെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കേര ഫണ്ട് വകമാറ്റി ചെലവഴിച്ചതിന്‍റെ രേഖ മാധ്യമങ്ങള്‍ക്ക് കിട്ടിയതിലുള്ള അന്വേഷണ പ്രഖ്യാപനം. മന്ത്രി പോലുമറിയാതെ മുഖ്യമന്ത്രി നേരിട്ടെടുത്ത തീരുമാനമെന്ന് വിമര്‍ശനം. ആറന്മുള വിമാനത്താവളത്തിനായി കണ്ടെത്തിയ ഭൂമിയില്‍ വ്യവസായ പാര്‍ക്ക് തുടങ്ങാനുള്ള സ്വകാര്യ കമ്പനിയുടെ അപേക്ഷയില്‍ കൃഷിവകുപ്പ് എതിര്‍പ്പറിയിച്ച് ശുപാര്‍ശ നല്‍കിയിരുന്നു. വ്യത്യസ്ത ഘട്ടങ്ങളില്‍ വന്ന അപേക്ഷയിലെല്ലാം നിയമപ്രശ്നങ്ങള്‍ നിരത്തി കൃഷിമന്ത്രിയാണ് ഫയല്‍ മടക്കിയത്. പദ്ധതി നടക്കില്ലെന്ന് ഉറപ്പായിട്ടും നിരവധി തവണയാണ് മുഖ്യമന്ത്രിയുടെ ഓഫിസും വ്യവസായ വകുപ്പും കൃഷിമന്ത്രിയുടെ ഓഫിസില്‍ നേരിട്ട് ഇടപെട്ട് ഫയല്‍ നീക്കം നിരീക്ഷിച്ചത്. കേര പദ്ധതിക്കുള്ള കോടികളുടെ ഫണ്ട് സര്‍ക്കാര്‍ വകമാറ്റിയ വിവരം പുറത്ത് വന്നതോടെ ധനവകുപ്പും പ്രതിസന്ധിയിലായിരുന്നു. പണം തിരികെ കിട്ടിയെന്ന് കൃഷിമന്ത്രി ആവര്‍ത്തിച്ചെങ്കിലും ലോക ബാങ്ക് കൃഷിവകുപ്പിന് അയച്ച ഉത്തരവ് മുഖ്യമന്ത്രിയുടെ ഓഫിസ് ചോര്‍ത്തിയതിന്‍റെ കാരണം ഇപ്പോഴും അവ്യക്തമാണ്. മൂന്ന് മാസത്തിലേറെയായി പുകഞ്ഞ നിര്‍ദേശമാണ് മുഖ്യമന്ത്രി നേരിട്ട് അന്വേഷണ ഉത്തരവാക്കിയത്. ഇടപെടല്‍ സഹിക്കാന്‍ കഴിയുന്നതിനപ്പുറമെന്നാണ് കൃഷിമന്ത്രി പാര്‍ട്ടി സെക്രട്ടറിയെ അറിയിച്ചിരിക്കുന്നത്. കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും സര്‍ക്കാരും തമ്മിലുള്ള ഭിന്നതയും മുഖ്യമന്ത്രിയുടെ ഓഫിസിന്‍റെ ഇടപെടലിന് പിന്നിലുണ്ടെന്ന് പറയുന്നുണ്ടെങ്കിലും കൈകടത്തലില്‍ ചിലരുടെ വ്യക്തി താല്‍പര്യമെന്ന വിമര്‍ശനവുമുണ്ട്. 

ENGLISH SUMMARY:

Agriculture Department is facing undue interference from the Chief Minister's office. This has led to discontent among ministers regarding the handling of departmental affairs and fund allocation.