കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ശുചിമുറിക്കെട്ടിടം തകർന്ന് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ ജീവൻ നഷ്ടമായിട്ട് ഇന്നേക്ക് ഒരു മാസം. ബലക്ഷയമുള്ള കെട്ടിടം എന്തുചെയ്യണമെന്നതിൽ ഇപ്പോഴും അന്തിമ തീരുമാനമായിട്ടില്ല. ഇതിനിടെ അപകടാവസ്ഥയിലുള്ള മറ്റൊരു ശുചിമുറിക്കെട്ടിടവും ആശുപത്രി അധികൃതർ അടച്ചുപൂട്ടി. പുതിയ സർജിക്കൽ ബ്ലോക്കിൽ നാലാഴ്ചക്കുള്ളിൽ ഓപ്പറേഷൻ തീയേറ്ററുകൾ സജ്ജമാകുമെന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ മനോരമ ന്യൂസിനോട് പറഞ്ഞു.
ശുചിമുറി കെട്ടിടം പൂർണമായും പൊളിച്ചുമാറ്റിയെങ്കിലും അതിനോട് ചേർന്നുളള ബലക്ഷയമുള്ള കെട്ടിടം ഇപ്പോഴും ഇവിടെയുണ്ട്. 57 വർഷം പഴക്കമുള്ള കെട്ടിടം പൂർണമായും പൊളിച്ചു മാറ്റണോ എന്നതിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്. പൊതുമരാമത്ത് കെട്ടിടവിഭാഗം ഉന്നതഉദ്യോഗസ്ഥർ കഴിഞ്ഞദിവസം പരിശോധന നടത്തി. വരുംദിവസം മന്ത്രിമാരുമായി ചർച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കും.
ബലക്ഷമുള്ള കെട്ടിടത്തിൽ നിന്ന് പുതിയ സർജിക്കൽ ബ്ലോക്കിലേക്ക് രോഗികളെ മാറ്റിയെങ്കിലും ഓപ്പറേഷൻ തിയേറ്ററുകൾ സജ്ജമായിട്ടില്ല. പതിനാല് അത്യാധുനിക ഓപ്പറേഷൻ തിയേറ്ററുകൾ നാലാഴ്ചയ്ക്കകം പ്രവർത്തനസജ്ജമാകുമെന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ മനോരമ ന്യൂസിനോട് പറഞ്ഞു നിലവിൽ അത്യാഹിത വിഭാഗത്തിലെ ഓപ്പറേഷൻ തിയറ്ററുകളിൽ രണ്ട് ഷിഫ്റ്റുകളിലായാണ് ശസ്ത്രക്രിയകൾ നടക്കുന്നത്. സുരക്ഷാ പരിശോധനയിൽ കണ്ടെത്തിയ താമസ യോഗ്യമല്ലാത്ത മെൻസ് ഹോസ്റ്റലിലെ ആറുമുറികൾ അടച്ചുപൂട്ടി. 20 കോടി രൂപയുടെ പുതിയ ഹോസ്റ്റൽ കെട്ടിടം നിർമിക്കാനും ലക്ഷ്യമിടുന്നു അപകടത്തിൽ മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ കുടുംബത്തിന് സർക്കാർ ധന സഹായം നൽകിയിരുന്നു. മകൾക്ക് ചികിൽസയും മകന് ജോലിയും സർക്കാർ ഉറപ്പാക്കിയിട്ടുണ്ട്.