ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയില്‍ വീഴ്ചയെന്നു കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. 'നടപടികള്‍ പൂര്‍ത്തിയാവുംമുന്‍പ് അപേക്ഷ നല്‍കി. കന്യാസ്ത്രീകളെ പിടിച്ചത് ബിജെപിയല്ല. ടിടിഇ ആണ് കുട്ടികളെ സംശയാസ്പദമായി കണ്ടെത്തിയത്. കേക്കുവേണ്ടെന്ന് പറയാന്‍ മെത്രാന്‍മാര്‍ക്ക് അവകാശമുണ്ട്. കേരളത്തില്‍ മുഖ്യധാരാസഭകള്‍ മതപരിവര്‍ത്തനം നടത്തുന്നില്ല. മതപരിവര്‍ത്തനം നടന്നോ ഇല്ലയോ എന്ന് പറയാനാവില്ല. മന്ത്രി അല്ലാത്തതുകൊണ്ടാണ് രാജീവ് ചന്ദ്രശേഖര്‍ അങ്ങനെ പറഞ്ഞത്. ഛത്തീസ്ഗഢിലെ കോണ്‍ഗ്രസുകാര്‍ സമരം ചെയ്യാത്തതെന്ത്?. പ്രശ്നം പരിഹരിക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ടെന്നും' ജോര്‍ജ് കുര്യന്‍ മാധ്യമങ്ങളോടു പറഞ്ഞു.
കന്യാസ്ത്രീകളുടെ അറസ്റ്റിനെ ന്യായീകരിച്ച് മുഖ്യമന്ത്രി വിഷ്ണുദേവ് സായ് രംഗത്തെത്തി. പൊലീസ് അവരുടെ ജോലിയാണ് ചെയ്യുന്നതെന്നാണ് വാദം. കന്യാസ്ത്രീകള്‍ ഇന്ന് ഛത്തീസ്ഗഡ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയേക്കും. നിയമനടപടികൾ സങ്കീർണമാകും എന്നതിനാൽ പ്രത്യേക എന്‍ഐഎ കോടതിയെ സമീപിക്കേണ്ട എന്നാണ് നിയമോപദേശം. മനുഷ്യക്കടത്ത് വകുപ്പ് ചുമത്തിയത് എന്‍ഐഎയുടെ അന്വേഷണപരിധിയിൽ വരുന്നതാണെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് ജാമ്യാപേക്ഷ സെഷൻസ് കോടതി ഇന്നലെ പരിഗണിക്കാതിരുന്നത്. കന്യാസ്ത്രീകളുടെ അറസ്റ്റിൽ ഇടപെടൽ ആവശ്യപ്പെട്ട് യുഡിഎഫ് എംപിമാർ ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കാണും.
ഇതിനിടെ വിഷയത്തില്‍ മുഖം രക്ഷിക്കാന്‍ ബിജെപി നീക്കം തുടങ്ങി. രാജീവ് ചന്ദ്രശേഖര്‍ ക്രൈസ്തവ സഭാധ്യക്ഷന്മാരെ കാണും. ഡല്‍ഹിയില്‍ നിന്ന് രാജീവ് ഇന്ന് കൊച്ചിയിലെത്തും. രാത്രി എട്ടിന് സിറോ മലബാര്‍ സഭ ആസ്ഥാനത്തെത്തും. മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിനെ കാണും. തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ താഴത്തിനെയും കാണും.