മൂന്നര പതിറ്റാണ്ടുകാലം കേരളത്തിന്‍റെ രാഷ്ട്രീയ–മത രംഗങ്ങളില്‍ നിര്‍ണായക സ്വാധീന ശക്തിയായിരുന്ന പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഓര്‍മയായിട്ട് പതിനാറാം വര്‍ഷത്തിലേക്ക്. ഒട്ടേറെ സവിശേഷമായ ജനോപകാര പദ്ധതികളിലൂടെ മുഹമ്മദലി ശിഹാബ് തങ്ങളുടെ ഓര്‍മ നില നിര്‍ത്തുന്നുണ്ട് അനുയായികള്‍.
വിദേശ സര്‍വകലാശാലകളില്‍ ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കി എത്തിയ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ക്ക് അധ്യാപകനാകാനായിരന്നു ആഗ്രഹം.പക്ഷെ നിയോഗം മറ്റൊന്നായിരുന്നു.തലമുറകള്‍ക്ക് പാഠപുസ്തകമാകാനായിരുന്നു ആ നിയോഗം. ഒരു സമയത്തും ഗേറ്റ് അടയ്ക്കാത്ത കൊടപ്പനയ്ക്കല്‍ തറവാടു പോലെ തുറന്ന ഹൃദയമായിരുന്നു മുഹമ്മദലി ശിഹാബ് തങ്ങള്‍ക്കും.സൗമ്യതയുടെ പാല്‍നിലാവായിരുന്നു മുഹമ്മദലി ശിഹാബ് തങ്ങള്‍. സമൂഹത്തില്‍ ഛിദ്രതയുണ്ടാക്കാനുളള ശ്രമങ്ങള്‍ക്കെതിരെ ഉറച്ച നിലപാടെടുത്തു.
34 വര്‍ഷം ലീഗിന്‍റെ അമരത്ത് മുഹമ്മദലി ശിഹാബ് തങ്ങളായിരുന്നു.പൂമുഖത്ത് ആശ്വാസം തേടി എത്തുന്നവരുടെ ജാതിയോ,മതമോ,രാഷ്ട്രീയമോ ഒന്നും ചോദിക്കാതെ വേണ്ടതെല്ലാം ചെയ്തു കൊടുക്കുന്നതായിരുന്നു അദ്ദേഹത്തിന്‍റെ രീതി.
ആയിരങ്ങള്‍ക്ക് ആവലാതികള്‍ ഇറക്കി വയ്ക്കാനുളള അത്താണിയായിരുന്നു അദ്ദേഹം.മതസൗഹാര്‍ദം കാത്തു സൂക്ഷിക്കാന്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടു സ്വീകരിച്ചു.
അധികാരത്തിന്‍റെ താന്‍പോരിമകളില്‍ മുങ്ങിയ രാഷ്ട്രീയ വഴികളികളില്‍ നിന്ന് തങ്ങള്‍ മാറിസഞ്ചരിച്ചു.കരുണയുടെ,സഹിഷ്ണുതയുടെ,സൗഹാര്‍ദ്ദിന്‍റെ വഴി രാഷ്ട്രീയത്തിലും സാധ്യമാണന്ന് തെളിയിച്ചു.കാരുണ്യത്തിന്‍റേയും കരുതലിന്‍റേയും സൂര്യശോഭയായിരുന്നു തങ്ങള്‍.
2009 ഓഗസ്റ്റ് ഒന്നിന് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ വിയോഗ വാരര്‍ത്ത എത്തിയപ്പോള്‍ ഞെട്ടലോടെ അതിലേറെ വേദനയോടെയാണ് കേരളം കേട്ടത്.പിന്നീട് മലപ്പുറത്തേക്ക് ഒരു ജനപ്രവാഹമായിരുന്നു.
സഹജീവി സ്നേഹത്തിന്‍റെ പര്യായമായി ജീവിച്ച തങ്ങളുടെ ഓര്‍മ പതിനായിരത്തിലേറെ ബൈത്തുറഹ്മ ഭവനങ്ങളായി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പാവങ്ങള്‍ക്ക് തണലാകുന്നുണ്ട്.ഡയാലിസിസ് സെന്‍ററുകളും ആംബുലന്‍സുകളും ചാരിറ്റി കേന്ദ്രങ്ങളും ശിഹാബ് തങ്ങളുടെ പേരും ഓര്‍മയും ഇപ്പോഴും സമൂഹത്തിനാകെ തണല്‍ വിരിച്ചു നില്‍ക്കുന്നു.
പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ വാക്കുകൊണ്ട് മുറിവേറ്റ ആരുമുണ്ടാവില്ല.രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസമുളളവര്‍ പോലും ശിഹാബ് തങ്ങളുടെ ഈ വിശുദ്ധിയെ ആദരിക്കുകയാണ്.