pathanamthitta-rain
  • നാശം വിതച്ച് കനത്ത കാറ്റും മഴയും
  • മരക്കൊമ്പ് ഒടിഞ്ഞുവീണ് തൊഴിലാളി മരിച്ചു
  • എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് നാശം വിതച്ച് കനത്ത കാറ്റും മഴയും. ഉച്ചയ്ക്ക് ശേഷം വീശിയടിച്ച കനത്ത കാറ്റില്‍ പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, പാലക്കാച് ജില്ലകളില്‍ വലിയ നാശമുണ്ടായി.  മൂന്നുമണിയോടെയാണ് ഏതാനും മിനിറ്റുകൾ മാത്രം നീണ്ടുനിന്ന കനത്ത കാറ്റ് വീശിയത്.

ശക്തമായ കാറ്റിൽ പത്തനംതിട്ട റാന്നി മേഖലയിൽ മരം വീണ് നാശനഷ്ടങ്ങളുണ്ടായി. ഒരാൾക്ക് പരുക്കേറ്റു അഞ്ചോളം വാഹനങ്ങൾ തകർന്നു. ആറോളം വീടുകൾക്കും കേടുപാടുകൾ ഉണ്ട്. റാന്നി ബൈപ്പാസിൽ രണ്ട് തേക്കുമരങ്ങൾ കടപുഴകി റോഡിലേക്ക് വീണു. നാലു വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു. എതിർവശത്ത് പ്രദർശനത്തിന് ഇട്ടിരുന്ന ഒരു കാർ തകർന്നു. സമീപത്ത് ഉണ്ടായിരുന്ന ഓട്ടോറിക്ഷയ്ക്കും കേടുപാടുകൾ ഉണ്ട്. പ്രദർശനശാലയിൽ ഉണ്ടായിരുന്ന ഒരു ജീവനക്കാരന് പരുക്കേറ്റു. 

ഇടുക്കി ചക്കുപള്ളത്ത് മരക്കൊമ്പ് ഒടിഞ്ഞുവീണ് ഒരാള്‍ മരിച്ചു. തമിഴ്നാട് കെജി പെട്ടി സ്വദേശി സുധ(50) ആണ് മരിച്ചത്. ഏലത്തോട്ടത്തിലെ ജോലിക്കിടെ തൊഴിലാളിയാണ് അപകടമുണ്ടായത്. കോട്ടയത്ത് ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വൈദ്യുതി ലൈനുകള്‍ തകര്‍ന്നു. കിടങ്ങൂരില്‍ റോഡിന് കുറുകെ മരം വീണ് ഗതാഗതം തടസപ്പെട്ടു.

വൈക്കത്ത് മരം വീണ് വാഹനങ്ങള്‍ക്ക് കേടുപാടുണ്ടായി. കുമരകം, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട മേഖലകളിലും നാശമുണ്ടായി. അങ്ങാടി സ്വദേശി വിജയൻറെ വീടിനു മുകളിലേക്ക് അടുത്ത പറമ്പിലെ തേക്കുമരം വീണു. വീടിന്‍റെ ഒരു ഭാഗവും മുറ്റത്തുണ്ടായിരുന്ന കാറും ബൈക്കും തകർന്നു. ഇടമുറി, ചേത്തയ്ക്കൽ എന്നിവിടങ്ങളിൽ വീടിന് മുകളിൽ മരങ്ങൾ വീണു. വടശ്ശേരിക്കരയിൽ കെട്ടിടത്തിന്റെ മുകളിലെ ഷീറ്റ് റോഡിലേക്ക് വീണു. കോന്നി തണ്ണിത്തോട് റോഡിലും  ഇളകൊള്ളൂർ മേഖലയിലും  മരങ്ങൾ വീണിട്ടുണ്ട്.

പാലക്കാട്ടും കനത്ത കാറ്റില്‍ പാലക്കാട് അട്ടപ്പാടിയില്‍ ഹോട്ടലിന്‍റെ മേല്‍ക്കൂര പറന്നുപോയി. തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായത്. ഒറ്റപ്പാലത്ത് മരങ്ങള്‍ വീണ് വൈദ്യുതപോസ്റ്റുകള്‍ തകര്‍ന്നു. പനമണ്ണ, വാണിയംകുളം, കോതകുറുശ്ശി ഭാഗങ്ങളില്‍ നാശം റിപ്പോര്‍ട്ട് ചെയ്തു. 

കോഴിക്കോട് നഗരത്തിലും മലയോരമേഖലയിലും വീശിയടിച്ച കാറ്റില്‍ കനത്ത നാശനഷ്ടം. നാദാപുരം പുളിയാവില്‍ മരങ്ങള്‍ കടപുഴകി വീണു. ചെറുവാതുക്കല്‍ മഹ്മൂദിന്‍റെ വീടിന് മുകളിലേക്ക് തെങ്ങ് വീണ് മേല്‍ക്കൂര തകര്‍ന്നു. സമീപവാസിയായ അന്ത്രുവിന്‍റെയും പാലക്കൂല്‍ സമീറിന്‍റെയും വീടിന് മുകളിലേക്ക് മരം വീണ് ഷീറ്റ് തകര്‍ന്നു. ആവുക്കല്‍ പറമ്പിലെ നിരവധി വീടുകള്‍ക്കും കേടുപാടുണ്ടായി. ആര്‍ക്കും പരുക്കില്ല. എട്ട് വൈദ്യുത തൂണുകള്‍ മരം വീണ് തകര്‍ന്നതോടെ പ്രദേശത്ത് വൈദ്യുതി വിതരണം നിലച്ചു. കുടിവെള്ള വിതരണത്തിനായി സ്ഥാപിച്ച പൈപ്പ് ലൈനിനുമുകളില്‍ മരം വീണ് തകര്‍ന്നു. വെള്ളയിലില്‍ വീടിന് മുകളിലിട്ട ഷീറ്റ് പറന്നുപോയി. 

ഇന്നും നാളെയും എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ , കോട്ടയം , എറണാകുളം, ഇടുക്കി , തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു . മറ്റ് ജില്ലകളിൽ യെലോ അലർട്ടാണ്. വിഫ ചുഴലിക്കാറ്റിന്റെ സ്വാധീന ഫലമായാണ് മഴ കനക്കുന്നത്. മഹാരാഷ്ട്രാ തീരം മുതൽ കേരള തീരം വരെ ന്യൂനമർദ പാത്തി സ്ഥിതി ചെയ്യുന്നു. കേരള , കർണാടക , ലക്ഷദ്വീപ് തീരങ്ങളിൽ  28 വരെ മത്സ്യബന്ധനം  വിലക്കി. 5 ദിവസം കൂടി ശക്തമായ മഴ തുടരും. 

ENGLISH SUMMARY:

Heavy wind and rain have caused extensive damage across Kerala, leading to property destruction, power outages, and traffic disruptions in multiple districts. Tragically, a worker died in Idukki after a tree branch fell, as weather warnings remain in effect statewide.