സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ചാടി. ജയിൽ അധികൃതർ വിവരം സ്ഥിരീകരിച്ചു. ഇന്ന് പുലർച്ചെ 5 മണിക്കും 6മണിക്കും ഇടയിലാണ് സംഭവം നടന്നതെന്നാണ് പ്രാഥമിക വിവരം. കൊടുംകുറ്റവാളിയായ ഗോവിന്ദച്ചാമി സെൽ കമ്പികൾ മുറിച്ച്, വസ്ത്രങ്ങൾ ഉപയോഗിച്ച് മതിൽ ചാടിയാണ് രക്ഷപ്പെട്ടതെന്നാണ് വിവരം. Read More: പരിശോധിച്ചത് മതിലിനരികെ തുണി കണ്ടപ്പോള്‍; ജയില്‍ചാടിയത് അറിഞ്ഞത് 6 മണിക്കൂര്‍ വൈകി
ഗോവിന്ദച്ചാമിയെ കണ്ടാല്‍ പൊലീസിനെ അറിയിക്കണം. വിളിക്കാനുള്ള ഫോണ്‍ നമ്പര്‍ 94468 99506
അതീവ സുരക്ഷാ ബ്ലോക്കിൽ പാർപ്പിച്ചിരുന്ന പ്രതിയാണ് ഇത്തരത്തിൽ ജയിൽ ചാടിയതെന്നത് സുരക്ഷാ വീഴ്ചയുടെ ഗൗരവം വർദ്ധിപ്പിക്കുന്നു. ഇത്രയും സുരക്ഷാ സംവിധാനങ്ങളുള്ള കണ്ണൂര്‍ സെൻട്രൽ ജയിലിൽ നിന്ന് ഒരാൾക്ക് തനിയെ ചാടാൻ കഴിയില്ലെന്നും, പുറത്തുനിന്ന് സഹായം ലഭിച്ചെന്ന് സംശയിക്കുന്നതായും അധികൃതർ സൂചിപ്പിക്കുന്നു. സി.സി.ടി.വി. ക്യാമറകൾ പരിശോധിച്ചുവരികയാണ്.
രക്ഷപ്പെടാനുള്ള സാധ്യതകൾ
കണ്ണൂർ സെൻട്രൽ ജയിൽ ദേശീയപാതയുടെ തൊട്ടുമുന്നിലാണ് സ്ഥിതി ചെയ്യുന്നത്. ജയിൽ കവാടത്തിൽ നിന്ന് പുറത്തിറങ്ങിയാൽ നേരെ ദേശീയപാതയിലേക്ക് പ്രവേശിക്കാം. കോഴിക്കോട് ഭാഗത്തേക്കും കാസർകോട് ഭാഗത്തേക്കും പോകാൻ ഈ ദേശീയപാത ഉപയോഗിക്കാം. ജയിലിനോട് ചേർന്നുള്ള മറ്റ് പ്രദേശങ്ങൾ ജയിൽ ഭൂമികളും കോളേജുകളും ആയതിനാൽ അവിടേക്ക് രക്ഷപ്പെടാനുള്ള സാധ്യത കുറവാണ്. മുൻവശത്തെ കവാടത്തിൽ 24 മണിക്കൂറും പൊലീസ് നിരീക്ഷണവും ക്യാമറകളും ഉള്ളതിനാൽ ആ വഴി രക്ഷപ്പെടാൻ സാധ്യതയില്ല. വനിതാ ജയിലിന്റെ ഭാഗത്തുകൂടിയുള്ള വഴിയാണ് മറ്റൊരു സാധ്യതയായി കണക്കാക്കുന്നത്.
2011 ഫെബ്രുവരി ഒന്നിന് എറണാകുളത്തുനിന്ന് ഷൊർണൂരിലേക്ക് പോവുകയായിരുന്ന ട്രെയിനിൽവെച്ചാണ് 23 വയസ്സുകാരിയെ ക്രൂരമായ ബലാത്സംഗത്തിനും കൊലപാതകത്തിനും ഇരയാകുന്നത്. ഈ കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഗോവിന്ദച്ചാമി ആദ്യം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്നു. പിന്നീട് സുപ്രീംകോടതി കൊലക്കുറ്റം ഒഴിവാക്കുകയും ചെയ്തു. തമിഴ്നാട് സ്വദേശിയായ ഗോവിന്ദച്ചാമിയുടെ യഥാർത്ഥ പേര് ചാർളി തോമസ് എന്നാണ്.