മൂന്നാഴ്ചയ്ക്ക് ശേഷം സർവകലാശാല ആസ്ഥാനത്ത് എത്തി വിസി ഡോ . മോഹനൻ കുന്നുമ്മൽ. കനത്ത പോലീസ് സുരക്ഷയിൽ എത്തിയ വിസിക്കെതിരെ എസ്എഫ്ഐയുടെ പ്രതിഷേധം ഉണ്ടായില്ല. ഇതിനിടെ ഗവര്‍ണറുമായി സമവായ നീക്കത്തിലാണ് സർക്കാർ.
എസ്. എഫ്.ഐ ഭീഷണിയുണ്ട് എന്ന് പരസ്യമായി പറഞ്ഞാണ് വിസി ഡോ മോഹനൻ കുന്നുമ്മൽ സർവ്വകലാശാലയിൽ കാലുകുത്താതെ നിന്നത്. വൈസ് ചാൻസലർ ഒളിച്ചോടുന്നു എന്ന് ആരോപിച്ച് എസ്എഫ്ഐയും ഡിവൈഎഫ്ഐയും വലിയ പ്രതിഷേധവും നടത്തി. ഈ കോലാഹലങ്ങൾക്കൊടുവിലാണ് വൈസ് ചാൻസിലർ കനത്ത പൊലീസ് അമ്പടിയിൽ സർവകലാശാലയിലെത്തിയത്. വിമാനത്താവളം മുതൽ സർവകലാശാല ആസ്ഥാനം വരെ പോലീസ് പൈലറ്റും എസ്കോർട്ടും. സർവ്വകലാശാലക്കുള്ളിൽ 350ലേറെ പോലീസുകാർ. 20 ദിവസത്തിന് ശേഷം എത്തിയ വി.സി പരസ്യ പ്രതികരണത്തിന് തയ്യാറായില്ല
വിസിയെ തടയുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും എസ്എഫ്ഐ പ്രതിഷേധിച്ചില്ല. പ്രധാനപ്പെട്ട ഫയലുകളും സർട്ടിഫിക്കറ്റുകളും നോക്കാനാണ് വിസിയുടെ വരവ് എന്നാണ് അറിയുന്നത്. വി സി എത്തിയതിന് പിന്നാലെ ഔദ്യോഗിക വാഹനത്തിൽ രജിസ്ട്രാർ ഡോ. K S അനിൽകുമാറും സർവ്വകലാശാലയിൽ എത്തി. സർവകലാശാലയിലെ പോരിന് ഒരു മാറ്റവും ഉണ്ടാകാത്ത പശ്ചാത്തലത്തിൽ പ്രശ്നപരിഹാരത്തിന് സർക്കാർ ഇടപെടും. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവും നിയമ മന്ത്രി പി രാജീവും ഗവർണറെ നേരിൽ കാണും. നിലവിലെ തർക്കങ്ങൾ കാരണം കേരള സർവ്വകലാശാലയിൽ ഭരണ പ്രതിസന്ധി ഉണ്ട് എന്നും വിദ്യാർത്ഥികൾ ബുദ്ധിമുട്ടുന്നു എന്നും ഗവർണരെ ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യം. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ താൽക്കാലിക വിസി നിയമനവുമായി ബന്ധപ്പെട്ട വിഷയവും ചർച്ചചെയ്യും. നിലവിൽ ഡൽഹിയിലുള്ള ഗവർണർ സംസ്ഥാനത്ത് മടങ്ങിയെത്തിയതിനുശേഷം ആകും കൂടിക്കാഴ്ച.