ഉരുള്‍പൊട്ടലില്‍ ചൂരല്‍മല അങ്ങാടി ഇല്ലാതായതോടെ ഇവിടെ നിന്ന് തുടച്ചുമാറ്റപ്പെട്ടവരാണ് വ്യാപാരികളും ചെറുകിട കച്ചവടക്കാരും. ഒരാണ്ട് പിന്നിടുമ്പോളും സര്‍ക്കാരില്‍ നിന്ന് ഒരു രൂപയുടെ നഷ്ടപരിഹാരം പോലും കിട്ടിയിട്ടില്ല. ഭൂമിയും കൃഷിയും ഉപേക്ഷിച്ച് ചൂരല്‍മലയില്‍ നിന്ന് പലായനം ചെയ്തവരുടെ അവസ്ഥയും വ്യത്യസ്തമല്ല.
ഇത് ചൂരല്‍മലയിലെ അബൂബക്കര്‍. ദുരന്തം ഗതിമാറ്റിയ ജീവിതങ്ങളില്‍ ഒരാള്‍. ഭാര്യയുടെ മൃതദേഹം പോലും ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇവരുടെ 12 അംഗ കുടുംബത്തിന്‍റെ ഏക വരുമാനമായിരുന്ന കടമുറികളും കച്ചവട സ്ഥാപനവും തകര്‍ന്ന് ഇല്ലാതായി. വൃക്കരോഗിയാണ്. മേപ്പാടിയിലെ വാടകവീട്ടിലാണ് ഇപ്പോള്‍ അബൂബക്കറുള്ളത്.
അനാഥത്വം പേറുന്ന കുറേ കടമുറികള്‍ ഇപ്പോളും ചൂരല്‍മലയില്‍ കാണാം. പലതും പാതി തകര്‍ന്നവ. അബൂബക്കറിന്‍റെത് പോലെ അങ്ങാടിയിലെ 71 വ്യാപാര സ്ഥാപനങ്ങള്‍ ഇല്ലാതായി. പലരും വായ്പയെടുത്ത് സ്ഥാപനങ്ങള്‍ തുടങ്ങിയവര്‍. സര്‍ക്കാര്‍ ഇവരെ തിരിഞ്ഞ് നോക്കിയിട്ട് പോലുമില്ല. ഒരുവര്‍ഷമായിട്ടും ഒരു രൂപ പോലും നഷ്ടപരിഹാരം കിട്ടിയിട്ടുമില്ല. കൃഷിസ്ഥലവും ഭൂമിയും നഷ്ടപ്പെട്ട് പലായനം ചെയ്തവര്‍ വേറെ. മഴക്കെടുതിയില്‍ പോലും വിളനാശത്തിന് തുക കിട്ടുമെന്നിരിക്കെ വലിയൊരു ഉരുള്‍പൊട്ടലില്‍ കൃഷിഭൂമി ഇല്ലാതായവരെ സര്‍ക്കാര്‍ പരിഗണിക്കുന്നത് പോലുമില്ല എന്നതാണ് വലിയ വിരോധാഭാസം.