തേവലക്കര സ്കൂളിന് ഫിറ്റ്നസ് നല്‍കിയതില്‍ മൈനാഗപ്പള്ളി പഞ്ചായത്തിന് വീഴ്ചയുണ്ടായെന്ന് തെളിഞ്ഞിട്ടും അന്വേഷണത്തിന് ഉത്തരവിടാതെ തദ്ദേശവകുപ്പ്. പിഴവുണ്ടെങ്കില്‍ പരിശോധിക്കുമെന്ന് തദ്ദേശമന്ത്രിയും പഞ്ചായത്തിന് പിഴവുണ്ടായിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രിയും വ്യക്തമാക്കിയ സാഹചര്യത്തിലും അലംഭാവം പരിശോധിക്കാന്‍ നടപടിയില്ല. സ്കൂളിലെത്തി പരിശോധിക്കാതെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്ന തെളിവ് കൂടി പുറത്ത് വരുമ്പോള്‍ ആരുടേതാണ് വീഴ്ചയെന്നറിയാന്‍ സര്‍ക്കാര്‍ ആത്മാര്‍ഥമായി ഇടപെടുന്നില്ലെന്നാണ് വിമര്‍ശനം.
അപകടത്തിന് പിന്നാലെ തദ്ദേശമന്ത്രി ഇങ്ങനെ പ്രതികരിച്ചെങ്കിലും രണ്ട് ദിവസം പിന്നിടുമ്പോഴും അന്വേഷണ വഴിയേ നീങ്ങാന്‍ തദ്ദേശവകുപ്പിന് താല്‍പര്യമില്ല. വീഴ്ച എണ്ണിപ്പറയുന്നതിനിടെ വിദ്യാഭ്യാസ മന്ത്രി തദ്ദേശവകുപ്പിനും പിഴവുണ്ടായെന്ന മട്ടില്‍ പ്രതികരിച്ചിരുന്നു. Also Read: കുരുന്നുജീവനെടുത്ത അനാസ്ഥ; ഫിറ്റ്നസില്‍ കള്ളക്കളിയോ?
സ്കൂള്‍ കെട്ടിടത്തിന് ഫിറ്റ്നസ് നല്‍കേണ്ട മാനദണ്ഡപ്രകാരമുള്ള പരിശോധന പഞ്ചായത്ത് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായില്ലെന്നത് വ്യക്തമാണ്. ഒന്‍പത് വര്‍ഷം മുന്‍പ് നിര്‍മിച്ച സൈക്കിള്‍ ഷെഡിന് മുകളിലൂടെ വൈദ്യുതി കമ്പി അപകടത്തില്‍ തുടരുമ്പോഴും കെട്ടിടം സുരക്ഷിതമെന്ന ഫിറ്റ്നസ് തന്നെ കൃത്യവിലോപത്തിന്‍റെ തെളിവാണ്.
ഉദ്യോഗസ്ഥന്‍ നേരിട്ടെത്തി പരിശോധിക്കാതെ ഒപ്പിട്ട കൈയൊഴിഞ്ഞുവെന്ന് വ്യക്തം. അത്യാഹിതമുണ്ടായാല്‍ പേരിനൊരു അന്വേഷണമെങ്കിലും പ്രഖ്യാപിച്ച് തടിയൂരുന്ന പതിവിന് പോലും തദ്ദേശവകുപ്പിന് മനസില്ലെന്നതാണ് തെളിയുന്നത്.