medical-college-principal-superintendent-news

ഡോ. ഹാരിസിനെതിരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലും സൂപ്രണ്ടും വാർത്താ സമ്മേളനം നടത്തിയത് ഉന്നത നിർദ്ദേശത്തെ തുടർന്നെന്ന സംശയം ബലപ്പെടുന്നു. വാർത്താ സമ്മേളനത്തിനിടെ സൂപ്രണ്ടിന് തുടരെത്തുടരെ വന്ന കോളുകളാണ് സംശയം ബലപ്പെടുത്തുന്നത്. ഡോ. ഹാരിസിനെതിരായ അന്വേഷണ സമിതി റിപ്പോർട്ട് വായിക്കാൻ നിർദ്ദേശിച്ചത് ഫോണിലൂടെയായിരുന്നു. തന്നെ ആക്രമിക്കാനും കുടുക്കാനും ബോധപൂർവ്വമുള്ള ശ്രമമെന്ന ഡോ. ഹാരിസിൻ്റെ ആരോപണത്തിന് പിന്നാലെയാണ് മെഡിക്കൽ കോളേജ് പ്രിൻസിപ്പലും സൂപ്രണ്ടും സംയുക്തമായി വാർത്താ സമ്മേളനം നടത്തിയത്. 

വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിനിടെ സൂപ്രണ്ടിൻ്റെ ഫോണിലേക്ക് തുടരെ കോളുകൾ വന്നു. അപ്പുറത്ത് ഏതോ ഉന്നതസ്ഥാനീയനാണെന്ന് വ്യക്തം; മറുപടിയിലും ശരീരഭാഷയിലും അത് പ്രകടമായിരുന്നു. ഒരു ഫോൺകോളിൽ കൃത്യമായ ഒരു നിർദ്ദേശം വന്നു: ഡോ. ഹാരിസിനെതിരായ റിപ്പോർട്ട് പൂർണ്ണമായും വായിക്കണം. മെഡിക്കൽ കോളേജിൽ നിന്ന് മോസിലോസ്‌കോപ്പ് എന്ന ഉപകരണം കാണാനില്ലെന്ന് അന്വേഷണ സമിതിക്ക് ഡോ. ഹാരിസ് മൊഴി നൽകി. 

ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യത്തിൽ അന്വേഷണം നടത്താൻ സമിതി ശുപാർശ ചെയ്തത്. ഇതാണ് പ്രിൻസിപ്പൽ വായിച്ച റിപ്പോർട്ടിൽ പറയുന്നത്. ഇത് മാധ്യമങ്ങൾക്ക് മുൻപാകെ എടുത്തുപറയണമെന്നത് ആരുടെ താൽപര്യമാണ്...? ആരാണ് വാർത്താ സമ്മേളനത്തിനിടെ തൽസമയം വിളിച്ച് നിർദ്ദേശങ്ങൾ കൊടുത്ത സാർ..? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് കേരളം തേടുന്നത്.