ശനിയാഴ്ച പുതിയ കമ്പനിയില്‍ ജോലിയില്‍ പ്രവേശിക്കാനിരിക്കെയാണ് കൊല്ലം സ്വദേശിനി അതുല്യ ശേഖരനെ ഷാർജയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ചവറ കോയിവിളയിൽ സ്വദേശിയായ അതുല്യയും ദുബായിലെ കെട്ടിടനിർമാണ കമ്പനിയിൽ എൻജിനീയറായ ഭർത്താവ് സതീഷുമായി വഴക്കിട്ട ശേഷമാണ് മരണം സംഭവിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം.
ശനിയാഴ്ച പുലർച്ചെയായിരുന്നു ഷാർജ റോള പാർക്കിന് സമീപത്തെ ഫ്ലാറ്റിൽ അതുല്യ ശേഖരനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച സഫാരി മാളിലെ ഒരു സ്ഥാപനത്തിൽ പുതിയതായി ജോലിയിൽ പ്രവേശിക്കാനിരിക്കെയാണ് അതുല്യ ജീവനൊടുക്കിയത്.
അതുല്യയുടെ ഏക സഹോദരി ഷാർജയിൽ ഇവരുടെ ഫ്ലാറ്റിന് അടുത്ത് തന്നെയാണ് താമസിക്കുന്നത്. ഇവർക്ക് അയച്ച വീഡിയോ ദൃശ്യങ്ങളിൽ നിന്നാണ് അതുല്യ ഭര്‍തൃ പീഡനത്തിന് ഇരയായ കാര്യം പുറത്തറിയുന്നത്. ഇതിന് പിന്നാലെയാണ് കുടുംബം ചവറ തെക്കുംഭാഗം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുന്നത്. പതിനൊന്ന് വർഷം മുമ്പാണ് അതുല്യയുടെയും സതീഷിന്‍റെയും വിവാഹം നടന്നത്.
വിവാഹം നടന്നതിനുശേഷം അതുല്യ കുറെ കാലം ഷാര്‍ജയിലുണ്ടായിരുന്നു. ഏകമകളും ഷാർജയിൽ അവരോടൊപ്പം ഉണ്ടായിരുന്നു അതിനുശേഷമാണ് നാട്ടിലേക്ക് മടങ്ങിയെത്തിയത്. മാതാപിതാക്കള്‍ക്കൊപ്പം കുട്ടിയെ ആക്കിയ ശേഷം ഒരു വർഷം മുൻപാണ് അതുല്യ വീണ്ടും ഷാർജയിലേക്ക് പോയത്.