ജപ്തി ഭീഷണിയിലുള്ള ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ തെന്നിവീണ് നാട്ടിക എംഎല്‍എ സിസി മുകുന്ദന് പരിക്ക് പറ്റിയിരുന്നു. അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ സംസ്‌കാരച്ചടങ്ങുകളില്‍ പങ്കെടുത്ത് തിരിച്ചെത്തിയ ബുധനാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത്. വീടിന് അകക്ക് കയറിയ എംഎല്‍എ മഴയില്‍ ചോര്‍ന്നൊലിച്ച് തളം കെട്ടി നിന്ന വെള്ളത്തില്‍ ചവിട്ടി തെന്നിവീഴുകയായിരുന്നു. വീഴ്ചയില്‍ കാലിന് പരിക്കേറ്റ എംഎല്‍എ ചികിത്സയ്ക്ക് ശേഷം വീട്ടില്‍ വിശ്രമത്തിലാണ്. ഇതിന് പിന്നാലെ എംഎല്‍എയെ സഹായിക്കുമെന്ന് പറഞ്ഞ് പാര്‍ട്ടി രംഗത്ത് വന്നിരുന്നു, ഇതിന് പിന്നാലെ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ് കെ.പി.സി.സി വക്താവ് സന്ദീപ് വാര്യർ.
സാധാരണക്കാരൻ മാസം 20,000 രൂപ വരുമാനത്തിൽ അന്തസായി കുടുംബം നോക്കുന്നുണ്ടെന്നും എന്നിട്ടും കേരളത്തിൽ ഒരു എം.എൽ.എക്ക് ദാരിദ്ര്യമാണെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പാടാണെന്നും സന്ദീപ് വാര്യർ ഫെയ്സ്ബുക്കിൽ കുറിച്ചു. ഇത്രയും പണം മാസം ലഭിച്ചിട്ടും വീട്ടിലെ പൊട്ടിയ ഓട് പോലും മാറ്റിയിടാൻ കഴിയാത്ത എംഎൽഎ നാട്ടിലെ തകർന്നുകിടക്കുന്ന റോഡുകൾ എങ്ങനെ നന്നാക്കാനാണെന്നും സന്ദീപ് ചോദിക്കുന്നു.
കുറിപ്പ്
കേരളത്തിലെ ഒരു നിയമസഭാ സാമാജികന് പ്രതിമാസം 70000 രൂപ അടിസ്ഥാന ശമ്പളവും മറ്റ് ആനുകൂല്യങ്ങൾ എല്ലാം ചേർത്ത് ഏതാണ്ട് ഒന്നരലക്ഷത്തോളം രൂപയും ലഭിക്കുന്നു എന്നാണ് അറിവ്. അതിനുപുറമേ 10 ലക്ഷം രൂപ വരെ പലിശയില്ലാത്ത കാർ വായ്പ, 20 ലക്ഷം രൂപ വരെ മിതമായ നിരക്കിൽ ഭവന വായ്പ എന്നിവയും ലഭിക്കുന്നുണ്ട്. കൂടാതെ ഡീസൽ , ഫോൺ, അതിനുപുറമേ ട്രെയിൻ ബസ് യാത്ര ഇതെല്ലാം സർക്കാർ നൽകും. അതിനും പുറമേ ചികിത്സാ ചെലവുകൾ എല്ലാം സർക്കാർ റീ ഇമ്പേഴ്സ്മെൻറ് ചെയ്യും. ഈ സൗകര്യങ്ങൾ ഒന്നുമില്ലാത്ത കേരളത്തിലെ സാധാരണക്കാരൻ മാസം ഇരുപതിനായിരം രൂപ വരുമാനത്തിൽ അന്തസായി കുടുംബം നോക്കുന്നുണ്ട്. എന്നിട്ടും കേരളത്തിൽ ഒരു എംഎൽഎക്ക് ദാരിദ്ര്യമാണെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പാടാണ്. അതുകൊണ്ട് മാധ്യമങ്ങൾ ഫാക്ട് ചെക്ക് ചെയ്യാൻ തയ്യാറാവണം. NB : ഇത്രയും പണം മാസം ലഭിച്ചിട്ടും വീട്ടിലെ പൊട്ടിയ ഓട് പോലും മാറ്റിയിടാൻ കഴിയാത്ത എംഎൽഎ നാട്ടിലെ തകർന്നുകിടക്കുന്ന റോഡുകൾ എങ്ങനെ നന്നാക്കാനാണ്.