കൊടുംകുറ്റവാളി ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ചാടി. ഇന്ന് പുലർച്ചെ ഒരു മണിക്കും ഒന്നേകാലിനും ഇടയിലാണ് സംഭവം നടന്നതെന്നാണ് പ്രാഥമിക വിവരം. ജയിൽ അധികൃതർ വിവരം സ്ഥിരീകരിച്ചു. ജയിൽചാട്ടം നടന്നത് പുലർച്ചെ ഒരു മണിക്കുശേഷമാണെങ്കിലും, ഈ വിവരം ജയിൽ അധികൃതർ അറിഞ്ഞത് ആറ് മണിക്കൂറോളം വൈകിയാണ്. ജയിലിലെ രാത്രിയിലെ പരിശോധന പ്രഹസനമായിരുന്നുവോ എന്ന സംശയമുയർത്തുന്നതാണ് ഈ കാലതാമസം. മതിലിനരികിൽ തുണി കണ്ടപ്പോഴാണ് ജയിൽചാട്ടം നടന്നതായി കണ്ടെത്തിയത്. ജയിലിലെ ട്രെയിനിങ് ഉദ്യോഗസ്ഥരാണ് ഈ തുണി കണ്ടത്. രാവിലെ സെൽ തുറന്നു പരിശോധിച്ചപ്പോഴാണ് ഇയാൾ രക്ഷപ്പെട്ട വിവരം അറിയുന്നത്.
ഗോവിന്ദച്ചാമി സെൽ കമ്പികൾ മുറിച്ച്, വസ്ത്രങ്ങൾ ഉപയോഗിച്ച് മതിൽ ചാടിയാണ് രക്ഷപ്പെട്ടതെന്നാണ് വിവരം. ഗോവിന്ദച്ചാമിയെ അതീവ സുരക്ഷാ ബ്ലോക്കിലാണ് പാർപ്പിച്ചിരുന്നത്. ജയിൽവേഷത്തിലല്ല, കറുത്ത പാന്റ്സും ഷർട്ടും ധരിച്ചാണ് ഇയാൾ രക്ഷപ്പെട്ടത്. ചെറിയ താടിയുള്ളതാണ് ഗോവിന്ദച്ചാമിയുടെ ഇപ്പോഴത്തെ രൂപം. ഇത്രയും സുരക്ഷാ സംവിധാനങ്ങളുള്ള ഒരു സെൻട്രൽ ജയിലിൽ നിന്ന് ഒരാൾക്ക് തനിയെ ചാടാൻ കഴിയില്ലെന്നും, പുറത്തുനിന്ന് സഹായം ലഭിച്ചെന്ന് സംശയിക്കുന്നതായും അധികൃതർ സൂചിപ്പിക്കുന്നു. സി.സി.ടി.വി. ക്യാമറകൾ പൊലീസ് പരിശോധിക്കുന്നുണ്ട്.
ഗോവിന്ദച്ചാമിയുടെ സെല്ലിൽ തമിഴ്നാട് സ്വദേശിയായ മറ്റൊരു പ്രതിയുമുണ്ടായിരുന്നു. എന്നാൽ, താൻ ഒന്നും അറിഞ്ഞില്ലെന്നും ഉറങ്ങിപ്പോയെന്നും സഹതടവുകാരൻ മൊഴി നൽകി. മഴയായതിനാൽ ശബ്ദവും കേട്ടില്ലെന്നും ഇയാൾ പൊലീസിനെ അറിയിച്ചു. ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായ ഇന്ന് ജയിൽ സന്ദർശിക്കാനിരിക്കെയാണ് ജയിൽചാട്ടം. ജയിൽ മേധാവി കണ്ണൂരിലെത്തിയിട്ടുണ്ട്.
സംസ്ഥാനത്തെ ഞെട്ടിച്ച കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുകയായിരുന്നു ഗോവിന്ദച്ചാമി. ജയിൽ ചാടിയ വിവരം അറിഞ്ഞയുടൻ പൊലീസ് വ്യാപകമായ തിരച്ചിൽ ആരംഭിച്ചു. ഇയാളെ കണ്ടെത്താൻ സംസ്ഥാനത്തുടനീളം ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
2011 ഫെബ്രുവരി ഒന്നിന് എറണാകുളത്തുനിന്ന് ഷൊർണൂരിലേക്ക് പോവുകയായിരുന്ന ട്രെയിനിൽവെച്ചാണ് 23 വയസ്സുകാരിയെ ക്രൂരമായ ബലാത്സംഗത്തിനും കൊലപാതകത്തിനും ഇരയാകുന്നത്. ഈ കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഗോവിന്ദച്ചാമി (യഥാർത്ഥ പേര്: ചാർളി തോമസ്, തമിഴ്നാട് സ്വദേശി) ആദ്യം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്നു. പിന്നീട് സുപ്രീംകോടതി കൊലക്കുറ്റം ഒഴിവാക്കുകയും ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു.
കണ്ണൂർ സെൻട്രൽ ജയിൽ ദേശീയപാതയുടെ തൊട്ടുമുന്നിലാണ് സ്ഥിതി ചെയ്യുന്നത്. ജയിൽ കവാടത്തിൽ നിന്ന് പുറത്തിറങ്ങിയാൽ നേരെ ദേശീയപാതയിലേക്ക് പ്രവേശിക്കാം. കോഴിക്കോട് ഭാഗത്തേക്കും കാസർകോട് ഭാഗത്തേക്കും പോകാൻ ഈ ദേശീയപാത ഉപയോഗിക്കാം. മുൻവശത്തെ കവാടത്തിൽ 24 മണിക്കൂറും പൊലീസ് നിരീക്ഷണവും ക്യാമറകളും ഉള്ളതാണ്.
ഗോവിന്ദച്ചാമിയെ പിടികൂടാൻ പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. കണ്ണൂർ ഡി.ഐ.ജി.യുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം. ജയിലിലെ പരിശോധന ജയിൽ മേധാവിയുടെ നേതൃത്വത്തിലാണ് നടക്കുന്നത്. അന്വേഷണം ഊർജിതമാണെന്ന് ഉത്തരമേഖല ഐ.ജി. അറിയിച്ചു.
സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലേക്ക് ജാഗ്രതാ നിർദ്ദേശങ്ങൾ നൽകി. ഗോവിന്ദച്ചാമി തമിഴ്നാട് സ്വദേശിയായതിനാൽ തമിഴ്നാട്ടിലേക്ക് കടക്കാനുള്ള സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്. കൂടാതെ, ആന്ധ്രപ്രദേശിലും മുംബൈയിലും ഇയാൾക്ക് ബന്ധങ്ങളുണ്ടായിരുന്നതും പൊലീസിന്റെ ശ്രദ്ധയിലുണ്ട്. അതിനാൽ സംസ്ഥാന അതിർത്തികളിലും ജില്ലാ അതിർത്തികളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും പരിശോധന ഊർജിതമാക്കി. അടുത്ത റെയിൽവേ സ്റ്റേഷനായ വളപട്ടണത്ത് പരിശോധന നടക്കുന്നുണ്ട്. സി.സി.ടി.വി. പരിശോധിക്കുകയും ഒഴിഞ്ഞ കെട്ടിടങ്ങളിൽ തിരച്ചിൽ നടത്തുകയും ചെയ്യുന്നുണ്ട്. മധുരൈ, ചെന്നൈ ഡിവിഷനുകളുമായി ഏകോപനം നടത്തുന്നുണ്ട്. ജയിലിൽ ഡോഗ് സ്ക്വാഡുമായി പരിശോധന ആരംഭിച്ചു.
സംഭവത്തെക്കുറിച്ച് ജയിൽ സൂപ്രണ്ട് വ്യക്തമായ മറുപടി നൽകിയിട്ടില്ലെങ്കിലും, ജയിൽ അധികൃതർക്ക് വലിയ വീഴ്ച സംഭവിച്ചുവെന്ന് പൊലീസ് സ്ഥിരീകരിക്കുന്നു. കേരളത്തിലെ ഏറ്റവും സുരക്ഷിതമെന്ന് കരുതുന്ന ജയിലുകളിലൊന്നിൽ നിന്ന് ഒരു കൊടുംകുറ്റവാളി രക്ഷപ്പെട്ടത് ഗുരുതരമായ സുരക്ഷാ വീഴ്ചയായി കണക്കാക്കപ്പെടുന്നു. ഗോവിന്ദച്ചാമിയെ കണ്ടാൽ ഉടൻ പൊലീസിനെ അറിയിക്കണമെന്ന് അഭ്യർത്ഥിച്ച് വിളിക്കാനുള്ള ഫോൺ നമ്പർ പൊലീസ് പുറത്തുവിട്ടു: 9446899506. ഗോവിന്ദച്ചാമിയുടെ പുതിയ ചിത്രവും പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.