കേര പദ്ധതിയുടെ ഫണ്ട് വകമാറ്റിച്ചെലവഴിച്ചെന്ന വാര്‍ത്തയില്‍ പ്രഖ്യാപിച്ച അന്വേഷണത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയല്ല അന്വേഷണമെന്നും രഹസ്യ രേഖ മാധ്യമങ്ങളില്‍ വന്നതെങ്ങനെയെന്നാണ് അന്വേഷിക്കുന്നതെന്നും മുഖ്യമന്ത്രി. മാധ്യമപ്രവര്‍ത്തകരെ വിളിച്ച് വരുത്തി തെളിവെടുക്കുമെന്ന പ്രതീതി സൃഷ്ടിക്കുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേര പദ്ധതിക്ക് ലോകബാങ്ക് നല്‍കിയ വായ്പ വകമാറ്റിച്ചെലവഴിച്ചുവെന്ന വാര്‍ത്തയില്‍ അന്വേഷണം നടത്താന്‍ കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി.അശോകിനെ ചുതലപ്പെടുത്തിയുള്ള വിവാദ ഉത്തരവിനെയാണ് മുഖ്യമന്ത്രി ന്യായീകരിക്കുന്നത്. മാധ്യമങ്ങളില്‍ വന്ന ലോകബാങ്കിന്‍റെ കത്തിന്‍റെ പകര്‍പ്പ് അതീവരഹസ്യ രേഖയാണെന്നാണ് മുഖ്യമന്ത്രിയുടെ വാദം. ഇത് എങ്ങനെ മാധ്യമങ്ങള്‍ക്ക് ലഭിച്ചുവെന്നതിലാണ് അന്വേഷണം.
അതിനെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയുള്ള അന്വേഷണമായി വ്യഖ്യാനിക്കുന്നത് വ്യാജ വാര്‍ത്തയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തുന്നു. അതീവരഹസ്യ രേഖ മാധ്യമങ്ങളില്‍ വന്നത് ലോകബാങ്കിന് മുന്നില്‍ സര്‍ക്കാരിന്‍റെ വിശ്വാസ്യത ചോര്‍ച്ചയ്ക്ക് കാരണമാകും. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായോ എന്നതില്‍ അന്വേഷണം സ്വഭാവികമാണ് . നിയമ–ചട്ടപ്രകാരമാണ് ഈ നടപടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണത്തിന്‍റെ ഭാഗമായി ഉദ്യോഗസ്ഥരെയും ബന്ധപ്പെട്ട വ്യക്തികളെയും വിളിച്ച് വരുത്തി മൊഴിയെടുക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന് അധികാരം
നല്‍കുന്നതാണ് വിവാദ ഉത്തരവ്. ഇത് മാധ്യമപ്രവര്‍ത്തകരെ വിളിച്ചുവരുത്തി തെളിവെടുപ്പ് നടത്താനാണെന്ന പ്രതീതി സൃഷ്ടിക്കുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി വാര്‍ത്ത കുറിപ്പില്‍ പറഞ്ഞു.