vs-home

വി.എസ് അച്യുതാനന്ദന്റെ മൃതദേഹം കുടുംബവീട്ടിലെത്തിച്ചു. ഇവിടെ ഒരു മണിക്കൂര്‍ പൊതുദര്‍ശനമുണ്ടാകും. അതിനുശേഷം ആലപ്പുഴ ഡിസിയില്‍ എത്തിക്കും. എം.എ.ബേബിയും എം.വി.ഗോവിന്ദനും വീട്ടിലെത്തി. സാദിഖലി തങ്ങള്‍ അടക്കമുള്ള നേതാക്കളും സ്ഥലത്തെത്തി. റിക്രിയേഷന്‍ ഗ്രൗണ്ടിലും പൊതുദര്‍ശനമുണ്ടാകും. സംസ്കാരം വൈകിട്ട് വലിയചുടുകാട്ടില്‍. വിലാപയാത്രയിലൂടനീളം വി.എസ്സിന് ലാല്‍ സലാം പറഞ്ഞ് പതിനായിരങ്ങള്‍ വീഥിയില്‍ അണിനിരന്നു. 

പുന്നപ്ര– വയലാറിന്, ആലപ്പുഴയ്ക്ക് മറക്കാനാകാത്ത രണ്ടക്ഷരമാണ് വിഎസ്, ആലപ്പുഴയുടെ ചെന്താരകം. ഒടുവില്‍ അവസാനമായി യാത്ര പറയാന്‍ തങ്ങളുടെ പ്രിയ സഖാവ് എത്തിയപ്പോള്‍ ഇടനെഞ്ചിലേക്ക് സ്വീകരിച്ചു ആലപ്പുഴ ജില്ല. വിഎസ് അച്യുതാനന്ദന്‍ എന്ന ജനനായകന്‍റെ പോരാട്ട ജീവിതം തുടങ്ങിയ നാട്. കേരളം കണ്ട ഏറ്റവും വലിയ പോരാട്ടങ്ങളിലൊന്നായ പുന്നപ്ര– വയലാറിന്‍റെ ദേശത്ത് ആ യാത്ര അവസാനിക്കുകയാണ്, 

ഒരിക്കലും മങ്ങാത്ത കനലോര്‍മ്മയായി. 

ജനങ്ങളുടെ നേതാവായി കണ്ണിലും കരളിലും കനലുപടര്‍ത്തിയാണ് വി.എസ്.മടങ്ങുന്നത്. പലയിടത്തും വികാരഭരിതമായ രംഗങ്ങളുമുണ്ടായി. വിതുമ്പലോടെ മുഷ്ടിചുരുട്ടി എല്ലാവരും ഏറ്റുവിളിച്ചു ‘കണ്ണേ... കരളേ... വീഎസ്സേ..., ലാല്‍ സലാം സഖാവേ’

ENGLISH SUMMARY:

V.S. Achuthanandan's Final Journey: Alappuzha Bids Farewell to a Legend