north-kerala-rain

TOPICS COVERED

ശക്തമായ കാറ്റിലും മഴയിലും വടക്കന്‍ കേരളത്തില്‍ രണ്ട് മരണം.  കണ്ണൂരില്‍ വീടിന് മുകളിലേക്ക് മരം വീണും ബോട്ട് മറിഞ്ഞുമാണ് രണ്ടുപേര്‍ മരിച്ചത്. കോഴിക്കോട് കട്ടിപ്പാറയില്‍ വനത്തിനുള്ളില്‍ ഉരുള്‍പ്പൊട്ടി മലവെള്ളപാച്ചിലുണ്ടായി.  

കണ്ണൂര്‍ കോളയാട് പുലര്‍ച്ചെയുണ്ടായ ശക്തമായ കാറ്റിലാണ് വീടിന് മുകളിലേക്ക് മരം വീണ് ഉറങ്ങി കിടന്നയാള്‍ മരിച്ചത്. 78 കാരനായ തെറ്റുമ്മല്‍ ചന്ദ്രന്‍ ആണ് അപകടത്തില്‍പ്പെട്ടത്. ചന്ദ്രന്‍റെ വീട്ടുവളപ്പിലെ  തൊഴുത്തിന് മുകളിലേക്ക് മരം വീണ് പശുവും ചത്തു. ചൂട്ടാട് ബീച്ചില്‍ ഫൈബര്‍ ബോട്ട് മണ്ണല്‍ത്തിടയിലിടിച്ച് മറിഞ്ഞ് ഒരാള്‍ മരിച്ചു. തമിഴ്നാട് സ്വദേശി ആന്‍റണിയാണ് മരിച്ചത്. കാസര്‍കോട് ഓടിക്കൊണ്ടിരുന്ന ബസിനുമുകളില്‍ മരം വീണ് അഞ്ചുപേര്‍ക്ക് പരുക്കേറ്റു. കൊന്നക്കാട് നിന്ന് കാഞ്ഞങ്ങാട്ടേക്ക് പോവുന്ന സ്വകാര്യബസിനുമുകളിലേക്കാണ് മരം വീണത്. പരുക്കേറ്റവരെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് കല്ലാച്ചി, താമരശേരി, കൂടരഞ്ഞി, പേരാമ്പ്ര, കൂടത്തായി എന്നിവിടങ്ങളില്‍ മിന്നല്‍ ചുഴലിക്ക് സമാനമായാണ് കാറ്റ് വീശിയത്. നിരവധി വീടുകള്‍ക്കും വാഹനങ്ങള്‍ക്കും മുകളിലേക്ക് മരം വീണു.  കട്ടിപ്പാറയില്‍ വനത്തില്‍ ഉരുള്‍പ്പൊട്ടിയതോടെ താഴ്വാരത്തുള്ള 21 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു.  മലവെള്ളപാച്ചിലില്‍ വലിയ പാറകല്ലുകള്‍ അടക്കം ഒഴുകിയെത്തി.

പാലക്കാട് ആളിയാര്‍ ഡാമിന്‍റെ ഷട്ടര്‍ തുറന്നതോടെ ചിറ്റൂര്‍ പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു.  പറളി ഓടന്നൂര്‍ നിലംപതി പാലം മുങ്ങി. മണ്ണാര്‍ക്കാട്  തിരുവിഴാംകുന്ന് മേഖലയില്‍ നാലുവീടുകളുടെ മുകളിലേക്ക് മരം വീണു.   നെന്മാറ വിത്തനശേരിയില്‍ രാമസ്വാമി, മുരുകമ്മ എന്നിവരുടെ ഒറ്റമുറി വീട് തകര്‍ന്നു. ഇരുവരെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. നെല്ലിയാമ്പതി ചുരം പാതയില്‍ പലയിടങ്ങളിലായി മണ്ണിടിച്ചിലുണ്ടായി.

ENGLISH SUMMARY:

Heavy winds and rain claimed two lives in North Kerala. In Kannur, one person died after a tree fell on a house, and another in a boat capsizing incident. Meanwhile, a landslide and flash flood occurred inside the forest area of Kattippara in Kozhikode.