vellapally-nateshan-02
  • മതപണ്ഡിതന്മാര്‍ ഭരണത്തില്‍ ഇടപെടുന്നുവെന്ന് വെള്ളാപ്പള്ളി
  • വെള്ളാപ്പള്ളിയുടെ വര്‍ഗീയ പരാമര്‍ശങ്ങള്‍ക്ക് പിന്നില്‍ മുഖ്യമന്ത്രിയെന്ന് വി.ഡി.സതീശന്‍
  • വെള്ളാപ്പള്ളി പച്ചയ്ക്ക് വര്‍ഗീയതപറയുന്നുവെന്ന് കുഞ്ഞാലിക്കുട്ടി

കാന്തപുരം എന്ത് കുന്തമെടുത്ത് എറിഞ്ഞാലും താന്‍ പറയാനുള്ളത് പറയുമെന്നും മതപണ്ഡിതന്മാര്‍ ഭരണത്തില്‍ ഇടപെടുന്നുവെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മുസ്‍ലിംകൂട്ടായ്മയായ മുസ്‍ലിംലീഗിനെ മതേതര പാര്‍ട്ടിയെന്നാണ് വിളിക്കുന്നതെന്നും വെള്ളാപ്പള്ളി പരിഹസിച്ചു. പിണറായിയുടെ നരേറ്റീവ് ആണ് വെള്ളാപ്പള്ളി പ്രചരിപ്പിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശനും വെള്ളാപ്പള്ളി പച്ചയ്ക്ക് വര്‍ഗീയ പറയുന്നുവെന്ന് പി.കെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു.

സാമൂഹിക നീതിക്ക് വേണ്ടി സംസാരിക്കുന്ന തന്നെ വേട്ടയാടുകയാണെന്ന് എസ്എന്‍ഡിപി യോഗം കൊച്ചി യൂണിയന്‍ സംഘടിപ്പിച്ച ആദരിക്കല്‍ പരിപാടിയില്‍ വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. തനിക്ക് രാഷ്ട്രീയ മോഹങ്ങളില്ല. ഈഴവരുടെ ഭൂമി ന്യൂനപക്ഷങ്ങള്‍ വാങ്ങിക്കൂട്ടുന്നു. ഭൂരിപക്ഷങ്ങള്‍ക്ക് ഒന്നുമില്ല. തന്നെ ജീവനോടെ കത്തിച്ചാലും പറയാനുള്ളത് പറയും. കാന്തപുരം അടക്കം മതപണ്ഡിതന്മാര്‍ ഭരണത്തില്‍ ഇടപെടുന്നു. മുസ്‍ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലേയെന്നും വെള്ളാപ്പള്ളി. പിണറായി വിജയന് ശേഷം ഈഴവനായ ഒരാള്‍ കേരള മുഖ്യമന്ത്രിയാകാന്‍ സാധ്യതകാണുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

​വെള്ളാപ്പള്ളിയുടെ വര്‍ഗീയ പരാമര്‍ശങ്ങള്‍ക്ക് പിന്നില്‍ മുഖ്യമന്ത്രിയാണെന്ന് വി.ഡി സതീശന്‍. സാമുദായിക നേതാവ് ഒരിക്കലും പറയാന്‍ പാടില്ലാത്തതാണ് വെള്ളാപ്പള്ളി പറയുന്നത്. വെള്ളാപ്പള്ളി പ്രചരിപ്പിക്കുന്നത് പിണറായിയുടെ നരേറ്റീവെന്നും വി.ഡി.സതീശന്‍ കൊച്ചിയില്‍ പറഞ്ഞു. വെള്ളാപ്പള്ളി പച്ചയ്ക്ക് വര്‍ഗീയതപറയുന്നുവെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. സമൂഹത്തില്‍ സ്പര്‍ദ്ധ വരും, ഇത് ഉത്തരേന്ത്യ അല്ല. ഇങ്ങനെ പറയാമോ എന്ന് സര്‍ക്കാര്‍ മറുപടി പറയണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. 

​​

വിവാദങ്ങള്‍ക്കിടെ നടന്ന ആദരിക്കല്‍ ചടങ്ങില്‍ മന്ത്രി വി.എന്‍ വാസവന്‍ അടക്കം രാഷ്ട്രീയ ഭേദമന്യേ നേതാക്കള്‍ വെള്ളാപ്പള്ളിയെ വാനോളം പുകഴ്ത്തി. 

ENGLISH SUMMARY:

SNDP's Vellappally Natesan courted controversy by accusing Muslim clerics of political interference and mocking the secular label of the Muslim League. Opposition leaders slammed him for promoting Pinarayi Vijayan’s narrative and making divisive remarks. Vellappally, however, stood firm, claiming to fight for social justice.