ലോക്സഭ ഡെപ്യൂട്ടി സ്പീക്കര്‍ പദത്തിനായി എല്ലാ മാര്‍ഗവും തേടാന്‍ കോണ്‍ഗ്രസ്. വര്‍ഷകാല സമ്മേളനത്തിനിടെ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും സ്പീക്കര്‍ ഓം ബിര്‍ളയെ കണ്ടേക്കും. പദവി കോണ്‍ഗ്രസിന് ലഭിച്ചാല്‍ കൊടിക്കുന്നില്‍ സുരേഷാകും ഡെപ്യൂട്ടി സ്പീക്കര്‍. പ്രതിപക്ഷത്തിന് ആവശ്യത്തിലധികം സീറ്റുകള്‍ ഉണ്ടെന്നിരിക്കെ ഡെപ്യൂട്ടി സ്പീക്കര്‍ പദം ഒഴിച്ചിടുന്നത് അംഗീകരിക്കാനാകില്ലെന്ന് കൊടിക്കുന്നില്‍ സുരേഷ് മനോരമ ന്യൂസിനോട് പറഞ്ഞു.
2019 മുതൽ ഒഴിഞ്ഞു കിടക്കുകയാണ് ലോക്സഭ ഡെപ്യൂട്ടി സ്പീക്കര്‍ പദം. 17 ആം ലോക്സഭയിൽ പ്രതിപക്ഷ പാര്‍ട്ടിക്ക് വേണ്ട 65 സീറ്റുകള്‍ കോണ്‍ഗ്രസിന് ഉണ്ടായിരുന്നില്ല. എന്നാല്‍ 18ാം ലോക്സഭയില്‍ 100 സീറ്റുകളും പ്രതിപക്ഷ നേതാവും ഉണ്ടായിട്ടും ഡെപ്യൂട്ടി സ്പീക്കര്‍ പദം തരാത്തതിനെയാണ് കോണ്‍ഗ്രസ് ചോദ്യം ചെയ്യുന്നത്. സഭയിലെ ചട്ടങ്ങളും കീഴ്‌വഴക്കങ്ങളും സര്‍ക്കാര്‍ പാലിക്കണം എന്നാണ് ആവശ്യം. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ അയച്ച കത്തിന് ഇതുവരെയും സ്പീക്കര്‍ മറുപടി നല്‍കിയിട്ടില്ല. ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും ശബ്ദം ഒരു പോലെ ഉറപ്പാക്കാന്‍ സ്പീക്കര്‍ പദം ഭരണ പക്ഷത്തിനെങ്കില്‍ ഡെപ്യൂട്ടി സ്പീക്കര്‍ പദം പ്രതിപക്ഷത്തിന് നല്‍കുന്നതാണ് പതിവ്.
സ്പീക്കര്‍ ഇല്ലെങ്കില്‍ സഭയെ നയിക്കല്‍, വിദേശരാജ്യങ്ങളില്‍ പാര്‍ലമെന് ഡെലിഗേഷനെ നയിക്കല്‍, എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് കമ്മിറ്റി ചെയര്‍മാന്‍ അങ്ങിനെ ചുമതലകള്‍ നിരവധിയുണ്ട് ഡെപ്യൂട്ടി സ്പീക്കര്‍ക്ക്. അതിനാല്‍ വര്‍ഷകാല സമ്മേളനത്തിനിടെ ഡെപ്യൂട്ടി സ്പീക്കര്‍ പദത്തിനായി സാധ്യമായ എല്ലാ മാര്‍ഗവും തേടാനാണ് കോണ്‍ഗ്രസ് തീരുമാനം
പാര്‍ലമെന്റിലെ കീഴ്വഴക്കങ്ങളും ചട്ടങ്ങളുമെല്ലാം തകിടം മറിക്കുന്ന മോദി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എന്ത് നിലപാടെടുക്കും എന്നത് സുപ്രധാനമാണ്. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്കും സ്വന്തം എംപിയെ നിര്‍ത്തിയാലും അത്ഭുതപ്പെടാനില്ല.