ശബരിമല ട്രാക്ടര്‍ യാത്രയില്‍ എ.ഡി.ജി.പി എം.ആര്‍ അ ജിത്കുമാറിന് വീഴ്ചയെന്ന് ഡി.ജി.പിയുടെ റിപ്പോര്‍ട്ട്. എ.ഡി.ജി.പി ശബരിമലയിലെ നിയമങ്ങള്‍ ലംഘിച്ചു. കാലുവേദനയെന്ന വിശദീകരണം തള്ളിയ ഡിജിപി റവാഡ ചന്ദ്രശേഖര്‍ റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി.
നടന്നപ്പോള്‍ കാലുവേദനിച്ചതുകൊണ്ടാണ് ട്രാക്ടറില്‍ കയറിയതെന്നാണ് അജിത്കുമാര്‍ ഡി.ജി.പിക്ക് നല്‍കിയ വിശദീകരണം. താനല്ല ട്രാക്ടര്‍ വിളിച്ചത്. നടന്ന് മലകയറുന്നതിനിടെ കാല്‍ വേദനിച്ചു. അപ്പോളാണ് പൊലീസുകാരുടെ ലഗേജുമായി ട്രാക്ടര്‍ വരുന്നത് കണ്ടതും കയറിയതെന്നുമാണ് വിശദീകരണം.
12 ാം തീയതി ശനിയാഴ്ച രാത്രി 9 മണിയോടെയാണ് എ.ഡി.ജി.പി എംആര്‍ അജിത്കുമാറും പഴ്സനല്‍ സ്റ്റാഫായ രണ്ട് പൊലീസുകാരും സ്വാമി അയ്യപ്പന്‍ റോഡ് വഴി ശബരിമലയിലേക്ക് ട്രാക്ടറില്‍ പോയത്. ശബരിമലയിലേക്ക് സാധനങ്ങള്‍ കൊണ്ടുപോകാനല്ലാതെ, യാത്രക്കാരെ ട്രാക്ടറില്‍ കയറ്റരുതെന്ന ഹൈക്കോടതി വിധി നിലനില്‍ക്കെയാണ് എ.ഡി.ജി.പിയുടെ യാത്ര. നവഗ്രഹ പ്രതിഷ്ഠയില്‍ പങ്കെടുക്കാനായി ശബരിമലയിലെത്തിയ അജിത്കുമാര്‍ ഞായറാഴ്ച മലയിറങ്ങിയതും ട്രാക്ടറില്‍ തന്നെയാണ്. ഔദ്യോഗിക ജോലിക്കല്ലാതെ, തൊഴാന്‍ പോയപ്പോളായിരുന്നു എഡിജിപിയുടെ നിയമലംഘനം.
അതേസമയം, ശബരിമലയിലേക്കുളള യാത്രയുടെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടും അജിത്കുമാറിനെ പ്രതിചേര്‍ക്കാതെ പൊലീസിന്‍റെ ഒളിച്ചുകളി തുടരുകയാണ്. എ.ഡി.ജി.പിയുടെ ഉത്തരവ് അനുസരിച്ച് ട്രാക്ടര്‍ ഓടിക്കേണ്ടി വന്ന സാധാരണക്കാരനായ ഡ്രൈവറെ പ്രതിചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.