chamy-new

2011 ഫെബ്രുവരി ഒന്നിനായിരുന്നു ഗോവിന്ദച്ചാമി ജീവിതാവസാനം വരെ ജയിലിൽ കഴിയാൻ ഇടയാക്കിയ ക്രൂരകൃത്യം. അന്ന് രാത്രിയാണ് ഇയാൾ ട്രെയിനിൽ നിന്ന് തള്ളിയിട്ട പെൺകുട്ടിയെ മൃതപ്രായയാക്കി ബലാത്സംഗം ചെയ്തത്. ദൃക്സാക്ഷികളില്ലാത്ത കേസായിരുന്നു അത്. ഷൊർണൂർ പാസഞ്ചറിൽ തൊട്ടടുത്ത കോച്ചിൽ യാത്ര ചെയ്തിരുന്നയാളുടെ മൊഴിയാണ് നിർണായകമായത്. ട്രെയിൻ തൃശൂർ വള്ളത്തോൾ നഗറിലൂടെ കടന്നുപോകവേ ഒരു കരച്ചിൽ കേട്ടാണ് ഇദ്ദേഹം വാതിൽക്കൽ എത്തി നോക്കിയത്. 

ഒറ്റക്കയ്യനായ ഒരാൾ പൂച്ചയേപ്പോലെ ചാടി നിവരുന്നത് മാത്രം കണ്ടു. സാക്ഷിയായ വ്യക്തി അപായച്ചങ്ങല വലിക്കാൻ തുനിഞ്ഞെങ്കിലും, എല്ലാവരുടേയും യാത്ര മുടങ്ങുമെന്ന് പറഞ്ഞ് തടഞ്ഞു. ട്രെയിൻ ഷൊർണൂരിൽ എത്തിയ ശേഷമാണ് സംഭവം പൊലീസിൽ റിപ്പോർട്ട് ചെയ്തത്. ഇതിനിടെ അവശനിലയിലായ പെൺകുട്ടിയെ നാട്ടുകാർ ട്രാക്കിൽ കണ്ടെത്തി. പൊലീസിനെ അറിയിച്ച് ആശുപത്രിയിലാക്കി. പീഡനം നടന്നതായി പിന്നീടാണ് വ്യക്തമാകുന്നത്. 

govindachamy-today

യാത്രക്കാരനായ സാക്ഷി പറഞ്ഞതുമായി കൂട്ടിച്ചേർത്ത് ക്രൈം സീൻ തയ്യാറാക്കി. ഒറ്റക്കയ്യനായി അന്വേഷണം തുടങ്ങി. അടുത്ത ദിവസം പാലക്കാടിനടുത്ത് വച്ച് ഗോവിന്ദച്ചാമി റെയിൽവേ പൊലീസിന്റെ പിടിയിലായി. അഞ്ചു ദിവസത്തോളം മരണത്തോട് മല്ലടിച്ച ശേഷം പെൺകുട്ടി യാത്രയാവുകയും ചെയ്തു.

ഇടതു കൈപ്പത്തിയില്ലെന്നതാണ് ഗോവിന്ദച്ചാമിയെന്ന കൊടും ക്രിമിനലിന്റെ അടയാളം. ആദ്യം പിടിയിലായതും കഴിഞ്ഞ ദിവസം ജയിൽ ചാട്ടത്തിന് ശേഷം വഴിയാത്രികർ തിരിച്ചറിഞ്ഞതും പ്രധാനമായും ഈ അടയാളം വച്ചാണ്. വധശിക്ഷയിൽ ഇളവു കിട്ടാനും  ഈ അംഗ പരിമിതി വച്ച് പ്രതിഭാഗം വാദിച്ചിട്ടുണ്ട്. 

cctv-chamy

കൈപ്പത്തി നഷ്ടമായതെങ്ങനെയെന്നറിയാൻ 14 വർഷം മുമ്പ് കേരള പൊലീസ് നടത്തിയ അന്വേഷണം ഗോവിന്ദച്ചാമിയുടെ മറ്റൊരു സാഹസത്തിലേക്കാണ് വിരൽ ചൂണ്ടിയത്. ഗോവിന്ദച്ചാമിയുടെ വേരുകൾ തേടി ബലാത്സംഗ,കൊലക്കേസിലെ പ്രത്യേക അന്വേഷണ സംഘം തമിഴ്നാട് വിരുദുനഗർ ജില്ലയിലെ ഒരു തിരുട്ടു ഗ്രാമത്തിലെത്തിയിരുന്നു. ഇയാൾ വളർന്ന പ്രദേശമാണിത്. അവിടുത്തെ നാട്ടുകാരാണ് പൊലീസിനോട് അക്കഥ പറഞ്ഞത്. 

ഒരിക്കൽ ഒരു ഇടവഴിയിൽ വച്ച് ഒരു സ്ത്രീയുടെ മാല പൊട്ടിച്ച ശേഷം ബൈക്കിൽ പായുകയായിരുന്നു ഗോവിന്ദച്ചാമിയും കൂട്ടാളിയും. രക്ഷപ്പെടാനായി ബൈക്ക് അതിവേഗം ഹൈവേയിലേക്ക് എടുത്തപ്പോൾ അതിലൂടെ പാഞ്ഞു വന്ന ലോറിക്ക് അടിയിൽപ്പെടുമെന്നായി. ബ്രേക്കിട്ടിട്ടും ബൈക്ക് നിയന്ത്രിക്കാൻ പറ്റാതായതോടെ പിന്നിലിരുന്നിരുന്ന ഗോവിന്ദച്ചാമി സ്വന്തം കൈ പിൻചക്രത്തിലെ കമ്പികൾക്കിടെയിൽ തിരുകി. 

govinda-chami-escape

ബൈക്ക് സഡൻ ബ്രേക്കിട്ട പോലെ നിൽക്കുകയും ലോറി തലനാരിഴയ്ക്ക് കടന്നു പോവുകയും ചെയ്തു. രണ്ടു പേരുടെ ജീവൻ രക്ഷപ്പെട്ടെങ്കിലും ചാമിക്ക് കൈപ്പത്തി നഷ്ടമായി. ഇതാണ് നാട്ടുകാർ അറിയിച്ചത്. ഗോവിന്ദച്ചാമിയുടെ ക്രിമിനൽ പശ്ചാത്തലം അറിയാൻ പൊലീസിന് ഇത്തരം വിവരങ്ങൾ സഹായകമാവുകയും ചെയ്തു. കുറ്റം ചെയ്യാനും രക്ഷപ്പെടാനും ഗോവിന്ദച്ചാമി എന്തു സാഹസവും ചെയ്യുമെന്നാണ് ഇന്നലത്തെ ജയില്‍ചാട്ടം ഉള്‍പ്പെടെയുള്ള സംഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നത്.

ENGLISH SUMMARY:

The investigation conducted by the Kerala Police 14 years ago to uncover how Govindachamy lost his arm pointed to yet another of his escapades. While tracing his roots, the special investigation team probing the rape and murder case had reached a remote village in Virudhunagar district of Tamil Nadu — the area where Govindachamy was raised. It was the local residents there who shared this story with the police.