സംസ്ഥാനത്തെ മഴ മുന്നറിയിപ്പുകളില്‍ മാറ്റം. നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളിലാണ് അതിതീവ്രമഴക്കുള്ള റെഡ് അലര്‍ട്ട് നല്‍കിയിട്ടുള്ളത്. എട്ടുജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ അതിശക്തമായ മഴ കിട്ടും. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ യെലോ അലര്‍ട്ടാണ്. വരുന്ന രണ്ടുദിവസം കൂടി സംസ്ഥാനത്ത് വ്യാപകമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അതേസമയം മഴ കനക്കുന്ന സാഹചര്യത്തില്‍ രണ്ടുജില്ലകളില്‍ മലവെള്ളപ്പാച്ചിലുണ്ടായി. പാലക്കാട് എടത്തനാട്ടുകരയില്‍ ഓടക്കുളം ചൂളി ഭാഗത്താണ് മഴവെള്ളപ്പാച്ചിലുണ്ടായത്. ഒറ്റപ്പാലം പനയൂരിലും ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായി. ഉരുള്‍പൊട്ടിയോയെന്ന് സംശയവുമായി നാട്ടുകാര്‍ രംഗത്തെത്തിയിട്ടുണ്ട്. പാലക്കാട് കൂടാതെ മലപ്പുറം ഒലിപ്പുഴയിലും മലവെള്ളപ്പാച്ചിലുണ്ടായി. കരുവാരകുണ്ട് പുഴയില്‍ വെള്ളപ്പൊക്കമുണ്ടായി. മാമ്പറ്റ പാലം മൂടി.
തൃശൂർ, പാലക്കാട് ജില്ലകളിൽ കനത്ത മഴ തുടരുകയാണ്. തൃശൂരിൽ നഗരപ്രദേശങ്ങളിലും മലയോര മേഖലയിലും ശക്തമായ മഴയാണ്. ചേലക്കരയിൽ മലവെള്ളപ്പാച്ചിലിൽ വാഴക്കോട് പ്ലാഴി സംസ്ഥാനപാതയിൽ ആറ്റൂർ കമ്പനിപ്പടി പ്രദേശത്ത് വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. ഇക്കണ്ട വാര്യർ റോഡിലും മുരിങ്ങൂരിൽ അടിപ്പാത നിർമ്മാണം നടക്കുന്നിടത്തും വെള്ളക്കെട്ടുണ്ടായി. അശ്വിനി ആശുപത്രിയുടെ സമീപത്തെ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ആളുകളെ മാറ്റി പാർപ്പിച്ചു. പാലക്കാട് ഷൊർണൂരിൽ ശക്തമായ മഴയിൽ ഇറിഗേഷൻ ഓഫീസിനകത്ത് വെള്ളം കയറി. മണ്ണാർക്കാട് തെങ്കര കാഞ്ഞിരം റോഡിൽ കോൽപാടം ക്രോസ് വേ നിറഞ്ഞൊഴുകി.അലനല്ലൂർ എടത്തനാട്ടുകര കണ്ണംകുണ്ട് പാലത്തിലും വെള്ളം കയറി. രണ്ടു സ്ഥലത്തും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
ഇന്നലെ രാത്രിയിലെ തോരാമഴയില്‍ എറണാകുളം നഗരത്തില്‍ രൂക്ഷമായ വെള്ളക്കെട്ടാണുണ്ടായത്. റോഡും ഓടയും തിരിച്ചറിയാന്‍ കഴിയാത്തവിധം വെള്ളക്കെട്ട് രൂക്ഷമായ പേട്ടയില്‍ ടാക്സി കാര്‍ ഒഴുക്കില്‍പ്പെട്ടു. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടും സ്കൂളുകള്‍ക്ക് അവധി നല്‍കാതിരുന്നതോടെ വിദ്യാര്‍ഥികളും ദുരിതത്തിലായി.