ഓര്‍മകള്‍ പങ്കുവച്ചും സ്നേഹം പകുത്ത് നല്‍കിയും സൗഹൃദങ്ങള്‍ ഒത്തുചേര്‍ന്ന തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജിലെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന് സമാപനം. പൂര്‍വ വിദ്യാര്‍ഥി സംഘടനയായ അമിക്കോസിന്‍റെ നേതൃത്വത്തിലാണ് വിപുലമായ ആഘോഷം സംഘടിപ്പിച്ചത്. കൂട്ടായ്മയുടെ ഭാഗമായി നിര്‍ധനരായ കുട്ടികള്‍ക്ക് പഠനസഹായം ഉള്‍പ്പെടെ വിവിധ സഹായങ്ങളും വിതരണം ചെയ്തു.
പലവഴി പിരിഞ്ഞവര്‍ കാത്തിരുന്ന് ഓര്‍ത്തിരുന്ന് കടല്‍കടന്നും കൂട്ടായ്മയുടെ ഭാഗമായ സായാഹ്നമാണ് കടന്നുപോയത്. പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ ഏതെല്ലാം രീതിയില്‍ പുതുതലമുറയ്ക്ക് പ്രേരണയാകണമെന്നതിന് നിരവധി അടയാളങ്ങള്‍. പഠനകാലത്ത് മികവിലേക്കുയര്‍ന്നവരുടെ പകിട്ട് ഓര്‍ത്തോര്‍ത്ത് പറഞ്ഞ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമിസ് കാതോലിക്കാ ബാവ. സിനിമാ നടന്‍ നസീറിനൊപ്പം കോളജില്‍ പ്രവേശനം നേടാനെത്തിയതിന്‍റെ അനുഭവം പറഞ്ഞ് തൊണ്ണൂറ്റി ആറിലേക്കെത്തിയ പൂര്‍വ വിദ്യാര്‍ഥി മുഹമ്മദ് ഇക്ബാല്‍.
മുന്‍ ചീഫ് സെക്രട്ടറിയും കവിയുമായ കെ.ജയകുമാര്‍, സാഹിത്യകാരനും അധ്യാപകനുമായ ജോര്‍ജ് ഓണക്കൂര്‍ അഭിനേതാക്കളായ ജഗദീഷ്, പ്രിയങ്ക, നന്ദു അങ്ങനെ വേദിയിലും സദസിലും ഒരുപോലെ തിളക്കം തീര്‍ത്തവരുടെ സാന്നിധ്യം. പൂര്‍വ വിദ്യാര്‍ഥികളുടെ അനുഭവം പറയുന്ന ഓര്‍മ്മത്താളുകള്‍ ചേര്‍ത്ത പുസ്തകവും പ്രകാശനം ചെയ്തു.