ചിത്രം: മനോരമ ( സമീര്‍ എ.ഹമീദ്
കര്‍ക്കടക വാവുബലി ഇന്ന്. പിതൃദോഷം അകറ്റാനും പിതൃക്കള്‍ക്ക് ആത്മശാന്തി ലഭിക്കാനുമാണ് ബലിയര്‍പ്പിക്കുന്നതെന്നാണ് ഹൈന്ദവ വിശ്വാസം. വാവുബലി മുടക്കുന്നവരോട് പിതൃക്കള്‍ കോപിക്കുന്നുവെന്നും വിശ്വാസമുണ്ട്. എള്ള്, ഉണക്കലരി, വെള്ളം, ദര്‍ഭപ്പുല്ല്, പൂക്കള്‍ എന്നിവയാണ് പൂജാദ്രവ്യങ്ങള്‍.നദിക്കരകളിലോ ക്ഷേത്രങ്ങളിലോ പ്രത്യേകം തയ്യാറാക്കിയ ബലിത്തറകളിലോ ആണ് തര്‍പ്പണം നടത്തി വരുന്നത്. വീട്ടുമുറ്റത്ത് ബലിയിടുന്നവരുമുണ്ട്. ഒരാളുടെ മൂന്ന് തലമുറയിലെ പിതൃക്കള്‍ക്കാണ് തര്‍പ്പണം ചെയ്യുന്നത്. പിതൃക്കള്‍ക്ക് പ്രാധാന്യമുള്ള ദക്ഷിണായനത്തിലെ ആദ്യ അമാവാസിയാണ് കര്‍ക്കടകത്തിലേത്. ദക്ഷിണായനം പിതൃക്കള്‍ക്കും ഉത്തരായനം ദേവന്‍മാര്‍ക്കും ഉള്ളതാണെന്നാണ് വയ്പ്.
സംസ്ഥാനത്തെങ്ങും വിവിധ ക്ഷേത്രങ്ങളില്‍ പിതൃകര്‍മങ്ങള്‍ തുടങ്ങി. പുലര്‍ച്ചെ 2.30 മുതല്‍ ആലുവ മണപ്പുറത്തെ ബലിത്തറകളിൽ പിതൃകർമ്മങ്ങൾക്ക് തുടക്കമായി. മേൽശാന്തി മുല്ലപ്പള്ളി ശങ്കരൻ നമ്പൂതിരിയാണ് ചടങ്ങുകൾക്ക് മുഖ്യ കാർമികത്വം വഹിക്കുന്നത്. 61 ബലിത്തറകളാണ് ഇത്തവണ ഒരുക്കിയിട്ടുള്ളത്. നടപ്പന്തലിൽ ഒരേസമയം 500 പേർക്ക് നിന്നു തൊഴാൻ കഴിയും. കനത്ത സുരക്ഷയിലാണ് ഇത്തവണയും ചടങ്ങുകൾ. 500 പോലീസുകാരും 20 സിസിടിവി ക്യാമറകളും ഫയർഫോഴ്സും നീന്തൽ വിദഗ്ധരും ഭക്തർക്ക് സുരക്ഷാ വലയം തീർക്കും. ഉച്ചയ്ക്ക് ഭക്തർക്ക് ദേവസ്വം ബോർഡിന്റെ അന്നദാനവും ഉണ്ടാകും. ഭക്തരുടെ തിരക്ക് കണക്കിലെടുത്ത് കെഎസ്ആർടിസി അധിക സർവീസുകൾ നടത്തുന്നുണ്ട്.