ആധാർ കാർഡ് കൈവശമില്ലാത്തതിനാൽ ആറുവയസ്സുകാരന് ചികിത്സ നിഷേധിച്ചെന്ന് പരാതി. പാലക്കാട് ഒഴലപ്പതി കുടുംബാരോഗ്യ കേന്ദ്രത്തിനെതിരെയാണ് ഗുരുതരമായ ഈ ആരോപണം ഉയർന്നിരിക്കുന്നത്. ഒ.പി. ടിക്കറ്റ് നൽകിയില്ലെന്ന് കുട്ടിയുടെ കുടുംബം പരാതിപ്പെട്ടു. എന്നാൽ, ആരോപണം നിഷേധിച്ച് ആശുപത്രി അധികൃതർ രംഗത്തെത്തിയിട്ടുണ്ട്.
വടകരപ്പതി കിണർപള്ളം സ്വദേശി ജോസഫിന്റെ ആറുവയസ്സുകാരനായ മകനെയാണ് ഇന്നലെ പനിയും ചെവി വേദനയുമായി വടക്കഞ്ചേരി പഞ്ചായത്തിന് കീഴിലുള്ള ഒഴലപ്പതി കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് എത്തിച്ചത്. കുട്ടിക്ക് പെട്ടെന്ന് പനി കൂടിയ സമയത്ത് ആധാർ കാർഡ് കയ്യിൽ എടുത്തിരുന്നില്ലെന്ന് കുട്ടിയുടെ അമ്മ പറയുന്നു. "ആധാർ കാർഡ് ഇല്ലാണ്ട് കാണിക്കാൻ പറ്റില്ല എന്ന് പറഞ്ഞു. നമ്പർ കൊടുത്തു, അതും പറ്റില്ലെന്ന് പറഞ്ഞു. വീട്ടിൽ നിന്നും ആധാര്‍ എടുക്കാന്‍ പോകുമ്പോള്‍ വേദന കൂടിയതോടെയാണ് കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയിയതെന്ന് കുട്ടിയുടെ അമ്മ വ്യക്തമാക്കി.
ഇത്തരത്തിൽ ചികിത്സ നിഷേധിച്ചിട്ടില്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. ടിക്കറ്റും മറ്റ് വിവരങ്ങളും രേഖപ്പെടുത്തണമെങ്കിൽ ആധാർ കാർഡ് നിർബന്ധമാണെന്നും, ആധാർ കാർഡ് എപ്പോഴെങ്കിലും എത്തിക്കണമെന്നാണ് തങ്ങൾ പറഞ്ഞിട്ടുള്ളതെന്നുമാണ് ആശുപത്രിയുടെ വിശദീകരണം.
എന്നാൽ, ആധാർ കാർഡ് ഇല്ലാത്തതിന്റെ പേരിൽ ആറുവയസ്സുകാരന് ചികിത്സ നിഷേധിക്കുന്നത് അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്ന് കുടുംബം ആരോപിക്കുന്നു. കുടുംബം ഇതുമായി ബന്ധപ്പെട്ട് പൊലീസിലും ഡിഎംഒയ്ക്കും പരാതി നൽകിയിട്ടുണ്ട്.