ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നത് വീണ്ടും ചർച്ചാവിഷയമായി. ഇന്ന് ചേർന്ന ഭരണസമിതി യോഗത്തിൽ സംസ്ഥാന സർക്കാർ പ്രതിനിധിയാണ് ബി നിലവറ തുറക്കുന്നതിൽ തീരുമാനം വേണ്ടേയെന്ന് ആരാഞ്ഞത്. ഇക്കാര്യത്തിൽ ക്ഷേത്ര തന്ത്രിയുടെ ഉപദേശം സ്വീകരിക്കണമെന്ന് ഭരണസമിതി യോഗം നിലപാടെടുത്തു.

വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്തുക്കളുടെ കണക്കെടുപ്പ് ചർച്ചാവിഷയമായത്. ഇനിയും മൂല്യനിർണയം നടത്താത്ത ബി നിലവറയുടെ കാര്യത്തിൽ തീരുമാനം വേണ്ടെയെന്ന് സംസ്ഥാന സർക്കാർ പ്രതിനിധിയാണ് ചോദിച്ചത്. സുപ്രീം കോടതി ഉത്തരവ് പ്രകാരം രൂപീകരിച്ച അഞ്ചംഗ ഭരണസമിതിയിലെ അംഗമായ തന്ത്രി ഇന്നത്തെ യോഗത്തിൽ പങ്കെടുത്തിരുന്നില്ല. നിലവറ തുറക്കൽ ആചാരപരമായ കാര്യം കൂടിയായതിനാൽ തന്ത്രിമാരുടെ അഭിപ്രായം തേടണമെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു. അതോടെ ചർച്ച അവസാനിച്ചു.

മുറജപം, വിഗ്രഹത്തിലെ അറ്റകുറ്റപ്പണി, പത്മതീർഥം നവീകരണം തുടങ്ങിയവ ചർച്ച ചെയ്യാനായിരുന്നു ക്ഷേത്രോപദേശക സമിതിയുടെയും ഭരണസമിതിയുടെയും സംയുക്തയോഗം. 2011-ലാണ് സുപ്രീം കോടതി ഉത്തരവ് പ്രകാരം ക്ഷേത്രത്തിലെ എ അടക്കമുള്ള നിലവറകൾ തുറന്ന് മൂല്യനിർണയം നടത്തിയത്. ശതകോടികൾ വിലമതിക്കുന്ന സ്വത്തുക്കളാണ് വിദഗ്ദ്ധസമിതി കണ്ടെത്തിയത്. 

എ-യിൽ നിന്ന് കിട്ടിയതിനെക്കാൾ അപൂർവ്വ ശേഖരം ബി നിലവറയിൽ ഉണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. ബി ഒരിക്കലും തുറന്നില്ലെന്നാണ് ഒരു വാദം. എന്നാൽ രണ്ട് വട്ടം തുറന്നെന്ന് സുപ്രീം കോടതി നിയോഗിച്ച ഓഡിറ്റർ വിനോദ് റായിയുടെ റിപ്പോർട്ടിലുണ്ട്. നിലവറ തുറക്കലും മൂല്യനിർണയവും വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട വിഷയമായതിനാൽ എല്ലാ വശങ്ങളും ആലോചിച്ചശേഷമേ തീരുമാനമുണ്ടാകൂ.

ENGLISH SUMMARY:

Sree Padmanabhaswamy Temple B Nilavara opening is under discussion again. The administrative committee meeting has decided to seek the advice of the temple Thanthri regarding this matter.