ഏറ്റുമാനൂര്‍ അതിരമ്പുഴ ജെയ്നമ്മ തിരോധാനക്കേസില്‍ നിര്‍ണായക വഴിത്തിരിവ്. ജെയ്നമ്മയെ പരിചയമുണ്ടെന്നും പ്രാര്‍ഥനായോഗങ്ങളില്‍ വച്ച് കണ്ടിട്ടുണ്ടെന്നും സെബാസ്റ്റ്യന്‍ അന്വേഷണ സംഘത്തോട് പറഞ്ഞു. ജെയ്നമ്മ എവിടെയെന്ന ചോദ്യത്തിന് പക്ഷേ സെബാസ്റ്റ്യന്‍ മറുപടി നല്‍കിയില്ല. അതേസമയം, കസ്റ്റഡിയിലുള്ള സെബാസ്റ്റ്യന്‍റെ കാറില്‍ നിന്ന് കത്തിയും ചുറ്റികയും ക്രൈംബ്രാഞ്ച് സംഘം കണ്ടെടുത്തു. സെബാസ്റ്റ്യന്‍റെ ഭാര്യവീട്ടില്‍ നിര്‍ത്തിയിട്ട നിലയിലായിരുന്നു കാര്‍ കിടന്നിരുന്നത്. ഡീസല്‍ കന്നാസും കാറിലുണ്ടായിരുന്നു.
കാണാതായ ജെയ്നമ്മയുമൊന്നിച്ച് ധ്യാനകേന്ദ്രങ്ങളില്‍ സെബാസ്റ്റ്യന്‍ പോയിട്ടുണ്ടെന്നാണ് അന്വേഷണ സംഘം സ്ഥിരീകരിക്കുന്നത്. ജെയ്നമ്മയുടെ ഫോണ്‍ പ്രതി ഉപയോഗിച്ചിരുന്നുവെന്നും ഇത് റീച്ചാര്‍ജ് ചെയ്യുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളടക്കം ലഭിച്ചിട്ടുണ്ടെന്നും ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു. ഇരുവരുടെയും മൊബൈല്‍ സിഗ്നലുകള്‍ ഒരേ ലൊക്കേഷനില്‍ പലവട്ടം വന്നതാണ് നിര്‍ണായകമായത്. 2024 ഡിസംബര്‍ 23മുതലാണ് അതിരമ്പുഴ കോട്ടമുറി സ്വദേശി കെ.എം.മാത്യുവിന്‍റെ ഭാര്യ ജെയ്നമ്മ(55)യെ കാണാതായത്.