യുഡിഎഫിനും കോൺഗ്രസിനും ഊർജം പകർന്നതായിരുന്നു കോട്ടയം പുതുപ്പള്ളിയിൽ ഇന്നലെ നടന്ന ഉമ്മൻചാണ്ടി അനുസ്മരണം. തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പുകൾ വരാനിരിക്കെ മത സാമുദായിക ബന്ധം ഊട്ടിയുറപ്പിക്കുവാൻ സമ്മേളനത്തിലൂടെ കഴിഞ്ഞു.
അരമനകളിലും മഠങ്ങളിലും ആശ്രമങ്ങളിലും പോയി പിന്തുണ തേടുന്നതൊക്കെ നേതാക്കന്മാരുടെ പതിവു രീതിയാണെങ്കിലും എല്ലാവരെയും ഒരു വേദിയിൽ കിട്ടുക എളുപ്പമല്ല. പാർട്ടി പരിപാടിയിൽ പങ്കെടുക്കുന്നവരും ചുരുക്കം. ഇവിടെ മരണശേഷവും ഉമ്മൻചാണ്ടി നിമിത്തമായി. ഉമ്മൻചാണ്ടിയുടെ മരണശേഷം യുഡിഎഫിന്റെ മതസാമുദായിക ബന്ധത്തിൽ വിള്ളൽ വീണോ എന്ന് പലർക്കും സംശയമുള്ള കാലത്താണ് ഇങ്ങനെ ഒരു കൂടിച്ചേരൽ. ഉമ്മൻചാണ്ടി കാത്തുസൂക്ഷിച്ച മതസാമുദായിക ബന്ധത്തിന്റെ തെളിവുകൂടിയായിരുന്നു രാഹുൽ ഗാന്ധി പങ്കെടുത്ത അനുസ്മരണ സമ്മേളന വേദി.
ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ, ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ് മാർ തോമസ് തറയിൽ, മാർത്തോമ്മാ സഭയുടെ ഡോ.ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പൊലീത്ത, ശിവഗിരി മഠത്തിലെ സ്വാമി വീരേശ്വരാനന്ദ എന്നിവരൊക്കെ പങ്കുവച്ചത് ഉമ്മൻചാണ്ടിയുടെ കാലത്തെ ഊഷ്മള ബന്ധത്തെ കുറിച്ചായിരുന്നു. 'രാജ്യത്തിൻ്റെ ഐക്യം അപകടത്തിൽ ആകുമ്പോൾ രാഹുൽ ഗാന്ധിയുടെ സാന്നിധ്യം ആശ്വാസമാണെന്ന ആർച്ച് ബിഷപ് മാർ തോമസ് തറയിലിൻ്റെ വാക്കുകളും കൃത്യമായ നിലപാടാണ്. സഭാ പിതാക്കന്മാരോടൊപ്പമുള്ള ചിത്രം പങ്കുവച്ച രാഹുൽ ഗാന്ധിയുടെ സമൂഹമാധ്യമ പോസ്റ്റും ശ്രദ്ധിക്കപ്പെട്ടു.