ദേശീയപാതകളിലെ പെട്രോൾ പമ്പുകളിലുള്ള ശുചിമുറികൾ പൊതുജനങ്ങൾക്ക് മുഴുവൻ സമയവും തുറന്നുകൊടുക്കണമെന്ന് ഹൈക്കോടതി. മറ്റിടങ്ങളിലെ പെട്രോൾ പമ്പുകളിലുള്ള ശുചിമുറികൾ ഇന്ധനം അടിക്കാനെത്തുന്നവർക്കും, ദീർഘദൂര യാത്രക്കാർക്കും ഉപയോഗിക്കാമെന്നും കോടതി വ്യക്തമാക്കി. എന്നാൽ ഇത്തരം ശുചിമുറികൾക്ക് മുന്നിൽ പൊതുശുചിമുറി എന്ന ബോർഡ് സ്ഥാപിക്കരുതെന്നും കോടതി നിർദ്ദേശിച്ചു.
പെട്രോൾ പമ്പുകളിലെ ശുചിമുറികൾ ഉപഭോക്താക്കൾക്ക് മാത്രം ഉപയോഗിക്കാനുള്ളതാണെന്ന മുൻ ഇടക്കാല ഉത്തരവിലാണ് ഹൈക്കോടതി മാറ്റം വരുത്തിയത്. ദേശീയപാതകളിലെ പെട്രോൾ പമ്പുകളിലുള്ള ശുചിമുറികൾ പൊതുജനങ്ങൾക്ക് മുഴുവൻ സമയവും തുറന്നുകൊടുക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. മറ്റിടങ്ങളിലെ പെട്രോൾ പമ്പുകളിലുള്ള ശുചിമുറികൾ ഇന്ധനം അടിക്കാനെത്തുന്നവർക്കും, ദീർഘദൂര യാത്രക്കാർക്കും ഉപയോഗിക്കാം. ശൗചാലയം ഉപയോഗിക്കുന്നവരെ പമ്പുടമകൾ തടയരുതെന്നും കോടതി നിർദേശിച്ചു.
സ്വച്ഛ് ഭാരത് മിഷന്‍ പദ്ധതിയുടെ ഭാഗമായാണ് പമ്പുകളിലെ ശൗചാലയം ഉപയോഗിക്കാൻ പൊതുജനങ്ങളെ കൂടി അനുവദിക്കണമെന്ന് നിർദ്ദേശം നൽകിയതെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. എന്നാൽ പൊതുശൗചാലയങ്ങൾ നിർമിക്കേണ്ടത് തദ്ദേശസ്ഥാപനങ്ങളുടെ ഉത്തരവാദിത്വമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത് സ്വകാര്യ പമ്പുടമകളിൽ അടിച്ചേൽപ്പിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. പമ്പുകളിലെ ശുചിമുറികൾ പൊതുജനങ്ങൾക്ക് ഉപയോഗിക്കാമെന്ന് വ്യക്തമാക്കിയെങ്കിലും, ഇവയ്ക്ക് മുന്നിൽ പൊതുശുചിമുറി എന്ന ബോർഡ് സ്ഥാപിക്കരുതെന്ന് സംസ്ഥാന സർക്കാരിനും, തിരുവനന്തപുരം കോർപറേഷനും കോടതി നിർദേശം നൽകി.
പമ്പുകളിലെ ശുചിമുറികൾ പൊതു ശൗചാലയങ്ങളായി ഉപയോഗിക്കുന്നതിനെതിരെ പെട്രോളിയം ട്രേഡേഴ്സ് വെൽഫെയർ ആൻഡ് ലീഗൽ സർവീസ് സൊസൈറ്റിയും മറ്റ് സ്വകാര്യ പമ്പുടമകളും നൽകിയ ഹർജിയാണ് കോടതി പരിഗണിക്കുന്നത്. പമ്പുകളിൽ ഇന്ധനമടിക്കാൻ എത്തുന്നവർക്ക് അടിയന്തര സന്ദര്‍ഭത്തിൽ ഉപയോഗിക്കുന്നതിനാണ് ശുചിമുറിയെന്നായിരുന്നു ഹർജിക്കാരുടെ വാദം. തുടർന്നായിരുന്നു ഉപഭോക്താക്കൾക്ക് മാത്രമായി ശുചിമുറികൾ പരിമിതപ്പെടുത്തിയുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.