ചിന്നക്കനാലില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി റിസോര്‍ട്ട് നിര്‍മിച്ചെന്ന ആരോപണത്തില്‍ മാത്യു കുഴല്‍നാടന്‍ എം.എല്‍.എക്കെതിരെ ഇ.ഡി അന്വേഷണവും. നേരത്തെ ഈവിഷയത്തില്‍ വിജിലന്‍സ് കേസെടുക്കുകയും കുഴല്‍നാടന്‍ ഉള്‍പ്പെടെയുള്ളവരെ പ്രതിചേര്‍ക്കുകയും ചെയ്തിരുന്നു. ഇഡി കേസില്‍ കുഴല്‍നാടനെ ഉടന്‍ ചോദ്യം ചെയ്യും. സ്ഥലത്തിന്‍റെ മുന്‍ ഉടമയെ ചോദ്യം ചെയ്തു. 50 സെന്‍റ് സര്‍ക്കാര്‍ ഭൂമി കയ്യേറിയാണ് റിസോര്‍ട്ട് നിര്‍മിച്ചതെന്നും കയ്യേറ്റമെന്നറിഞ്ഞിട്ടും പോക്കുവരവ് നടത്തിയെന്നും വിജിലന്‍സ് കണ്ടെത്തിയിരുന്നു.
അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍, ക്രിമിനല്‍ ഗൂഡാലോചന, വഞ്ചന, വ്യാജ രേഖ ചമയ്ക്കല്‍ തുടങ്ങിയ കുറ്റങള്‍ ചുമത്തി വിജിലന്‍സ് റെജിസ്റ്റര്‍ ചെയ്ത കേസിന്‍റെ ചുവടുപിടിച്ചാണ് ഇഡി അന്വേഷണം. റിസോര്‍ട്ട് കൈമാറ്റത്തിലെ കള്ളപ്പണമിടപാടുകളാണ് ഇഡി പരിശോധിക്കുന്നത്. വിജിലന്‍സ് കേസിലെ എട്ടാംപ്രതി ജെയ്മോന്‍ ജോസഫ്, ഒന്‍പതാം പ്രതി യൂസഫ്, പത്താം പ്രതി ജെന്നിഫര്‍ എന്നിവരെ ആദ്യഘട്ടത്തില്‍ ചോദ്യം ചെയ്തു. മുന്‍ ഉടുമ്പന്‍ചോല തഹസില്‍ദാര്‍ പി.കെ. ഷാജിയാണ് വിജിലന്‍സ് കേസിലെ ഒന്നാംപ്രതി. കുഴല്‍നാടന്‍ എംഎല്‍എ പതിനാറാം പ്രതിയാണ്. ചിന്നക്കനാല്‍ വില്ലേജില്‍ 34/1 സര്‍വെ നമ്പറില്‍ ഉള്‍പ്പെട്ട ഭൂമിയോട് ചേര്‍ന്നുള്ള അന്‍പത് സെന്‍റ് സര്‍ക്കാര്‍ ഭൂമിയാണ് കയ്യേറി റിസോര്‍ട്ട് നിര്‍മിച്ചത്.
ഇഡി അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് മാത്യു കുഴല്‍നാടന്‍ മനോരമ ന്യൂസിനോട്. ഏത് അന്വേഷണം നേരിടാനും തയ്യാർ. ആരോപണങ്ങളെക്കുറിച്ച് ജനങ്ങളോട് വിശദീകരിക്കേണ്ട ബാധ്യത തനിക്കുണ്ടെന്നും കുഴല്‍നാടന്‍ പറഞ്ഞു.
കുഴല്‍നാടന്‍റെ കള്ളപ്പണ ഇടപാടില്‍ നേരത്തെ സംശയമുണ്ടെന്ന് സിപിഐ ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമന്‍. കുഴല്‍നാടന്‍റെ വരവും ചെലവും ദുരൂഹമാണ്. മുഖ്യമന്ത്രിയെ വേട്ടയാടാന്‍ ഇ.ഡിയെ മാടിവിളിച്ച കുഴല്‍നാടനുള്ള സ്വാഭാവിക തിരിച്ചടിയാണ് ഇ.ഡി. അന്വേഷണമെന്ന് ശിവരാമന്‍ മനോരമ ന്യൂസിനോട് പറഞ്ഞു
കയ്യേറ്റമാണെന്ന് തിരിച്ചറിഞ്ഞിട്ടും ഭൂമിയുടെ പോക്കുവരവും കെട്ടിട നിര്‍മാണ അനുമതിയടക്കം നല്‍കിയ ചിന്നക്കനാല്‍ മുന്‍ പഞ്ചായത്ത് സെക്രട്ടറി കെ. ജെ. മനോജ് ബാബു,മുന്‍ വില്ലേജ് ഓഫിസര്‍ സുനില്‍ കെ പോള്‍ എന്നിവരും പ്രതി പട്ടികയിലുണ്ട്. ഇവരും വരും ദിവസങ്ങളില്‍ ഇഡിയുടെ ചോദ്യമുനയിലെത്തും.