• 5 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
  • മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്
  • ഞായറാഴ്ച വരെ മഴ തുടരും

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ ഇടുക്കി എറണാകുളം തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെലോ അലർട്ടും നൽകി. സംസ്ഥാനത്ത് വ്യാപകമായ മഴക്കും ഒറ്റപ്പെട്ട അതിശക്തമായ മഴക്കും സാധ്യതയുണ്ട്. മത്സ്യതൊഴിലാളികൾ കടലിൽ പോകരുത്. മലയോരമേഖലയിലും പുഴകൾക്ക് ഇരുവശവും തീരപ്രദേശത്തും അതീവ ജാഗ്രത പാലിക്കണം. ഞായറാഴ്ചവരെ കേരളത്തിൽ ശക്തമായ മഴ തുടരുമെന്നും കാലാവസ്ഥാ വകുപ്പറിയിച്ചു.

അതിനിടെ, കോഴിക്കോട് നഗരത്തിലും മലയോര മേഖലയിലും രാത്രിയില്‍ പെയ്ത ശക്തമായ മഴയ്ക്ക് പുലര്‍‌ച്ചെയോടെ നേരിയ ശമനം. കനത്തമഴയില്‍ കുറ്റ്യാടി ചുരം പത്താംവളവില്‍ മണ്ണിടിഞ്ഞു. റോഡിലേക്ക് മണ്ണിടിഞ്ഞുവീണതിനാല്‍ കുറ്റ്യാടി ചുരം വഴിയുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. വനത്തിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് കുറ്റ്യാടി തൊട്ടിൽപ്പാലം, പശുക്കടവ്, കടന്തറ പുഴകൾ കര കവിഞ്ഞൊഴുകി. മരുതോങ്കരയിൽ 49 പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. രാത്രി വീണ്ടും പരുക്കടവ് പൂഴിത്തോട് മേഖലയിലെ വനത്തിൽ ഉരുൾപൊട്ടലുണ്ടായി. വിലങ്ങാടും ജാതിയേരിയിലും പുഴ കരകവിഞ്ഞൊഴുകി നിരവധി വീടുകളിലും കടകളിലും വെള്ളം കയറി. നാദാപുരത്ത് പലയിടങ്ങളിലും മരം വീണ് നാശനഷ്ടം സംഭവിച്ചു. ജില്ലയിൽ ഇന്ന് സ്കൂളുകൾക്ക് കലക്ടർ അവധി പ്രഖ്യാപിച്ചു. കക്കയം ഡാമില്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു. ഡാമിലെ ജലനിരപ്പ് 755. 60 മീറ്ററിലെത്തി. ഡാം തുറക്കുന്നതിന് മുന്നോടിയായാണ് ബ്ലൂ അലര്‍ട്ട്. സമീപപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

കാസർകോട് ചെറുവത്തൂർ കുളങ്ങാട്ട് മലയുടെ ഒരു ഭാഗം ഇടിഞ്ഞു. കുന്നിൽ മുൻപ് വിള്ളൽ കണ്ടെത്തിയ ഭാഗമാണ് ഇടിഞ്ഞത്. താഴ്ഭാഗത്തുള്ള വീട്ടിലേക്ക് മണ്ണിടിഞ്ഞുവീണ് അടുക്കള തകർന്നു. ആർക്കും പരുക്കില്ല.   മേഖലയിലുള്ള നാല് കുടുംബങ്ങളെ അടിയന്തരമായി മാറ്റിപ്പാർപ്പിച്ചു. നെല്ലിക്കൽ അംബേദ്കർ ഉന്നതിയിലെ മുപ്പതോളം കുടുംബങ്ങളും അപകട ഭീഷണിയിലാണ്. മലയിൽ ഒരു മാസം മുമ്പ് കണ്ടെത്തിയ വിള്ളൽ വലുതായെന്നു നാട്ടുകാർ പറയുന്നു.

വയനാട്ടിലും മഴയെ തുടര്‍ന്ന് ജാഗ്രതാ നിര്‍ദേശം നിലവിലുണ്ട്. ചുരല്‍മല പുന്നപ്പുഴയില്‍ ജലനിരപ്പ് ഉയരാനുള്ള സാധ്യത മണക്കിലെടുത്ത് മുണ്ടക്കൈ–ചൂരല്‍മല പ്രദേശത്തേക്ക് പ്രവേശനവിലക്കേര്‍പ്പെടുത്തി. ഗോ സോണ്‍, നോ ഗോ സോണ്‍ ഭാഗങ്ങളിലേക്ക് പ്രവേശനമില്ല. തോട്ടം മേഖലയിലേക്കും പ്രവേശനം വിലക്കി. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, തൃശൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ENGLISH SUMMARY:

Kerala forecasts very heavy rain today, with an Orange Alert for Kozhikode, Wayanad, Kannur, and Kasaragod. Yellow alerts are issued for central districts. Landslides in Kozhikode have blocked roads, and rivers are overflowing. Fishermen are warned against venturing into the sea