ആൾനാശവും, തീരാദുരിതവും തീർത്ത് മധ്യകേരളത്തിൽ തോരാമഴ. ഇടുക്കി ഉടമ്പൻ ചോലയിൽ ജോലിയ്ക്കിടെ മരം വീണ് തോട്ടം തൊഴിലാളി മരിച്ചു. കൊച്ചിയിലും, തൃശൂരിലും, കോട്ടയത്തും, വൻമരങ്ങൾ കടപുഴകി വീണു. വീടുകൾക്ക് കേടുപാടുണ്ടായി. പൂയംകുട്ടിയിൽ ഒറ്റപ്പെട്ട ആദിവാസി ഊരിൽനിന്ന് വഞ്ചിയിൽ ആളുകളെ മറുകരയെത്തിച്ചു.
ഇടുക്കി ഉടുമ്പൻചോലയിൽ തമിഴ്നാട് തേവാരം സ്വദേശി ലീലാവതിയാണ് മരം വീണ് മരിച്ചത്. മഴ കനത്തതോടെ യാത്രാ ദുരിതവും ഏറി. പ്രധാന റോഡുകളും, ഇടറോഡുകളും വെള്ളത്തിലായി. കോതമംഗലത്ത് മണികണ്ഠൻ ചാൽ ചാപ്പാത്ത് മുങ്ങി. കുടമുണ്ട പാലം വെള്ളത്തിലായി, ഗതാഗതം തടസ്സപ്പെട്ടു. തോപ്പുംപടിയിൽ സ്വകാര്യബസ്സിനു മുകളിലേയ്ക്ക് മരം വീണു. പറവൂരിൽ റോഡിനു കുറുകെ മരം വീണ് വൈദ്യുതി ലൈൻ പൊട്ടി. ആലപ്പുഴയിൽ കുട്ടനാട്ടിലും, അപ്പർകുട്ടനാട്ടിലും വെള്ളക്കെട്ട് രൂക്ഷമായി. ആറാട്ടുപുഴ പെരുമ്പള്ളിയിൽ കടലാക്രമണം കൂടി .ഒരുവീട് തകർന്നു. 30 വീടുകൾ കടലാക്രമണ ഭീഷണിയിൽ. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ടയിൽ പാതയിൽ വെയിൽ കാണാംപറയിൽ മരം കടപുഴകി വീണു. ജില്ലയിൽ ശക്തമായ കാറ്റിൽ നൂറിലധികം വീടുകൾക്ക് കേടുപാട് സംഭവിച്ചതായി റവന്യു വകുപ്പിൻ്റെ കണക്ക്. തൃശൂരിൽ കുമരപ്പനാൽ സ്വദേശി മണിയുടെ വീടിനുമുകളിൽ മരം വീണു. വീട് തകർന്നു. കേരള ഷോളയാർ ഡാമിൻ്റെ മൂന്നു ഷട്ടറുകൾ തുറന്നു. പടിയൂരിൽ മിന്നൽ ചുഴലിയിൽ നിരവധി മരങ്ങൾ വീണു. വീടുകൾക്കും കേടുപാട്. ഇടുക്കിയിൽ വ്യാപക മണ്ണിടിച്ചിലുണ്ടായി. പൊൻമുടി, കല്ലാർകുട്ടി, മലങ്കര ഡാമുകളുടെ ഷട്ടർ ഉയർത്തി. ചീയപ്പാറയിൽ റോഡിലേയ്ക്ക് മരം വീണു. കടലേറ്റം ശക്തമായി വെള്ളക്കെട്ടിലായതോടെ കണ്ണമാലി, ചെല്ലാനം, നായരമ്പലം പ്രദേശങ്ങളിൽ നിന്ന് നിരവധി കുടുംബങ്ങൾ മാറി. കൃഷി നാശവും വ്യാപകമാണ്.