nalanchira-bike-accident

തിരുവനന്തപുരം നാലാഞ്ചിറയിൽ വിദ്യാർഥിനികളെ ബൈക്കിടിച്ച് വീഴ്ത്തി. പെണ്‍കുട്ടികള്‍ നടപ്പാതയിലൂടെ പോകുമ്പോള്‍ ബൈക്ക് ഇടിച്ച് കയറുകയായിരുന്നു. അപകടത്തില്‍ പരുക്കേറ്റ രണ്ട് വിദ്യാർഥിനികളും ബൈക്ക് ഓടിച്ചയാളും ആശുപത്രിയിലാണ്. ബൈക്ക് ഓടിച്ചയാൾ ഉറങ്ങിപ്പോയെന്നാണ് സംശയം. നാലാഞ്ചിറ സര്‍വ്വോദയ സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥികളായ ഗന രാജേഷിനും ജനീറ്റയ്ക്കുമാണ് പരുക്കേറ്റത്.

സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇന്ന് രാവിലെ എട്ടുമണിയോട് അടുത്താണ് അപകടമുണ്ടായത്. അപകടത്തില്‍പ്പെട്ട കുട്ടികള്‍ ട്യൂഷന്‍ കഴിഞ്ഞ് മടങ്ങുകയായിരുന്നു. ഇരുവരും നടന്നുപോകുന്ന ദൃശ്യങ്ങള്‍ സമീപത്തെ കടയുടെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഈ സമയമാണ് തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് നടപ്പാതയിലേക്ക് കയറുന്നത്. നിമിഷനേരം കൊണ്ട് കുട്ടികളെ ഇടിച്ചുതെറിപ്പിക്കുകയും ചെയ്തു.

അപകടത്തില്‍പ്പെട്ട കുട്ടികളില്‍ ഒരാള്‍ ബൈക്ക് ഇടിച്ച സ്ഥലത്തും കൂടെയുണ്ടായിരുന്ന കുട്ടി അഞ്ചുമീറ്ററോളം അകലെയ്ക്കും തെറിച്ച് വീഴുകയുമായിരുന്നു. ബൈക്കും ഓടിച്ചിരുന്നയാളും അവിടെത്തന്നെ വീണു. നാട്ടുകാരാണ് മൂന്നുപേരെയും ആശുപത്രിയില്‍ എത്തിക്കുന്നത്. നിലവില്‍ മൂന്നുപേരും പട്ടത്തുള്ള സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. സാരമായ പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം. 

ENGLISH SUMMARY:

A shocking accident took place in Nalanchira, Thiruvananthapuram, where a speeding bike lost control and rammed into two schoolgirls walking on the footpath. The girls, both tenth-grade students of Sarvodaya School, were returning from tuition when the incident occurred around 8 a.m. CCTV footage shows the bike veering off the road and hitting the students. One of the girls was thrown nearly five meters from the impact. The biker, suspected to have fallen asleep while riding, also fell at the spot. All three injured individuals were rushed to a private hospital by locals and are currently under treatment, with reports indicating serious injuries.