TOPICS COVERED

പാഞ്ഞലച്ചു വന്ന മലവെള്ളപ്പാച്ചിലിനെ വകഞ്ഞുമാറ്റി  ഉമ്മയ്ക്കൊപ്പം നീന്തി കരയ്ക്കടിഞ്ഞ നൈസ മോളും കുടുംബവും ഇപ്പോഴും വാടകവീട്ടിലാണ്. വാടക, സര്‍ക്കാര്‍ നല്‍കുന്നുണ്ടെങ്കിലും ഇതെത്ര കാലമുണ്ടാകുമെന്ന ആശങ്ക ഇവരെ അലട്ടുന്നുണ്ട്. പ്രധാനമന്ത്രി അടക്കം എല്ലാം ശരിയാകുമെന്ന് നേരിട്ടെത്തി ഉറപ്പുനല്‍കിയിരുന്നെങ്കിലും ഒന്നും സംഭവിച്ചില്ലെന്ന് പറയുന്ന ഇവര്‍ ടൗണ്‍ ഷിപ്പിലെ വീടിനായുളള കാത്തിരിപ്പിലാണ്. 

പ്രാര്‍ഥനയിലായിരുന്നു നൈസമോള്‍. നഷ്ടപ്പെട്ടതെല്ലാം തിരിച്ചുകിട്ടാന്‍ പ്രാര്‍ഥിക്കാനേ നൈസമോള്‍ക്ക് അറിയാമായിരുന്നുള്ളൂ. ഞങ്ങളെ കണ്ടപ്പോള്‍ നൈസമോള്‍ ഓടി വന്നു. വിശേഷങ്ങള്‍ പറഞ്ഞു. കയ്യിലുള്ള മിഠായി ആദ്യമേ കൈക്കലാക്കി.  മുമ്പത്തെ പോലെയല്ല, കഴിഞ്ഞ വര്‍ഷം ജൂലൈ 30ന് എന്താണ് സംഭവിച്ചതെന്ന് കൃത്യമായറിയാം നൈസ മോള്‍ക്കിപ്പൊ. ഉപ്പയും സഹോദരങ്ങളുമടക്കം  എല്ലാം നഷ്ടപ്പെട്ടു. വീട് ഒന്നാകെ ഉരുളെടുത്തു.  രാത്രി ഉപ്പയുടെ ഫോട്ടോ കെട്ടിപ്പിടിച്ചാണ് ഉറങ്ങാറ്. ഉപ്പയുടെ തിരിച്ചുവരവിനായി മുടങ്ങാതെ പ്രാര്‍ഥിക്കും. അവള്‍ക്കറിയില്ലല്ലോ തിരിച്ചുവരാനാകാത്ത ലോകത്തേയ്ക്കാണ് ഉപ്പയും സഹോദരങ്ങളും പോയതെന്ന്. കൂടുതലൊന്നും പറയാനില്ല. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് ഇനിയും ഇവരുടെ പുനരധിവാസം വൈകാന്‍ ഇടയാക്കരുത്. ഇനിയും കഷ്ടപ്പെടുത്തരുത്. 

ENGLISH SUMMARY:

Naisa Mol, who swam to safety with her mother during a devastating flash flood, still lives in a rented house with her family. Although the government provides rent support, uncertainty looms over how long it will continue. Despite direct assurances from top leaders, including the Prime Minister, nothing has materialized yet. The family continues to wait for their promised home in the township.