ഭര്‍തൃവീട്ടുകാരുടെ പീഡനങ്ങളെ തുടര്‍ന്ന് ഷാര്‍ജയില്‍ മകളെ കൊന്ന് ജീവനൊടുക്കിയ കൊല്ലം സ്വദേശി വിപഞ്ചികയുടെ മരണത്തില്‍ നിര്‍ണായക ചോദ്യങ്ങള്‍ ഉയര്‍ത്തി ഹൈക്കോടതി. കേസില്‍ ഭര്‍ത്താവ് നിതീഷിനെ കക്ഷി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട കോടതി, കുഞ്ഞിന്‍റെ മൃതദേഹം നാട്ടിലെത്തിക്കണമന്ന് എങ്ങനെ ഉത്തരവിടാന്‍ കഴിയുമെന്നും ചോദിച്ചു. സംഭവത്തില്‍ ഭര്‍ത്താവിന്‍റെയും എംബസിയുടെയും നിലപാട് അറിയിക്കണമെന്നും നിര്‍ദേശിച്ചു.
വിപഞ്ചികയുടെ ഒന്നരവയസുകാരി മകളുടെ സംസ്കാരം ഇവിടെ നടത്തണമെന്ന് പറയുന്നതിന്‍റെ കാരണം കോടതി ആരാഞ്ഞതോടെ മതപരമായ ചടങ്ങുകള്‍ നടത്തേണ്ടതുണ്ടെന്ന് കുടുംബം അറിയിക്കുകയായിരുന്നു. എന്നാല്‍ കുഞ്ഞിന്‍റെ കാര്യത്തില്‍ നിയമപരമായ അവകാശം ഭര്‍ത്താവിനല്ലേ എന്ന ചോദ്യവും കോടതി ഉയര്‍ത്തി. ഇരുവരുടെയും മരണം കൊലപാതകമാണെന്ന് സംശയമുണ്ടെന്നും അന്വേഷണം വേണമെന്നുമായിരുന്നു വിപഞ്ചികയുടെ സഹോദരിയുടെ ആവശ്യം.
ഭര്‍ത്താവിന്‍റെയും ഭര്‍തൃവീട്ടുകാരുടെയും പീഡനം സഹിക്കവയ്യാതെ ജീവനൊടുക്കുന്നുവെന്നും തന്‍റെ മരണത്തില്‍ ഭര്‍ത്താവ് നിതീഷ്, ഭര്‍തൃ സഹോദരി, ഭര്‍ത്താവിന്‍റെ പിതാവ് എന്നിവരാണ് ഉത്തരവാദികളെന്നും ആത്മഹത്യാക്കുറിപ്പില്‍ വിപഞ്ചിക കുറിച്ചിരുന്നു. സ്ത്രീധനം പോരെന്നും, വിവാഹം ആഡംബരമായി നടത്തിയില്ലെന്നും പറഞ്ഞ് ഉപദ്രവിച്ചിരുന്നുവെന്നും വിവാഹമോചനം ആവശ്യപ്പെട്ട് ബുദ്ധിമുട്ടിച്ചുവെന്നും ഭക്ഷണവും വെള്ളവും പോലും നല്‍കിയില്ലെന്നും മരിക്കുന്നതിന് മുന്‍പ് തയ്യാറാക്കിയ ഫെയ്സ്ബുക്ക് പോസ്റ്റില്‍ വിപഞ്ചിക വിശദീകരിച്ചിരുന്നു. ഭര്‍തൃപിതാവ് തന്നോട് അപമര്യാദയായി പെരുമാറിയിട്ടുണ്ടെന്നും ഇത് ചൂണ്ടിക്കാട്ടിയപ്പോള്‍ അദ്ദേഹത്തിന് വേണ്ടി കൂടിയാണ് വിപഞ്ചികയെ വിവാഹം കഴിച്ചതെന്നും നിതീഷ് പറഞ്ഞതായും കുറിപ്പില്‍ എഴുതിയിരുന്നു.