athulya-satheesh

ഷാര്‍ജയില്‍ ജീവനൊടുക്കിയ അതുല്യ നേരിട്ടത് കൊടിയ പീഡനമെന്ന് സുഹൃത്തുക്കള്‍. ഭര്‍ത്താവ് സതീഷ് സ്ഥിരം മദ്യപാനിയാണെന്നും അതുല്യയെ നിരന്തരം ഉപദ്രവിക്കാറുണ്ടെന്നും സുഹൃത്തുക്കള്‍ മനോരമ ന്യൂസിനോട് പറഞ്ഞു. ശനിയാഴ്ച പുതിയ ജോലിയില്‍ പ്രവേശിക്കാനിരിക്കെ പിറന്നാള്‍ ദിനത്തിലാണ് അതുല്യ ജീവനൊടുക്കുന്നത്. 

athulya-hus

സതീഷിന്‍റെ ഹോബിയായിരുന്നു ഈ നിരന്തരമദ്യപാനവും ആക്രമണവുമെന്നാണ് അതുല്യയുടെ സുഹൃത്തുക്കളിലൊരാള്‍ പറഞ്ഞത്. സതീഷിന് വേറെയും പലതരത്തിലുള്ള ആക്റ്റിവിറ്റീസ് ഉണ്ടെന്നും സുഹൃത്തുക്കള്‍ പറയുന്നു. ‘അയാള്‍ അവളെ ഉപദ്രവിക്കുന്ന കാര്യങ്ങള്‍ അറിഞ്ഞിരുന്നു. അപ്പോളെല്ലാം നാട്ടില്‍ ചെന്ന് സേഫായിരിക്കാന്‌ പറഞ്ഞതാണ്. നമ്മളെല്ലാം പേടിച്ചത് ഈ കാര്യം മാത്രമായിരുന്നു. അത് സംഭവിച്ചു’ അതുല്യയുടെ സുഹൃത്ത് പറയുന്നു. 

‘സതീഷിനെ ഒരു മനുഷ്യനായിട്ട് കാണാന്‍ പറ്റില്ല. എത്രയും വേഗം അവളെ അവിടുന്ന് സേഫ് ആയിട്ടുള്ള ഒരു സ്ഥലത്തേക്ക് എത്തിക്കുക എന്നത് മാത്രമേ നമുക്ക് മുന്നിലുണ്ടായിരുന്നുള്ളൂ. അതു തന്നെയാണ് അവളോട് എപ്പോളും പറഞ്ഞിരുന്നത്. എന്തെങ്കിലും ഉണ്ടെങ്കിൽ ഇവിടുത്തെ പൊലീസിനെ ബന്ധപ്പെടാനും പറഞ്ഞിരുന്നു. ഒരു തവണ ഇത്തരത്തില്‍ പ്രശ്നമുണ്ടായപ്പോള്‍ പൊലീസിനെ വിളിച്ച സന്ദര്‍ഭവുമുണ്ടായിട്ടുണ്ട്. ഈ അടുത്തിടെയാണ് അവര്‍ ഷാര്‍ജയിലേക്ക് മാറിയത്’ സുഹൃത്ത് പറഞ്ഞു.

athulya-satheesh-kollam

സതീഷിന് സംശയരോഗമായിരുന്നുവെന്നും സുഹൃത്തുക്കള്‍ പറയുന്നുണ്ട്. ഒരു ദിവസം പോലും സതീഷ് മദ്യപിക്കാതിരിക്കുകയോ അതുല്യയെ ഉപദ്രവിക്കാതിരിക്കുകയോ ചെയ്തിട്ടില്ല. മാനസികമായും ശാരീരികമായും ഉപദ്രവിക്കാറുണ്ട്. അതുല്യയുടെ സഹോദരിയുടെ കല്യാണത്തിലും കുറേ പ്രശ്നങ്ങളുണ്ടാക്കിയിട്ടുണ്ട്. എങ്കിലും അതുല്യ ആത്മഹത്യ ചെയ്യുമെന്ന് കരുതിയിരുന്നില്ലെന്നും സുഹൃത്തുക്കള്‍ പറയുന്നു.

കൊല്ലം കോയിവിള സ്വദേശിയാണ് മരിച്ച അതുല്യ. സംഭവത്തില്‍ ഭർതൃ പീഡനത്തെ തുടർന്നെന്ന മാതാപിതാക്കളുടെ പരാതിയിൽ ഭർത്താവിനെതിരെ കൊലപാതകക്കുറ്റം ഉൾപ്പെടെ ചുമത്തി പൊലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. ശാരീരിക പീഡനം, സ്ത്രീധന പീഡനം എന്നീ വകുപ്പുകളും സതീഷിനെതിരെ ചുമത്തിയിട്ടുണ്ട്. ഭര്‍ത്താവിനൊപ്പം ഷാർജയിലായിരുന്നു അതുല്യ. 2014 ലായിരുന്നു ഇരുവരുടേയും വിവാഹം. ഇവർക്ക് പത്തു വയസ്സായ മകൾ ഉണ്ട്. മകൾ അതുല്യയുടെ മാതാപിതാക്കൾക്കൊപ്പം നാട്ടിലാണ്.

ENGLISH SUMMARY:

Athulya, a Kollam native, died by suicide in Sharjah on her birthday, just before starting a new job. Friends allege she faced constant physical and mental abuse from her alcoholic husband Satheesh, including domestic violence and emotional torture. Police have filed a murder case against Satheesh based on her family’s complaint.