കൊച്ചിയിൽ സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം വീണ്ടും ജീവനെടുത്തു. കളമശ്ശേരിയിൽ ബസിനടിയിൽപ്പെട്ട് ഓൺലൈൻ ഫുഡ് ഡെലിവറി ജീവനക്കാരനാണ് മരിച്ചത്. കണ്ണൂരിലും, കൊട്ടാരക്കരയിലും ഉണ്ടായ അപകടങ്ങളിലും രണ്ടു പേർ മരിച്ചു.
രാവിലെ ഒമ്പതരയോടെയാണ് കൊച്ചി കളമശ്ശേരിയിൽ സ്വകാര്യബസ് ഇടിച്ച് കൊടുങ്ങല്ലൂർ സ്വദേശി അബ്ദുൽ സലാം മരിച്ചത്. ഓൺലൈൻ ഫുഡ് ഡെലിവറി സ്ഥാപനത്തിലെ ജീവനക്കാരനായ അബ്ദുൽ സലാം ഓടിച്ചിരുന്ന ബൈക്കിനെ സ്വകാര്യബസ് മറികടക്കുമ്പോളായിരുന്നു അപകടം.
ആലുവയിലേക്ക് സർവീസ് നടത്തുന്ന ബിസ്മില്ല ബസ്സാണ് ഇടിച്ചത്. പത്തടിപ്പാലം മുതൽ മറ്റൊരു ബസ്സുമായി മത്സരയോട്ടത്തിലും, അമിതവേഗതയിലുമായിരുന്നു അപകടമുണ്ടാക്കിയ ബസ്സെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സൗത്ത് കളമശ്ശേരി റെയിൽവേ പാലത്തിന് സമീപത്ത് വച്ച് അബ്ദുൽ സലാമിനെ ഇടിച്ചിടുന്നതിന്റെയും, നിലത്തുവീണ ഇയാളുടെ തലയിലൂടെ ബസിന്‍റെ പിൻചക്രങ്ങൾ കയറിയിറങ്ങുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ മനോരമ ന്യൂസിനെ ലഭിച്ചു.
കണ്ണൂർ പേരാവൂരിൽ ടിപ്പറുമായി കൂട്ടിയിടിച്ചാണ് ബൈക്ക് യാത്രക്കാരനായ ആര്യപ്പറമ്പ് പുത്തൻവീട്ടിൽ മിഥുൻ രാജ് മരിച്ചത്. കൊട്ടാരക്കര ഇഞ്ചക്കാട്ട് കാർ നിയന്ത്രണം നഷ്ടപ്പെട്ട് തോട്ടിലേക്ക് മറിഞ്ഞ് പുത്തൂർ സ്വദേശി അനുവിശാഖ് മരിച്ചു. പുലർച്ചെ 1.30 നായിരുന്നു അപകടം.
കാർ രണ്ട് പോസ്റ്റുകളും, 11 കെ.വി ലൈനും തകർത്താണ് താഴ്ചയിലേക്ക് മറിഞ്ഞത്. പാലക്കാട് വാണിയംകുളത്ത് ഡ്രൈവിങ് സ്കൂളിലെ പരിശീലകനായ യുവാവിനെ പിക്കപ്പ് വാൻ ഇടിച്ചുതെറിപ്പിച്ചു. അപകടത്തിൽ ഷൊർണൂർ മോഡൽ ഡ്രൈവിങ് സ്കൂളിലെ പരിശീലകൻ കളത്തിൽതൊടി രാജന് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു