ജയിൽ ചാടിയ കൊടുംകുറ്റവാളി ഗോവിന്ദച്ചാമി പിടിയിലായി. കണ്ണൂർ തളാപ്പിലെ ആളൊഴിഞ്ഞ വീട്ടിലെ കിണറ്റിൽ ഒളിച്ചിരിക്കുകയായിരുന്ന ഇയാളെ ടൗൺ പൊലീസും നാട്ടുകാരും ചേര്‍ന്ന് ഇന്ന് രാവിലെയാണ് സാഹസികമായി വലയിലാക്കിയത്. ട്രെയിനിൽവെച്ച് 23 വയസ്സുകാരിയെ ക്രൂരമായ ബലാത്സംഗത്തിനും കൊലപാതകത്തിനും ഇരയാക്കിയ കേസില്‍ പ്രതിയായ ഗോവിന്ദച്ചാമി ഇന്ന് പുലര്‍ച്ചയാണ്  ജയിൽ ചാടി ഒളിവിൽ പോയത്.

നഗരത്തിൽ ഓട്ടോ ഡ്രൈവറാണ് ആദ്യം ഗോവിന്ദച്ചാമിയെ തിരിച്ചറിഞ്ഞത്. ഇയാൾ നൽകിയ വിവരത്തെത്തുടർന്ന് നാട്ടുകാർ പൊലീസിനെ അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞയുടൻ കണ്ണൂർ ടൗൺ പൊലീസ് സ്ഥലത്തെത്തി ആളൊഴിഞ്ഞ വീട് വളഞ്ഞു. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ, വീടിന്റെ പറമ്പിലെ കിണറ്റിൽ ഒളിച്ചിരുന്ന ഗോവിന്ദച്ചാമിയെ കണ്ടെത്തുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പിടികൂടിയ ഗോവിന്ദച്ചാമിയെ അതീവ സുരക്ഷാ സജ്ജീകരണങ്ങളോടെ കണ്ണൂർ പൊലീസ് ട്രെയിനിങ് സെൻ്ററിലേക്ക് മാറ്റി.  കൂടുതൽ ചോദ്യം ചെയ്യലിന് ശേഷം കോടതിയിൽ ഹാജരാക്കും.

അതേസമയം, ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ ജയിൽ അധികൃതർക്ക് വീഴ്ചയുണ്ടായെന്ന് ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായ മനോരമ ന്യൂസിനോട് സമ്മതിച്ചു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം സംബന്ധിച്ച് ഉന്നതതല അന്വേഷണം നടക്കുകയാണ്.

ഗോവിന്ദച്ചാമി പിടിയിലായ വിവരമറിഞ്ഞ് മരിച്ച പെണ്‍കുട്ടിയുടെ അമ്മ മാധ്യമങ്ങളോട് പ്രതികരിച്ചു. പിടികൂടിയ പൊലീസുകാർക്ക് അവർ നന്ദി പറഞ്ഞു. 'ഗോവിന്ദച്ചാമിക്ക് ജയിലിൽ നിന്ന് സഹായം ലഭിച്ചിട്ടുണ്ട്. ഇനിയെങ്കിലും ഗോവിന്ദച്ചാമിക്ക് തൂക്കുകയർ നൽകണം' - അമ്മ വികാരഭരിതയായി ആവശ്യപ്പെട്ടു.

ENGLISH SUMMARY:

Govindachami , the notorious criminal and Soumya case convict, was dramatically recaptured in Kannur after escaping from jail, found hiding in a well. His apprehension involved local police and citizens, while jail authorities admitted negligence regarding his escape.