ദേശീയപാതയുടെ അശാസ്ത്രീയ നിർമ്മാണത്തെ തുടർന്ന് വെള്ളക്കെട്ടിലായ വടക്കൻ പറവൂർ കഞ്ചാവുപറമ്പിൽ ജില്ലാ ഭരണകൂടത്തിന്‍റെ ഇടപെടൽ. വീട്ടുമുറ്റത്തേക്ക് തുറന്നുവച്ച കാനയുടെ ഭാഗം അടയ്ക്കാൻ തീരുമാനിച്ചു. മനോരമ ന്യൂസ് വാർത്തയെ തുടർന്നാണ് നടപടി.
ദേശീയപാത അതോറിറ്റി സ്പോൺസർ ചെയ്ത വെള്ളക്കെട്ടിലൂടെ മരണാനന്തര ചടങ്ങിനായി മൃതദേഹം കൊണ്ടുപോകുന്ന ദൃശ്യങ്ങൾ സഹിതം ഇന്നലെയാണ് മനോരമ ന്യൂസ് വാർത്ത നൽകിയത്. വാർത്തയ്ക്ക് പിന്നാലെ ഡെപ്യൂട്ടി കലക്ടർ, പറവൂർ നഗരസഭ അധികൃതർ, ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ എന്നിവർ പ്രദേശത്ത് സന്ദർശനം നടത്തി. റോഡരികിലുള്ള വീട്ടുമുറ്റത്തേക്ക് കാന തുറന്നു വച്ചതാണ് പ്രദേശത്തെ വെള്ളക്കെട്ടിന് കാരണമെന്ന് നാട്ടുകാർ അറിയിച്ചു. തുടർന്നാണ് തുറന്നുവച്ച ഭാഗം അടയ്ക്കാൻ തീരുമാനമായത്.
ദേശീയപാതയുടെ അശാസ്ത്രീയ നിർമ്മാണത്തിനെതിരെ പലതവണ പ്രദേശവാസികൾ പരാതി അറിയിച്ചിരുന്നു. എന്നാൽ ആരും തിരിഞ്ഞു നോക്കിയില്ലെന്നാണ് ആരോപണം. കാനയുടെ തുറന്നിരിക്കുന്ന ഭാഗം അടയ്ക്കുന്നത് കൊണ്ടുമാത്രം കാര്യമില്ലെന്നും ശാശ്വത പരിഹാരം ഉടൻ വേണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.