dr-haris-press-meet

ഡോക്ടര്‍ ഹാരിസിനെ ഇരുട്ടിലാക്കാൻ തിരുവനന്തപുരം മെഡിക്കൽ കോളജിലെ പ്രിൻസിപ്പലും സൂപ്രണ്ടും  നടത്തിയ വാർത്താ സമ്മേളനം നിയന്ത്രിച്ചത് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ കെ.വി വിശ്വനാഥൻ. താൻ തന്നെയാണ് ഫോൺ വിളിച്ചതെന്ന് DME മനോരമ ന്യൂസിനോട് സ്ഥിരീകരിച്ചു. പ്രിൻസിപ്പൽ ഡോ പി.കെ.ജബ്ബാറിന്‍റെ ഫോണിൽ തെളിഞ്ഞ ഫോട്ടോയാണ് ഫോൺ വിളിക്ക് പിന്നിലെ  ഉന്നതനെ കുടുക്കിയത്. വിദഗ്ധസമിതി റിപ്പോർട്ടിനെ  തുടർന്നാണ് അന്വേഷണമെന്നും റിപ്പോർട്ടിലെ മൊഴി വായിക്കാൻ അന്വേഷണ ഉദ്യോഗസ്ഥൻ എന്ന  നിലയിൽ ആവശ്യപ്പെട്ടു എന്നുമാണ് വിശദീകരണം. 

വാർത്താ സമ്മേളനത്തിനിടെ  പ്രിൻസിപ്പലിനും സൂപ്രണ്ടിനും പല തവണ  ഫോൺ കോളുകൾ വന്നിരുന്നു. സൂപ്രണ്ട്  തനിക്ക്  വന്ന ഫോൺ കോൾ സർ എന്നു വിളിച്ച് അഭിസംബോധന ചെയ്യുന്നതും പ്രിൻസിപ്പലിന് നിർദേശം കൈമാറുന്നതും  വ്യക്തമായിരുന്നു. വകുപ്പിലെ   ഉപകരണം നഷ്ടപ്പെട്ട വിവരം ആരോഗ്യ മന്ത്രി  വീണാ  ജോർജ് മാധ്യമങ്ങളോട് പറഞ്ഞപ്പോൾ മുതൽ മന്ത്രി ഓഫീസിന്റെ അറിവോടെ ഡോ ഹാരിസിനെ ഉപകരണ മോഷണത്തിൽ കുടുക്കാൻ ശ്രമം നടക്കുന്നതായി ആക്ഷേപമുയർന്നിരുന്നു.

ഇതിനിടെ ഡോക്ടർ ഹാരിസിനെതിരായ വിഷമുനകൾ എല്ലാം പൊളിഞ്ഞതോടെ പത്തി മടക്കി ആരോഗ്യ വകുപ്പ്. ഡോക്ടർ ഹാരിസിനെതിരായ അന്വേഷണം അവസാനിപ്പിച്ചു. കാണാതായ ഉപകരണം കണ്ടെത്തിയെന്ന് അന്വേഷണം നടത്തിയ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ അഡീഷണൽ ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ട് നല്കി. ഡോക്ടർ ഹാരിസിനെതിരെ റിപ്പോർട്ടിൽ പരാമർശമില്ല. സിസ്റ്റം തകരാർ ശരിവച്ച് HDS വഴിയുള്ള സേവനങ്ങൾ മെച്ചപ്പെടുത്തണമെന്നും റിപ്പോർട്ടിലുണ്ട്. മെഡിക്കൽ കോളജ് അധികൃതരുടെ വാർത്താ സമ്മേളനം പൊളിഞ്ഞതിന് പിന്നാലെയാണ് തിരക്കിട്ട് മുഖം രക്ഷിക്കാനുള്ള ആരോഗ്യ വകുപ്പ് നടപടി. ഡോക്ടർക്കെതിരെ നടപടി ഉണ്ടാകില്ലെന്ന ഉറപ്പ് ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഡോക്ടർമാരുടെ സംഘടനയ്ക്കും നൽകിയിട്ടുണ്ട്.

അതേസമയം, ഡോക്ടർ ഹാരിസ് ചിറക്കൽ ഇന്ന് ജോലിയിൽ തിരികെ പ്രവേശിച്ചേക്കും. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഉപകരണം കാണാതായ വിവാദം ഉയർന്നതിന് പിന്നാലെഡോക്ടർ ഹാരിസ് അവധിയിൽ പ്രവേശിച്ചിരുന്നു. ഉപകരണം കാണാതായെന്ന് മാധ്യമങ്ങളോട് പറഞ്ഞ് ഡോക്ടർ ഹാരിസിനെ ആദ്യം സംശയനിഴലിലാക്കിയത് ആരോഗ്യ മന്ത്രിയാണ്. പിന്നാലെ മോസിലോസ്കോപ്പ് എന്ന ഉപകരണം യൂറോളജി വിഭാഗത്തിൽ തന്നെ ഉണ്ടെന്ന് കണ്ടെത്തി

ENGLISH SUMMARY:

The press conference held by the Principal and Superintendent of Thiruvananthapuram Medical College against Dr. Harris was orchestrated by Dr. K.V. Viswanathan, the Director of Medical Education (DME). A phone photo revealed that the DME was in contact with the Principal during the conference. This comes after an internal report exonerated Dr. Harris, confirming that the "missing" medical equipment was located within the hospital and refuting allegations of theft. The health department has now closed the investigation against Dr. Harris, who is expected to rejoin work.